നാല്‍പ്പത്തിഏഴ് വര്‍ഷം ഒന്നിച്ച് ജീവിതം; ബന്ധം പിരിക്കാന്‍ മക്കള്‍; അകന്ന് കഴിയാനാകാതെ വൃദ്ധ ദമ്പതിമാര്‍ ഒളിച്ചോടി

ജീവിതത്തിലെ സുഖ-ദുഃഖങ്ങള്‍ക്ക് ഒരു പങ്കാളിയെ കിട്ടുന്നു എന്നതാണല്ലോ വിവാഹത്തിന്റെ അടിസ്ഥാനം. രണ്ട് ജീവിതങ്ങള്‍ ഒന്നാകാന്‍ ശ്രമിക്കുന്ന ഇടം. വിവാഹ ശേഷം പിരിയുന്നവരും ഒരിക്കലും പിരിയാനാകാത്തവരും ഉണ്ട്. കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും നാളുകളാണെങ്കില്‍പ്പോലും നല്ലപാതി തനിക്കു നിഴലായി കൈത്താങ്ങായി കൂടെയുണ്ടെങ്കില്‍ പിന്നൊന്നിനും തോല്‍പ്പിക്കാനാവില്ലെന്നു കരുതുന്നവരുണ്ട്. ഇന്നു സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു കഥ പ്രായമായപ്പോള്‍ മക്കള്‍ പിരിച്ച മാതാപിതാക്കളുടേതാണ്. പക്ഷേ അങ്ങനെയങ്ങ് രണ്ടിടത്തായി ജീവിതം തീര്‍ക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു, ഒടുവില്‍ മക്കളുടെ കണ്‍വെട്ടിച്ച് ഇരുവരും ഒളിച്ചോടി ഇന്ന് ഒന്നിച്ചു ജീവിക്കുന്നു.

പ്രശസ്ത ഫൊട്ടോഗ്രഫറായ ജിഎംബി ആകാശ് തന്റെ ഫേസ്ബുക് പേജില്‍ പങ്കുവച്ച ഷംസുദ്ദീന്‍ മിയയുടെയും പത്‌നി രേഖാ ബീഗത്തിന്റെയും കഥയാണ് മനസലിവുള്ളരുടെ കണ്ണു നനയിക്കുന്നത്. ഇന്ന് 77 വയസുണ്ട് ഷംസുദ്ദീന്, ഭാര്യ രേഖാ ബീഗത്തിന് 62ഉം. ഈ പ്രായത്തില്‍ ഒളിച്ചോടി ജീവിതം നയിക്കാന്‍ ഒരു കാരണമുണ്ട്. അതു ഷംസുദ്ദീന്‍ തന്നെ പറയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

” കഴിഞ്ഞ വര്‍ഷമാണ് ഞങ്ങള്‍ ഒന്നിച്ച് അവിടം വിട്ട് ഓടിപ്പോന്നത്. ഞങ്ങള്‍ക്ക് അതിനു കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എനിക്കറിയാമായിരുന്നു ഞങ്ങളുടെ മക്കള്‍ ഞങ്ങളോട് ഇനി മിണ്ടില്ലെന്ന്. പക്ഷേ ഞാനും ഭാര്യയും 47 വര്‍ഷം ഒന്നിച്ചു ജീവിച്ചതാണ്. എല്ലാദിവസവും സൂര്യോദയത്തിനു ശേഷം അവള്‍ എന്നെ വിളിച്ചുണര്‍ത്തി ഞങ്ങള്‍ ഒന്നിച്ചു പ്രാര്‍ഥിക്കും. 47 വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും ഞങ്ങള്‍ പിരിഞ്ഞു നിന്നിട്ടില്ല. എല്ലാ ദിവസവും എന്റെ ഭാര്യയുടെ മുഖം കണ്ടുകൊണ്ടാണ് ആരംഭിക്കുന്നത്. ആറു മക്കളുമായി ഞങ്ങള്‍ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. മുമ്പു പലപ്പോഴും ഒരുനേരത്തെ ഭക്ഷണം മാത്രമേ എനിക്കു തരപ്പെടുത്താനായിരുന്നുള്ളു, മക്കളെ ഊട്ടിയതിനു ശേഷം ദിവസവും മുഴുവന്‍ ഞാനും ഭാര്യയും പട്ടിണി കിടക്കും. അവള്‍ ഒരിക്കലും പരാതിപ്പെട്ടിരുന്നില്ല. ഒരു ഭര്‍ത്താവ് എന്ന നിലയ്ക്ക് ഞാന്‍ പരാജിതനാണെന്ന് അവള്‍ ഒരിക്കലും പറഞ്ഞിട്ടില്ല.

ആ കഷ്ടപ്പാടുകളില്‍പ്പോലും ഞങ്ങള്‍ പരസ്പരം പഴിചാരുകയോ വഴക്കുകൂടുകയോ ചെയ്തിട്ടില്ല, പരസ്പര വിശ്വാസവും കൈവിട്ടില്ല. എന്റെ മൂത്ത മകന്‍ എന്നെയും ഇളയ മകള്‍ ഭാര്യയെയും കൊണ്ടുപോകാന്‍ തുനിഞ്ഞപ്പോഴാണ് മക്കള്‍ ഞങ്ങളെ പിരിക്കാന്‍ പോവുകയാണെന്നു മനസിലായത്. മക്കളുടെ വരുമാനം കുറവായിരുന്നു. അവരുടെ മക്കളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനിടയില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ ബാധ്യതയായിരുന്നു. എല്ലാം ഞങ്ങള്‍ക്കറിയാമായിരുന്നിട്ടും ഇനി ഒന്നിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ നാണമില്ലാതെ ഞാന്‍ എന്റെ മൂത്ത മകനോട് അതു ചോദിച്ചപ്പോള്‍ അവന്‍ അദ്ഭുതപ്പെട്ടു. ഇരുവരെയും ഒന്നിച്ചു നിര്‍ത്താന്‍ മക്കളിലാരും പ്രാപ്തരല്ലെന്നാണ് അവന്‍ മറുപടി പറഞ്ഞത്.

