ശബരിമലയില്‍ വീണ്ടും യുവതീ പ്രവേശം!! ദലിത് പ്രവര്‍ത്തക മഞ്ജു ദര്‍ശനം നടത്തി; ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

തൃശൂര്‍: ശബരിമലയില്‍ വീണ്ടും യുവതീപ്രവേശം നടന്നതായി അവകാശപ്പെട്ട ഫേസ്ബുക്ക് കൂട്ടായ്മ വീഡിയോ പുറത്ത് വിട്ടു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദലിത് പ്രവര്‍ത്തക മഞ്ജു വാണ് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തിയതെന്ന് കൂട്ടായ്മ ഫേസ്ബുക്കിലൂടെ അറിയിച്ചു. ജനുവരി 8 ന് രാവിലെ 7 .30 ന് ശബരിമല സന്ദര്‍ശിച്ചതിന്റെ വീഡിയോയുടെ ഒരു ഭാഗമാണ് പുറത്ത് വിട്ടിരിക്കുന്നത്.

നേരത്തെ, കൊല്ലം സ്വദേശി 36 വയസുള്ള ദലിത് യുവതിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 7.30ഓടെ സന്നിധാനത്തെത്തി ദര്‍ശനം നടത്തി മടങ്ങിയതായി ഇവര്‍ അവകാശപ്പെട്ടിരുന്നു. പൊലീസിന്റെ സഹായം തേടാതെയാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നാണ് ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മ അറിയിച്ചത്.

യുവതി ഇരുമുട്ടിക്കെട്ടുമായി 18ാം പടി കയറിയാണ് അയ്യപ്പദര്‍ശനം നടത്തിയത്. ഏകദേശം രണ്ടര മണിക്കൂറോളം സന്നിധാനത്തും അനുബന്ധ ക്ഷേത്രങ്ങളിലുമായി ചെലവഴിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. രണ്ട് ആണ്‍സുഹൃത്തുക്കള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇവര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് വിവരം. അയ്യപ്പവിശ്വാസിയായ യുവതി ഭക്തര്‍ ശബരിമലയില്‍ ആചാരപ്രകാരം അനുഷ്ഠിക്കേണ്ട എല്ലാ കാര്യങ്ങളും ചെയ്താണ് മടങ്ങിയത്. 41 ദിവസത്തെ വ്രതം അനുഷ്ഠിച്ചാണ് ഇവര്‍ മല കയറിയിട്ടുള്ളതെന്നും കൂട്ടായ്മ അവകാശപ്പെടുന്നു.

Top