കോർപറേറ്റ് നികുതി കുറച്ചത് തിരിച്ചടിയാകും…!! രാജ്യം വൻ വിലക്കയറ്റത്തിലേയ്ക്കെന്ന് സൂചന..!! സാമ്പത്തിക രംഗം താറുമാറാകുന്നു

ന്യൂഡൽഹി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് പരിഹാരമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉത്തജന പാക്കേജുകൾ തിരിച്ചടിയാകുമെന്ന് സൂചന. ഉത്തേജന പാക്കേജുകളിലൂടെ ഡിമാൻ്റ് വർദ്ധിപ്പിക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ട്. കോർപ്പറേറ്റ് നികുതിയിൽ കുറവ് വരുത്തിയത് ധനക്കമ്മി വർദ്ധിക്കാൻ കാരമമാകുമെന്ന് നീതി ആയോഗ് ചെയർമാൻ പറഞ്ഞു. ഇത് രാജ്യത്തെ വിലക്കയറ്റത്തിലേയ്ക്ക് നയിക്കുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

നികുതി ഇളവു വഴി വളർച്ച കൂടുമെന്നും വ്യവസായ നിക്ഷേപം വർധിക്കുമെന്നും തൊഴിൽ സാധ്യത ഉയരുമെന്നും അതുവഴി കൂടുതൽ വരുമാനം വിപണിയിലേക്ക് എത്തുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഈ നടപടികൾ. ഇപ്പോൾ ചെയ്തിരിക്കുന്ന നടപടികൾ നിക്ഷേപം വഴി സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ളവയാണ്. ഉപഭോക്താക്കളുടെ വാങ്ങൽശേഷി കൂട്ടുന്ന കൂടുതൽ നടപടികൾ ഇനിയും വരാനുണ്ട്. വായ്പാമേഖലകൾ അതിന്റെ ഭാഗമാണ്. ഇതുവരെ ബാങ്കുകൾ എന്നു വായ്പമേള തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

സാമ്പത്തികമാന്ദ്യം കുറയുന്നുവെന്നും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നുവെന്നും തിരിച്ചറിയാനുള്ള മുഖ്യസൂചന ഉപഭോഗം കൂടുന്നു എന്നതുതന്നെയാണ്. അതു നടക്കണമെങ്കിൽ തൊഴിൽ അവസരങ്ങൾ കൂടണം. നിർമാണമേഖലയിൽ കൂടുതൽ പ്രവർത്തനം നടക്കണം. സർക്കാർ തന്നെ അടിസ്ഥാനമേഖലയ്ക്കായി കൂടുതൽ പണം മുടക്കാൻ മുന്നോട്ടുവരണം. കയറ്റുമതി കൂടുകയും കൂടുതൽ വിദേശനാണ്യം എത്തുകയും വേണം. ഈ മേഖലയിലെല്ലാം തളർച്ചയാണ് കാണുന്നത്.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് നൽകുന്ന മുന്നറിയിപ്പ് ഇപ്പോൾ ചെയ്യുന്ന ഘട്ടം ഘട്ടമായുള്ള ഉത്തേജക പരിപാടികൾ വിജയം കാണില്ല എന്നാണ്. അസാധാരണമായ മാന്ദ്യമാണ് രാജ്യം നേരിടുന്നത് എന്നതിനാൽ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകൾക്കായി സമഗ്ര ഉത്തേജക പദ്ധതി തന്നെ കൊണ്ടുവരണം എന്നാണ് അദ്ദേഹം നിർദേശിക്കുന്നത്. ഇതേ അഭിപ്രായമാണ് പ്രമുഖരായ ചില സാമ്പത്തിക വിദഗ്ധരും നിർദേശിക്കുന്നത്. കഴിഞ്ഞ ആറു വർഷമായി 7.5% വളർച്ചാ നിരക്ക് നേടിവന്നത് 5 ശതമാനമായി താഴ്ന്നിരിക്കുകയാണ്. കാറുകളുടെ വിൽപന 40 ശതമാനവും ഇരുചക്രവാഹനങ്ങളുടെ വിൽപന 22 ശതമാനവും ബസുകളുടെയും വലിയ വാഹനങ്ങളുടെയും വിൽപന 39 ശതമാനവുമാണ് ഇടിഞ്ഞത്. അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ സാധനങ്ങളുടെ ഉപഭോഗം 15 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താണിരിക്കുന്നു.

കോർപറേറ്റ് നികുതി കുറച്ചതോടെ രാജ്യത്ത് വ്യവസായനികുതിയും വ്യക്തിഗത നികുതിയും തമ്മിലുള്ള വ്യത്യാസം ഏറെയായി. ഇത് ഉപഭോക്താക്കളുടെ താൽപര്യത്തിന് അനുകൂലമല്ല. ധനക്കമ്മി 3.3 ശതമാനമെന്നത് 4 ശതമാനമായി ഉയരും എന്നാണ് കണക്കുകൂട്ടുന്നതെങ്കിലും അത് കുറേക്കൂടി വർധിച്ചു കൂടെന്നില്ല.

ധനക്കമ്മി കൂടുന്നു എന്നതിനർത്ഥം സർക്കാരിന്റെ വരവിനേക്കാൾ ചെലവു കൂടുന്നു എന്നാണ്. അതോടൊപ്പം സർക്കാരിന്റെ കടവും വർധിക്കുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ധനക്കമ്മി എത്രയും കുറയ്ക്കുക എന്നതാണ് ഓരോ ധനമന്ത്രിയുടെയും ശ്രമം. ആ കണക്കുകൂട്ടൽ തെറ്റിക്കഴിഞ്ഞു. ധനക്കമ്മി കൂടുമ്പോൾ നാണയപ്പെരുപ്പവും കൂടും. നിലവിൽ 4 ശതമാനത്തിൽ നിൽക്കുകയാണ് നാണയപ്പെരുപ്പം. അത് വർധിച്ചാൽ വിലക്കയറ്റത്തിലേക്കാണ് നയിക്കുക. ഇന്ത്യയിൽ ഉപഭോക്തൃ മേഖലയുടെ വലിയൊരു ഭാഗം ഗ്രാമങ്ങളിലാണ്. അവരുടെ ഉപഭോഗം ഉയർത്താൻ വായ്പമേളകൾക്ക് കഴിയുമോ എന്ന് സംശയമാണ്.

Top