ഒറ്റ പ്രസംഗത്തോടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജനങ്ങള്‍ തെരഞ്ഞെടുത്ത ഓപ്ര വിന്‍ഫ്രി; ആരെയും ഞെട്ടിക്കുന്ന ജീവിത പോരാട്ടം

ന്യൂയോര്‍ക്ക്: അമേരിക്കയിലെങ്ങും ഇപ്പോള്‍ ഓപ്ര വിന്‍ഫ്രിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്ദാന ചടങ്ങില്‍ അവര്‍ നടത്തിയ അത്യുജ്ജ്വല പ്രസംഗം അമേരിക്കന്‍ ജനതയുടെ മനം കവര്‍ന്നിരിക്കുകയാണ്. അടുത്ത തവണ നിങ്ങള്‍ ഞങ്ങളുടെ പ്രസിഡന്റാകൂ എന്ന ഹാഷ്ടാഗുമായാണ് അമേരിക്കന്‍ ജനത ആ പ്രസംഗത്തെ ആഗോഷിച്ചത്. ഓപ്ര 2020 എന്നൊരു ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും പ്രശസ്തയായ അവതാരക എന്നാണ് ഓപ്ര വിന്‍ഫ്രി അറിയപ്പെടുന്നത്. മിസ്സിസ്സിപ്പിയിലെ ഒരു ദരിദ്രകുടുംബത്തില്‍ വെര്‍ണിറ്റാ ലീ എന്ന അവിവാഹിതയായ അമ്മയുടെ മകളായി ജനിച്ച ഓപ്ര കടന്ന വഴികള്‍ ആരേയും പ്രചോദിപ്പിക്കുന്ന വിധത്തിലുള്ളതാണ്. ഓരോ പെണ്‍കുട്ടിക്കും മാതൃകയും ആവേശകരവുമാകുന്നതാണ് ഓപ്ര എന്ന പ്രയത്നത്താല്‍ സഹസ്രകോടീശ്വരിയായ ലോകത്തെ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ വനിത.

ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ലൈംഗിക പീഡന, ചൂഷണ അനുഭവങ്ങള്‍ തുറന്നുപറയുന്ന മീ ടു കാംപെയിനെയും തുറന്നുപറച്ചിലുകള്‍ നടത്തിയ സ്ത്രീകളേയും പ്രശംസിച്ചുകൊണ്ടുള്ള ഓപ്ര വിന്‍ഫ്രിയുടെ പ്രസംഗം സദസിനേയും കണ്ട് കൊണ്ടിരുന്ന കോടിക്കണക്കിന് ആളുകളേയും ആവേശഭരിതരാക്കിയിരുന്നു.

ചെറുപ്പകാലത്തുകൊടിയ ദാരിദ്ര്യം മൂലം ഉരുളക്കിഴങ്ങ് ചാക്കുകള്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ ധരിച്ചപ്പോള്‍ കുട്ടികള്‍ കളിയാക്കിയിരുന്ന സംഭവം ഓപ്ര ഇന്നും ഓര്‍ക്കാറുണ്ട്. ആറാം വയസ്സില്‍ അമ്മയോടൊത്ത് മില്‍വൗകീയില്‍ താമസം തുടങ്ങി ശേഷം 1962-ല്‍ പിതാവ് വെര്‍നോണ്‍ വിന്‍ഫ്രിയോടൊപ്പം നാഷ്വില്ലിലേക്ക് മാറി.

ലൈംഗിക ചുഷണങ്ങള്‍ക്കെതിരെ വലിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഓപ്ര ഒമ്പതാം വയസ്സു മുതല്‍ക്ക് ബന്ധുക്കളില്‍ നിന്നും മറ്റും തനിക്ക് ലൈംഗിക പീഡനം നേരിട്ടതായി തന്റെ ടോക്ക്-ഷോയിലൂടെ വെളിപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ്.

