വിനു ചക്രവര്‍ത്തിയോടൊപ്പം മറഞ്ഞ് പോയത് സില്‍ക്ക് സ്മിതയുടെ കഥയും; ഡേര്‍ട്ടി പിക്ച്ചറിനെതിരെ സത്യം പറയുന്ന സിനിമ എന്ന വാഗ്ദാനവും ഓര്‍മ്മയായി

കഴിഞ്ഞ ദിവസം അന്തരിച്ച നടനും സംവിധായകനുമായിരുന്ന വിനു ചക്രവര്‍ത്തി പറയാതെ പോയത് ഒട്ടേറെ രഹസ്യങ്ങളും കൂടിയാണ്. പ്രശസ്ത ഗ്ലാമര്‍ താരം സില്‍ക്ക് സ്മിതയെ സിനിമയ്ക്ക് പരിചയപ്പെടുത്തിയത് വിനു ചക്രവര്‍ത്തിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്കടുത്തുള്ള എല്ലൂര്‍ ഗ്രാമത്തിലെ ഒരു പൊടിമില്ലില്‍ നിന്നുമാണ് വിജയലക്ഷ്മിയെന്ന കറുത്തു മെലിഞ്ഞ സ്മിതയെ വിനു ചക്രവര്‍ത്തി കണ്ടെത്തുന്നത്.

1980ല്‍ വിനു ചക്രവര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘വണ്ടിച്ചക്രം’ എന്ന തമിഴ് സിനിമയില്‍ ഒരു ബാര്‍ ഡാന്‍സറുടെ വേഷത്തിലാണ് സ്മിതയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് സിലുക്ക് സിലുക്ക് സിലുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്മിത സില്‍ക്ക് സ്മിതയായി. ആദ്യ സിനിമകളിലെ വിജയത്തിന് ശേഷം സ്മിതയ്ക്ക് പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കൈനിറയെ പടങ്ങള്‍, തെന്നിന്ത്യയില്‍ 450ഓളം ചിത്രങ്ങളില്‍ സില്‍ക്ക് അഭിനയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ ചിത്രത്തിനുശേഷം വിനു ചക്രവര്‍ത്തിയുടെ കാമുകിയായി മാറിയിരുന്നു സില്‍ക്ക് സ്മിത. വിനുചക്രവര്‍ത്തി കണ്ടെത്തുമ്പോള്‍ അത്രയൊന്നും ഗ്ലാമറില്ലാത്ത സാധാരണ പെണ്‍കുട്ടിയായിരുന്നു സ്മിത. അവര്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുകയും ഡാന്‍സ് പഠിപ്പിക്കുകയും ചെയ്തത് വിനു ചക്രവര്‍ത്തി മുന്‍കൈ എടുത്തായിരുന്നു. എന്നാല്‍ സിനിമാരംഗത്ത് സ്മിതയുടെ ഗ്രാഫ് ഉയര്‍ന്നതോടെ വിനു ചക്രവര്‍ത്തിയുമായുള്ള ബന്ധം താരം ഉപേക്ഷിച്ചു.

silk2

സില്‍ക്കിന്റെ ജീവിതകഥയെന്ന രീതിയില്‍ 2011 ല്‍ പ്രദര്‍ശനത്തിനെത്തിയ വിദ്യ ബാലന്‍ നായികയായ ‘ഡേര്‍ട്ടി പിക്ചറിനെ’ സംബന്ധിച്ച് വിനു ചക്രവര്‍ത്തി ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്മിതയുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമേ സിനിമയില്‍ കാണിക്കുന്നുള്ളൂ എന്നാണ് വിനു ചക്രവര്‍ത്തി വെളിപ്പെടുത്തിയത്. സിനിമയില്‍ സില്‍ക്ക് സ്മിതയുടെ കഥ അപൂര്‍ണ്ണമാണെന്നും, അവരുടെ യഥാര്‍ത്ഥ ജീവചരിത്രം പറഞ്ഞു പുതിയ സിനിമ ചെയ്യാന്‍ പോകുന്നതായും വിനു ചക്രവര്‍ത്തി അറിയിച്ചിരുന്നു.

നായികയായെത്തിയ വിദ്യ ബാലന് സില്‍ക്കുമായി യാതൊരു സാമ്യവുമില്ലെന്നും, ഡേര്‍ട്ടി പിക്ചറല്ല, താന്‍ എടുക്കുന്ന സിനിമയായിരിക്കും സ്മിതയുടെ യഥാര്‍ത്ഥ ജീവിതകഥ എന്നുമാണ് വിനു ചക്രവര്‍ത്തി അവകാശപ്പെട്ടത്. ഡേര്‍ട്ടി പിക്ചറിലൂടെ പറയാതെ പോയ പല സംഭവങ്ങളും ചിത്രത്തിലുണ്ടാകുമെന്നും സൂചനകള്‍ നല്‍കിയിരുന്നു. 18 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഡേര്‍ട്ടി പിക്ചര്‍ വാരിക്കൂട്ടിയത് 114 കോടി രൂപയാണ്. ഇതോടെ സ്മിതയായെത്തിയ വിദ്യാ ബാലന്റെ മാര്‍ക്കറ്റ് വാല്യൂ കൂടിയിരുന്നു.

ജീവിതത്തില്‍ ഇനിയും എന്തൊക്കെയോ പറയാന്‍ ബാക്കിവച്ചാണ് വിനു ചക്രവര്‍ത്തി (72) വിട പറഞ്ഞത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. തമിഴകത്തെ പഴയകാല നടന്മാരില്‍ പ്രമുഖനായ അദ്ദേഹം പലഭാഷകളിലായി ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.

ശബ്ദമായിരുന്നു അദ്ദേഹത്തെ മറ്റുനടന്മാരില്‍നിന്നും വ്യത്യസ്തമാക്കിയ ഒരു പ്രധാനഘടകം. ലേലം, തെങ്കാശിപ്പട്ടണം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, രുദ്രാക്ഷം, കമ്പോളം, മേലേപ്പറമ്പില്‍ ആണ്‍വീട്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച മലയാള ചിത്രങ്ങള്‍.

Top