ഫിഫ അണ്ടര്‍ 17 വേള്‍ഡ്കപ്പിലെ കേരളത്തില്‍ വച്ചുള്ള കളികള്‍ അവസാനിച്ചു. വലിയ ആഘോഷമായിട്ടാണ് എത്തിയതെങ്കിലും പല കല്ലുകടികളും നിറഞ്ഞതായിരുന്നു കേരളത്തിലെ മത്സരങ്ങള്‍. സംഘാടകരുടെ പിടിപ്പുകേടായിരുന്നു പ്രധാന പ്രശ്‌നം. അതിന്റെ ഒപ്പം നാണക്കേടും സമ്മാനിച്ചിരിക്കുകയാണ് മലയാളി വോളണ്ടിയര്‍മാര്‍. ആദ്യം മുതല്‍ വിവാദത്തില്‍ കുളിച്ചു നിന്ന ലോകകപ്പിന് അവസാനം കള്ളന്മാരുടെ നാടെന്ന നാണക്കോടും ബാക്കിയായി. ഇറാന്‍- സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലിനു ശേഷമായിരുന്നു സംഭവങ്ങളുടെ തുടക്കം.
അവസാന മത്സരവും കഴിഞ്ഞതോടെ സംഘാടകര്‍ സൂക്ഷിച്ചിരുന്ന കുറെ പന്തുകളും ജാക്കറ്റുകളും ഉള്‍പ്പെടെ പല വസ്തുക്കളും കാണാതായി. ഫിഫ നിയോഗിച്ച വോളന്റിയര്‍മാര്‍ക്കു മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്ഥലത്തു നിന്നാണ് ഇതെല്ലാം നഷ്ടമായത്. റഫറി ഉപയോഗിക്കുന്ന വിസില്‍ വരെ മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച സംഘാടകര്‍ക്ക് വോളന്റിയര്‍മാരില്‍ ചിലര്‍ പന്തുമായി കടന്നുകളയുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ഇവരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. പിന്നീട് നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കിയശേഷമാണ് ഇവരെ പോകാന്‍ അനുവദിച്ചത്. ഈ സംഭവം ഫിഫ അധികൃതര്‍ക്ക് കൊച്ചിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട ചെയ്തതായാണ് സൂചന.
തുടക്കം മുതല്‍ കൊച്ചി വേദിയെക്കുറിച്ച് വിമര്‍ശനങ്ങളേറെയായിരുന്നു. കാണികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആദ്യ മത്സരത്തിനുശേഷം ആരാധര്‍ ഗാലറിയോട് വിടപറഞ്ഞു. എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞെന്ന് സംഘടകര്‍ അവകാശപ്പെട്ട മത്സരങ്ങള്‍ പോലും നടന്നത് പാതിയൊഴിഞ്ഞ ഗാലറികള്‍ക്കു മുന്നിലായിരുന്നു. ഇതിനിടെ കാണികള്‍ക്ക് വെള്ളം പോലും നിഷേധിച്ച സംഘാടകരുടെ നടപടിയും പ്രതിഷേധത്തിനിടയാക്കി. അതിനിടയാണ് കേരളത്തെ കള്ളന്മാരുടെ നാടാക്കി മാറ്റിയ സംഭവമുണ്ടായത്. എന്തായാലും ഭാവിയിലൊരു ലോകകപ്പിന് ഇന്ത്യയ്ക്ക് അവസരം ലഭിച്ചാല്‍ കൊച്ചിയുടെ സാധ്യതകള്‍ തുലോം വിരളമായിരിക്കും. പ്രത്യേകിച്ച് 2019ലെ അണ്ടര്‍ 20 ലോകകപ്പിന് ഇന്ത്യ ബിഡ് സമര്‍പ്പിച്ച സാഹചര്യത്തില്‍.