ദുരിത പര്‍വമായ ആദ്യകാല ജീവിതത്തില്‍ 13-ആം വയസ്സില്‍ വീടുവിട്ട് ഒളിച്ചോടിയ ഓപ്ര 14-ആം വയസ്സില്‍ ഗര്‍ഭം ധരിക്കുകയും ഒരു ആണ്‍കുട്ടിയെ പ്രസവിക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ ആ കുട്ടി മരിച്ചുപോവുകയാണുണ്ടായത്.

ഓപ്രയുടെ പഠനത്തെ പ്രോല്‍സാഹിപ്പിച്ചിരുന്ന വെര്‍നോണിന്റെ പിന്തുണയോടെ ഹൈസ്‌കൂള്‍ കഴിഞ്ഞ് ഓണേഴ്സിനു ചേര്‍ന്നു. പിന്നീട് സ്‌കോളര്‍ഷിപ്പോടെ ടെന്നസി യൂണിവേഴ്സിറ്റിയില്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയായി. 17-ആം വയസ്സില്‍ ‘മിസ് ബ്ലാക്ക് ടെന്നസി’ സൗന്ദര്യമല്‍സരത്തില്‍ ഒന്നാമതായി. പഠനത്തോടൊപ്പം ഒരു പ്രാദേശിക റേഡിയോസ്റ്റേഷനില്‍ വാര്‍ത്ത വായിക്കുകയും ചെയ്തിരുന്നു

പിന്നീടാണ് ഓപ്രയുടെ ജീവിതം മാറാന്‍ തുടങ്ങിയത്. എഴുപതുകളുടെ തുടക്കത്തില്‍ വാല്‍ക്ക് ടിവിയില്‍ -യില്‍ വാര്‍ത്തകള്‍ വായിച്ചുകൊണ്ട് തുടങ്ങിയ ഓപ്ര ആ സ്ഥാപനത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും കറുത്തവര്‍ഗ്ഗക്കാരിയായ ആദ്യത്തെ വാര്‍ത്താവതാരകയും ആയിരുന്നു. 1976-ല്‍ ബാള്‍ട്ടിമോറിലെ ഡബ്ലു ജെ സി ടിവിയിലേക്ക് മാറി. 1978-ല്‍ ‘പീപ്പിള്‍ ആര്‍ ടോക്കിങ്ങ്’ എന്ന പ്രാദേശിക ടോക്ക്-ഷോയുടെ സഹ-അവതാരകയായി. 1983-ല്‍ ഡബ്ലു എല്‍ സി ടിവി-യുടെ, അധികം ശ്രദ്ധിക്കപ്പെടാത്ത, ‘എ.എം. ഷിക്കാഗോ’ എന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടോക്ക്-ഷോ ഓപ്ര ഏറ്റെടുത്തു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ അത് ഷിക്കാഗോയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടോക്ക്-ഷോ ആയിത്തീര്‍ന്നു. 1986 സെപ്റ്റംബര്‍ 8 മുതല്‍ ഈ പരിപാടി ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ‘ദി ഓപ്ര വിന്‍ഫ്രി ഷോ’ എന്ന പേരില്‍ ദേശീയതലത്തില്‍ സപ്രേഷണം ചെയ്യപ്പെട്ടു തുടങ്ങി.

ഇന്നത്തെ അവതാരികമാരുടെ കള്ളക്കണ്ണീരുകള്‍ കാണുന്ന നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിലപ്പുറമായിരുന്നു അവതാരിക എന്ന നിലയില്‍ ഓപ്രയുടെ മികവ്. തന്റെ അതിഥി സങ്കടങ്ങള്‍ തന്റെ സങ്കടമായി കേള്‍ക്കുന്ന കേട്ടിരുന്ന ഓപ്രയുടെ മുന്നില്‍, അവര്‍ പലതും തുറന്നുപറഞ്ഞു. ഈ പരിപാടി ടോക്ക്-ഷോ എന്നതിലുപരി ഒരു ഗ്രൂപ് തെറാപ്പി സെഷന്‍ ആയി മാറുന്നുവെന്ന് ടൈംസ് മാഗസിന്‍ അപ്പോള്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള തുറന്നുപറച്ചിലിനെ വാള്‍ സ്റ്റ്രീറ്റ് ജേണല്‍ ‘ഓപ്രാഫിക്കേഷന്‍’ എന്ന് വിളിച്ചു. 1993-ല്‍ മൈക്കല്‍ ജാക്സണുമായി ഓപ്ര വിന്‍ഫ്രി അഭിമുഖം നടത്തിയപ്പോള്‍ അത് 90 ദശലക്ഷം പ്രേക്ഷകരോടെ ചരിത്രത്തില്‍ എറ്റവുമധികം പേര്‍ കണ്ട അഭിമുഖമായി മാറി.

