ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് വീണ്ടും തിരിച്ചടി.മോദിക്കും എൻ ഡി എ സർക്കാരിനും വീണ്ടും നയതന്ത്രവിജയവും .കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയെ മധ്യസ്ഥത വഹിക്കാന്‍ നിര്‍ബന്ധിച്ച പാകിസ്താന് കനത്ത തിരിച്ചടിയാണ് കിട്ടിയത് . കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ പഴയ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിഷയത്തില്‍ മൂന്നാംകക്ഷി മധ്യസ്ഥത വഹിക്കേണ്ടെന്ന ഇന്ത്യയുടെ നിലപാട് അംഗീകരിച്ചാണ് ഐക്യരാഷ്ട്രസഭാ മേധാവിയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭ കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യം.മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ഡുജെറിക് വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ഇരുരാജ്യങ്ങളുമായി ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് യു.എന്‍ സെക്രട്ടറി ജനറലിന്റെ നിലപാടെന്നും വക്താവ് സ്റ്റീഫന്‍ ഡുജെറിക് അറിയിച്ചു.
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായും അദ്ദേഹം ചര്‍ച്ച നടത്തി. കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇരു രാജ്യങ്ങളോടും സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടതെന്ന് സ്റ്റീഫന്‍ ഡുജെറിക് വ്യക്തമാക്കി.
കശ്മീരിനെ ചൊല്ലി ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൌണ്‍സിലില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ വാഗ്വാദം നടന്നിരുന്നു. കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണെന്ന് പാക് വിദേശകാര്യ മന്ത്രി ആരോപിച്ചു. എന്നാല്‍ പാകിസ്താന്‍റെ ആരോപണം ഇന്ത്യ നിഷേധിച്ചു. കശ്മീര്‍ ആഭ്യന്തര വിഷയമാണെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ അനുവദിക്കില്ലെന്നും വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിങ് മറുപടി നല്‍കി. കശ്മീരിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണ്. ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകൾ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കുകയുണ്ടായി.
ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ സമിതിയുടെ 42ാം യോഗത്തില്‍ കശ്മീര്‍ വിഷയം പാകിസ്താന്‍ ഉന്നയിച്ചിരുന്നു. കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണ് എന്നായിരുന്നു പാകിസ്താന്റെ വാദം. ഇക്കാര്യത്തില്‍ ഇന്ത്യ ശക്തമായ മറുപടിയും നല്‍കി.1972ല്‍ തയ്യാറാക്കിയ ഷിംല കരാര്‍ പ്രകാരം കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിഷയമാണ്. മൂന്നാം കക്ഷി ഇടപെടുന്നതിനെ ഈ കരാര്‍ എതിര്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന പാകിസ്താന്‍ ആവശ്യം ഐക്യരാഷ്ട്രസഭ തള്ളിയത്.