ന്യൂഡല്‍ഹി: ശബരമല സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടുമായി കേന്ദ്രമന്ത്രി രംഗത്ത്. സ്ത്രീകള്‍ ബഹിരാകാശത്തുവരെ പോകുന്നു; പിന്നെന്തുകൊണ്ട് ഒരു ക്ഷേത്രത്തില്‍ പ്രവേശിച്ചുകൂടാ? ശബരിമലയിലെ യുവതീപ്രവേശത്തെ എതിര്‍ക്കുന്നവരോട് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ ചോദിക്കുന്നു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിവിധിയെ ബി.ജെ.പി. എതിര്‍ത്തിട്ടുണ്ടാകാം; എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അതില്‍ ഇടപെട്ടിട്ടില്ല. സുപ്രീംകോടതി വിധിക്കുശേഷം രണ്ടുയുവതികളെങ്കിലും അവിടെ പ്രവേശിച്ചു. ലോക് ജന്‍ശക്തി പാര്‍ട്ടി അധ്യക്ഷന്‍കൂടിയായ പസ്വാന്‍ പ്രതികരിച്ചു. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ അവരെ തടയുന്നുണ്ടോ? എന്നും പസ്വാന്‍ ചോദിക്കുന്നു.
”അയോധ്യയിലെ രാമക്ഷേത്രവിഷയത്തില്‍ എല്ലാ മതവിഭാഗക്കാരും സുപ്രീംകോടതിവിധി അംഗീകരിക്കണം. വിധി വരുന്നതുവരെ കാത്തിരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞാല്‍പ്പിന്നെ സംശയത്തിന്റെ ആവശ്യമില്ല. ഓര്‍ഡിനന്‍സ് വേണമെന്ന ആവശ്യത്തെ ഞാന്‍ പിന്തുണക്കില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ പ്രതികരിക്കണം” -പസ്വാന്‍ ആവശ്യപ്പെട്ടു.