ആദ്യകാലങ്ങളില്‍ വ്യക്തിപരമായിരുന്ന പരിപാടി 1990-കളുടെ മധ്യത്തോടെ കൂടുതല്‍ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളിലേക്ക് തിരിയുകയുണ്ടായി. ‘ഓപ്ര വിന്‍ഫ്രി ഷോ’ ലോകത്ത് ഏറ്റവും അധികം ആളുകള്‍ വീക്ഷിച്ച ടെലിവിഷന്‍ പരിപാടിയാണ്.

തുടര്‍ന്ന് അഭിനയവും സാമൂഹ്യ സേവനവുമായി ഇറങ്ങിയ ഓപ്ര വിന്‍ഫ്രിയെ ഇപ്പോള്‍ ഭാവിയിലെ അമേരിക്കന്‍ പ്രസിഡന്റായാണ് ആളുകള്‍ കാണുന്നത്. ഹോളിവുഡില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങിലെ മികച്ച പ്രസംഗമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തയായ എതിരാളിയായി ഓപ്ര വിന്‍ഫ്രി രംഗത്ത് വരുമെന്ന വിലയിരുത്തലിലേയ്ക്ക് നയിച്ചിരിക്കുന്നത്. ശതകോടീശ്വരനായ ബിസിനസുകാരനും ടെലിവിഷന്‍ താരവുമായിരുന്ന ട്രംപിനെ നേരിടാന്‍ എന്തുകൊണ്ടും യോഗ്യയാണ് ഓപ്ര വിന്‍ഫ്രി എന്നുള്ള വിലയിരുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ഇന്ന് OWN (Oprah Winfrey Network) എന്ന ചാനലിന്റെ സി.ഇ.ഓയാണ് ഓപ്ര.

പെണ്‍കുട്ടികളേ, നിങ്ങള്‍ക്കായി ഒരു പുതിയ ദിവസം ചക്രവാളത്തില്‍ കാത്തിരിപ്പുണ്ട്’, ഹോളിവുഡിലെ ലൈംഗിക ചൂഷണത്തിനെതിരെ ‘ടൈംസ് ഇസ് അപ്’ പ്രതിഷേധക്കൂട്ടായ്മയുടെ പക്ഷം പിടിച്ചായിരുന്നു വിന്‍ഫ്രിയുടെ പ്രസംഗം. അതേ സമയം 2020 നവംബറിലെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെപ്പറ്റി അവര്‍ ഗൗരവത്തോടെ ആലോചിക്കുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓപ്രക്കായി #Oprahforpresident, #Oprah2020 എന്നീ ഹാഷ്ടാഗുകളില്‍ 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഓപ്ര മത്സരിക്കണം എന്നാണ് ആവശ്യവുമായി ക്യാമ്പെയിന്‍ നടക്കുകയാണ്.ഡമോക്രാറ്റിക് പാര്‍ട്ടിയോടാണ് വിന്‍ഫ്രിയുടെ രാഷ്ട്രീയച്ചായ്വ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായാല്‍ മറുപക്ഷത്തു റിപ്പബ്ലിക്കന്‍ എതിരാളി ട്രംപ് തന്നെയായിരിക്കുമെന്നും തീര്‍ച്ചയാണ്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി ചരിത്രത്തില്‍ ഇടമുറപ്പിച്ച വിന്‍ഫ്രി, യുഎസിന്റെ ആദ്യ പ്രസിഡന്റായും ചരിത്രം സൃഷ്ടിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.

Top