ഞാന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ എന്നും അവളുടെ ചിരിച്ച മുഖം കണ്ട് എനിക്ക് എഴുന്നേല്‍ക്കണമായിരുന്നു. മകന്‍ വീട്ടിലെത്താനായി ദിവസം മുഴുവന്‍ കാത്തിരിക്കും, എന്നാലേ അവന്റെ ഫോണ്‍ വച്ച് എനിക്കു ഭാര്യയെ വിളിക്കാനാകൂ. പക്ഷേ അവന്‍ എത്തുമ്പോഴേക്കും സമയം ഒത്തിരി വൈകുകയും അപ്പോഴേക്കും മകള്‍ ഉറങ്ങിയിട്ടുണ്ടാവുകയും ചെയ്യും. അവളുടെ ശബ്ദം കേള്‍ക്കുന്ന ദിവസം ഞങ്ങളിലാര്‍ക്കും ഒരു വാക്കുപോലും പറയാന്‍ കഴിയില്ല. കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളെ അവള്‍ കടിച്ചമര്‍ത്താന്‍ പാടുപെടുന്നത് എനിക്കു മനസിലാകുന്നുണ്ടായിരുന്നു, ഞാന്‍ എന്തെങ്കിലുമൊക്കെ പുലമ്പിക്കൊണ്ടിരിക്കും.

ഒന്നിച്ചല്ലാത്ത ജീവിതം അര്‍ഥരഹിതമായിത്തീരുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നേയില്ല. എന്നും എനിക്ക് ഞാന്‍ താമസിക്കുന്ന വീടിനേക്കാള്‍ ഒരുപാട് അകലെ ഭാര്യ താമസിക്കുന്ന വീട്ടിലേക്ക് ഓടാന്‍ മനം തുടിക്കും. ഒരുദിവസം ധൈര്യമെല്ലാം സംഭരിച്ച് ഞാനവളോടു പറഞ്ഞു നമുക്ക് ഒളിച്ചോടാം എന്ന്. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ അപ്പോള്‍ തന്നെ അതു സമ്മതിച്ചു. എന്റെ വാക്കിങ് സ്റ്റിക്കെടുത്ത് ഒരുതവണ പോലും പുറകിലേക്കു നോക്കാതെ ശൂന്യമായ കൈകളുമായി ഞങ്ങള്‍ അവിടംവിട്ട് ഓടി.

ഇന്ന് കളിപ്പാട്ടം വില്‍ക്കലാണ് എന്റെ വരുമാനമാര്‍ഗം. ദിവസവും എണ്‍പതു രൂപയ്ക്കടുത്ത് നേടാന്‍ കഴിയുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ ഒരുദിവസം ഞങ്ങളുടെ മക്കള്‍ കാണാന്‍ വന്നിരുന്നു. ഞങ്ങള്‍ അവരെ തോല്‍പ്പിച്ചുവെന്നും അപമാനിച്ചുവെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ മറുത്തൊന്നും പറഞ്ഞില്ല, കാരണം അവരെ വേദനിപ്പിക്കാന്‍ ഞങ്ങള്‍ക്കിഷ്ടമല്ല. അവര്‍ ഇനി ഒരിക്കലും വരില്ലെന്നു പറഞ്ഞു. ചിലപ്പോഴൊക്കെ മക്കളെയോര്‍ത്ത് വിഷമിക്കാറുണ്ട്, അവരെ കാണാന്‍ തോന്നാറുണ്ട്.

ഞാന്‍ എന്റെ ഭാര്യയേക്കാള്‍ പതിനഞ്ചു വയസു മൂത്തതാണ്. കളിപ്പാട്ടം വിറ്റുകൊണ്ടിരിക്കുന്നതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും റോഡരികില്‍ മരിച്ചു വീഴാം. അതുകൊണ്ട് ഞാന്‍ കുറച്ചു പണം ശേഖരിക്കുന്നുണ്ട്, എന്റെ അവാന കര്‍മങ്ങള്‍ നടത്താന്‍ ഭാര്യ ആര്‍ക്കു മുന്നിലും യാചിക്കരുത്. എല്ലാ ദിവസവും പ്രാര്‍ഥനയ്ക്കിടെ അവള്‍ ഒരുപാടു കരയും, എന്തിനാണ് ഇത്രയും കരയുന്നതെന്നു ചോദിച്ചാല്‍ പറയും ”എനിക്കും നിങ്ങള്‍ക്കൊപ്പം മരിക്കണം” എന്ന്.

ഒരുനിമിഷത്തെ ഈഗോയുടെയും വാശിയുടെയും പുറത്ത് എന്നെന്നേക്കുമായി പിരിയാന്‍ തീരുമാനിക്കുന്നവര്‍ക്കു മാതൃകയാണ് ഷംസുദ്ദീനും ഭാര്യയും. ദാരിദ്ര്യത്തിലും തെല്ലും തളരാതെ അവര്‍ പോരാടുന്നത് മരണം വരെ ഒന്നിച്ചു നില്‍ക്കാനാണ്. വാര്‍ധക്യത്തില്‍ പ്രണയം നഷ്ടപ്പെടുമോയെന്നു സംശയിക്കുന്നവര്‍ക്ക് ഉത്തമ ഉദാഹരണവുമാണ് ഇവര്‍.

Top