ആറുപേര്‍ക്ക് വധശിക്ഷ വിധിച്ച ദുരഭിമാനക്കൊല ഞെട്ടിക്കുന്നത്; ദലിത് യുവാവിനെ വെട്ടിക്കൊന്നത് ഭാര്യയുടെ മുന്നിലിട്ട്; കൗസല്യ ജാതിവിരുദ്ധ പോരാട്ടത്തില്‍

ഉടുമല്‍പേട്ടയില്‍ ദലിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ക്കു വധശിക്ഷ നല്‍കാന്‍ തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതിയുടെ ഉത്തരവ്. ദുരഭിമാനക്കൊലയാണ് അരങ്ങേറിയത്. ഭാര്യാപിതാവും കൊലയാളി സംഘത്തിലെ പ്രധാനി ജഗദീഷുമടക്കമുള്ളവര്‍ക്കാണ് വധശിക്ഷ. ഒരാള്‍ക്ക് ഇരട്ടജീവപര്യന്തവും മറ്റൊരാള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. യുവതിയുടെ അമ്മയും അമ്മാവനും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെ വിട്ടു. രാവിലെ കേസ് പരിഗണിച്ച കോടതി 11 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

തേവര്‍ സമുദായക്കാരിയായ കൗസല്യയെ പ്രണയിച്ച് വിവാഹം കഴിച്ച ദലിത് യുവാവിനെയാണ് മാര്‍ച്ച് 13ന് ഉദുമല്‍പേട്ട നഗരമധ്യത്തില്‍വെച്ച് ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കുടംബത്തിന് മാനഹാനി വരുത്തിയതിനായിരുന്നു കൊലപാതകം. തേവര്‍ സമുദായാംഗമായ കൗസല്യ വിവാഹം കഴിച്ചത് ദളിത് യുവാവായ ശങ്കറിനെയാണ്. അമ്മാവനായ പാണ്ഡി ദുരൈയുമൊത്ത് ശങ്കറിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ എതിര്‍ത്താല്‍ കൗസല്യയെയും കൊന്നു കളഞ്ഞേയ്ക്കാനാണ് ചിന്നസ്വാമി ആവശ്യപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദലിതായ ശങ്കറിനെ വിവാഹം കഴിക്കുന്നതിനേക്കാള്‍ ഭേദം തന്നെ കൊല്ലുന്നതാണെന്ന് അമ്മ പല തവണ പറഞ്ഞിരുന്നെന്നും തന്റെ മുന്നില്‍ വച്ചാണ് ശങ്കറിനെ പട്ടാപ്പകല്‍ അച്ഛന്റെ ഗുണ്ടകള്‍ കൊന്നതെന്നും കൗസല്യ നല്‍കിയ മൊഴിയാണ് കേസില്‍ ഏറ്റവും നിര്‍ണായകം. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് മറ്റൊരു പ്രധാന തെളിവ്.

പൊള്ളാച്ചിയില്‍ ഒരുസ്വകാര്യ എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുമ്പോഴാണ് ശങ്കറും കൗസല്യയും പരിചയപ്പടുന്നത്. ശങ്കറിന്റൈ വീട്ടുകാര്‍ക്ക് വിവാഹത്തോട് എതിര്‍പ്പില്ലായിരുന്നുവെങ്കിലും കൗസല്യയുടെ മാതാപിതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പായിരുന്നു. തേവര്‍ സമുദായാംഗമായ കൗസല്യ, ദലിത് (അരുന്ധതിയാര്‍) സമുദായത്തില്‍പ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു രഹസ്യമായി വിവാഹം ചെയ്തതാണു കൊലപാതകത്തില്‍ കലാശിച്ചത്. മാര്‍ച്ച് 13 നാണ് 22 കാരനായ ശങ്കര്‍ 19സ കാരിയായ കൗസല്യയെ വിവാഹം ചെയ്തത്.

കൗസല്യയുടെ മാതാപിതാക്കള്‍ വിവാഹം നടന്നത് അറിഞ്ഞ ഉടന്‍തന്നെ കൗസല്യയെ, വിദ്യാഭ്യാസം അവസാനിപ്പിച്ചു വീട്ടില്‍ തിരികെയെത്തിച്ചു. എന്നാല്‍ ഒരു മാസത്തിനു ശേഷം ശങ്കറിന്റെ വീട്ടിലേക്കു കൗസല്യ എത്തി. ഇതേത്തുടര്‍ന്നു ശങ്കറിനോടൊപ്പം താമസിക്കാന്‍ ശങ്കറിന്റെ വീട്ടുകാര്‍ കൗസല്യയെ അനുവദിച്ചു. ഇതു കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങളെയും പ്രകോപിതരാക്കി. തുടര്‍ന്ന് ഉണ്ടായ ദുരഭിമാന പ്രശ്‌നമാണ് അതിദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചത്.

