കൊച്ചി: ദാരിദ്ര്യവും കനല്‍ നിറഞ്ഞ ജീവിതവഴികളും താണ്ടിയതായിരുന്നു ഉമ്പായിയുടെ സംഗീതയാത്ര. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഗസലുകളില്‍ ആ തീവ്രാനുഭവങ്ങളുടെ ചൂടും ചൂരുമുണ്ടായിരുന്നു. ചുമട്ടുജോലി മുതല്‍ കള്ളക്കടത്ത് വരെയുള്ള ജീവിതാനുഭവങ്ങളുടെ തീവ്രതയിലൂടെ കടന്നപ്പോള്‍ സംഗീതവും ഗുണ്ടായിസവും ഒരുപോലെ വഴങ്ങുന്ന ഏതോ ചിരപരിചിത സിനിമാനായകന്റെ പരിവേഷവും ഉമ്പായിക്ക് സ്വന്തമായി. അങ്ങനെ പറഞ്ഞത് ഉമ്പായി തന്നെയായിരുന്നു. തന്റെ ആത്മകഥയായ രാഗം ഭൈരവി എന്ന പുസ്തകത്തിലൂടെ.
നമ്മള്‍ ഇന്ന് കാണുന്ന ഗസല്‍ ചക്രവര്‍ത്തി ഉമ്പായിക്കപ്പുറം മറ്റൊരു ഉമ്പായി ജീവിച്ചിരുന്നു. മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായി കള്ളക്കടത്ത് തൊഴിലായി കൊണ്ടു നടന്ന ഉമ്പായി. 16 വര്‍ഷത്തോളം തന്റെ ജീവിതം താന്‍ പാഴാക്കി കഴിഞ്ഞു എന്നാണ് ജീവിതത്തെക്കുറിച്ച് ഉമ്പായി പറഞ്ഞത്. ആ കരിപുരണ്ട ജീവിതത്തില്‍ നിന്നും ഗസലിന്റെ വഴിയിലേക്ക് ഉമ്പായിയെ തിരിച്ചുവിട്ടത് സ്വന്തം മക്കള്‍ തന്നെയായിരുന്നു.
മദ്യലഹരിയില്‍ ആറാടി നടന്ന സമയത്ത് മൂത്തമകള്‍ ശൈലജ ചോദിച്ച ഒരു ചോദ്യമാണ് പിന്നിലോട്ട് ചിന്തിക്കാന്‍ ഉമ്പായിയെ പ്രേരിപ്പിച്ചത്. ബാപ്പ ഇന്ന് സ്‌കൂളിന് മുന്നിലൂടെ ആടി ആടി പോയോ എന്നതായിരുന്നു ആ ചോദ്യം. അതു ചോദിച്ച് കൂട്ടുകാരികള്‍ തന്നെ കളിയാക്കിയെന്ന് പറഞ്ഞ് തന്റെ മകള്‍ കരഞ്ഞപ്പോള്‍, ജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കാതിരിക്കാന്‍ ഉമ്പായിക്കുള്ളിലെ സ്‌നേഹനിധിയായ അച്ഛന് കഴിഞ്ഞിരുന്നില്ല. മക്കള്‍ തന്നെയാണ് തന്റെ ജീവിത്തിലെ വഴിവിളക്കുകളെന്ന് ആ മഹാഗായകന്‍ പലവേദികളിലും പറഞ്ഞിരുന്നു.