കുമരലിംഗത്തില്‍ നിന്നു പതിനൊന്നു മണിയോടെ ഉടുമല്‍പേട്ട നഗരത്തിലെത്തിയ ശങ്കറും കൗസല്യയും ബേക്കറിയില്‍ കയറി ലഘുഭക്ഷണം കഴിച്ചു. വീട്ടുസാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനായി ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തുള്ള പഴനി – പൊള്ളാച്ചി പാത കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു വെട്ടേറ്റത്.

ഇവരെ പിന്‍തുടര്‍ന്ന് എത്തിയ രണ്ടംഗ സംഘത്തിനു പിന്നാലെ ബൈക്കിലെത്തിയ മൂന്നാമന്‍ ബൈക്കില്‍ നിന്നു വടിവാള്‍ എടുത്തു നല്‍കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മൂവരും ചേര്‍ന്നു ശങ്കറിനെ പിന്നില്‍ നിന്നു വെട്ടി. കൗസല്യയെയും വെട്ടി. ശങ്കര്‍ റോഡരികില്‍ വീണു പിടഞ്ഞു മരിച്ചു. കൗസല്യ നടുറോഡിലെ കാറിന്റെ സൈഡിലേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയവും സംഘം ആക്രമണം തുടര്‍ന്നു. അക്രമികള്‍ മടങ്ങിയ ശേഷമാണു കണ്ടുനിന്നവര്‍ ദമ്പതികളെ രക്ഷിക്കാന്‍ ശ്രമിച്ചത്.

കൗസല്യയുടെ കുടുംബം നടത്തിയ ഗൂഢാലോചന കേട്ട ഉദുമല്‍പേട്ടൈയിലെ ഓട്ടോ ഡ്രൈവറുടെ മൊഴിയും പൊലീസിന് സഹായകമായി. എന്തുശിക്ഷയാണ് നിങ്ങള്‍ അര്‍ഹിക്കുന്നതെന്ന് ജഡ്ജി ചോദിച്ചപ്പോള്‍, തനിക്ക് കോളേജില്‍ പഠിക്കുന്ന മകനുണ്ടെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമായിരുന്നു ചിന്നസ്വാമിയുടെ അപേക്ഷ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പട്ടു.

അച്ഛനാണ് കൊലയുടെ സൂത്രധാരനെങ്കിലും വധശിക്ഷ എന്തുകൊണ്ട് വിധിക്കണമെന്ന് ജഡ്ജി ചോദിച്ചു. പട്ടാപ്പകല്‍ നടുറോഡില്‍ ഈ ക്രൂരമായ കൊല നടത്താന്‍ ആസൂത്രണം ചെയ്യുകയും അതിന് ക്വട്ടേഷന്‍ നല്‍കുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. 19 കാരിയായ മകളുടെ അച്ഛനാണ് ചിന്നസാമിയെന്നും, സംഭവിച്ച കാര്യങ്ങളില്‍ അയാള്‍ കുപിതനായയിരുന്നിരിക്കാമെന്നും ജഡ്ജി പറഞ്ഞു. ഈ കൊല നടത്താന്‍ ആളുകളെ കിട്ടിയിരുന്നില്ലെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. കോപിഷ്ഠനാകാന്‍ പെണ്‍കുട്ടിയുടെ അച്ഛന് കാരണമുണ്ടായിരുന്നു. തുടര്‍ന്ന് വിധി പുറപ്പെടുവിച്ചപ്പോള്‍ ചിന്നസാമിക്കും മറ്റ് അഞ്ച് പ്രതികള്‍ക്കും വധശിക്ഷ തന്നെയാണ് കോടതി വിധിച്ചത്. കൊലപാതകത്തിനിരയായ ശങ്കറിന്റെ ഭാര്യയ്ക്കും കുടുംബത്തിനും 11.95 ല്ക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

ശങ്കറിന്റെ കൊലപാതകത്തിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങാന്‍ വിസമ്മതിച്ച കൗസല്യ ഏറെക്കാലം എഐഡിഎഡബ്യുഎ ഉള്‍പ്പടെയുള്ള വനിതാസംഘടനകളുടെ സംരക്ഷണയിലായിരുന്നു. ഇന്ന് തമിഴ്നാട്ടിലെ ജാതിക്കെതിരായ പോരാട്ടങ്ങളുടെ സമരമുഖത്തിലാണ് കൗസല്യ.

Top