ശബരിമല സ്ത്രീ പ്രവേശനം കത്തുന്നു: ശക്തമായ പ്രതിഷേധവുമായി വിശ്വാസികള്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി

പത്തനംതിട്ട: പ്രായഭേദമന്യേ ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി നിലപാടിനെതിരേ പ്രക്ഷോഭം ശക്തമാക്കാത്ത ആര്‍.എസ്.എസിന്റെയും പരിവാര്‍ സംഘടനകളുടെയും ബി.ജെ.പിയുടെയും നിലപാടിനെതിരേ അണികള്‍. സുപ്രീം കോടതി വിധിക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസിനു പിന്തുണ വര്‍ദ്ധിച്ചതായും സൂചന. കഴിഞ്ഞ ദിവസം പന്തളത്തു നടന്ന നാമജപഘോഷയാത്രയില്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ നൂറുകണക്കിനു സ്ത്രീകളും വിശ്വാസികളുമാണു പങ്കെടുത്തത്. പരിവാര്‍ സംഘടനകളുടെ പിന്തുണയില്ലെങ്കിലും വിശ്വാസസംരക്ഷണത്തിനായി ഭക്തര്‍ ഒന്നിക്കുമെന്നതിന്റെ സൂചനയായി ഇത്.

സാമൂഹികമാധ്യമങ്ങളില്‍ ആര്‍.എസ്.എസിനും പരിവാര്‍ സംഘടനകള്‍ക്കുമെതിരേ ഉയരുന്ന അഭിപ്രായപ്രകടനങ്ങള്‍ ഭക്തരുടെ കടുത്ത പ്രതിഷേധമാണ് വ്യക്തമാക്കുന്നത്. സുപ്രീം കോടതി ഉത്തരവിനോടു തുടക്കത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച ബി.ജെ.പി, പിന്നീട് നിലപാടു മാറ്റിയെങ്കിലും പ്രത്യക്ഷത്തില്‍ പ്രക്ഷോഭത്തിനിറങ്ങിയിട്ടില്ല. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വ്യക്തമാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന ഘടകം പ്രതിഷേധം വാക്കുകളില്‍മാത്രം ഒതുക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈന്ദവസംഘടനകളുടെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സുപ്രീംകോടതിവിധിക്കെതിരേ പുനഃപരിശോധനാഹര്‍ജി നല്‍കില്ലെന്ന് സംസ്ഥാനസര്‍ക്കാരും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും. എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചാണ് സുപ്രീംകോടതിയുടെ അന്തിമനിലപാട് വന്നതെന്നും വിധിയനുസരിച്ച് തുടര്‍നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഇനി മറിച്ചൊരു നിലപാട് എടുക്കുന്നതുവരെ അത് നമ്മുടെ മുന്നിലുള്ള നിയമമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുപിന്നാലെ, പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറും വ്യക്തമാക്കി. പന്തളം കൊട്ടാരമല്ല ആര് പുനഃപരിശോധനാഹര്‍ജി കൊടുക്കുന്നതിലും എതിര്‍പ്പില്ല. ഹര്‍ജി പരിഗണിക്കുമ്പോള്‍ ബോര്‍ഡിന്റെ അഭിപ്രായം തേടിയാല്‍ അറിയിക്കും. ഹര്‍ജിയെ അനുകൂലിക്കണോ വേണ്ടയോ എന്ന് അപ്പോള്‍ ആലോചിക്കുമെന്ന് പദ്മകുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയും ദേവസ്വംബോര്‍ഡും നിലപാട് വ്യക്തമാക്കിയതോടെ പ്രതിഷേധത്തിന്റെ രൂപം മാറ്റുമെന്നാണ് ഹൈന്ദവസംഘടനകൂട്ടായ്മയുെട മുന്നറിയിപ്പ്. എട്ടാംതീയതി കൊച്ചി എളമക്കരയിലെ ആര്‍.എസ്.എസ്. കാര്യാലയത്തില്‍ ഹൈന്ദവസംഘടനാ കൂട്ടായ്മയുടെ യോഗം ചേരും. ഈ യോഗത്തില്‍ സമരപ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

വിധിക്കെതിരേ ക്ഷേത്രവിശ്വാസികളുടെ പ്രതിഷേധം അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങി. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം തമിഴ്നാട്ടില്‍ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളില്‍ ക്ഷേത്രവിശ്വാസികള്‍ ഇതേനിലപാട് എടുക്കുമെന്നാണ് കേരളത്തിലെ ഹൈന്ദവസംഘടനകള്‍ കരുതുന്നത്.

ചൊവ്വാഴ്ച പമ്പയിലും പന്തളത്തും തിരുവനന്തപുരത്തും ഭക്തസംഗമം നടന്നു. പന്തളത്തും പമ്പയിലും പ്രതീക്ഷയ്ക്കപ്പുറത്തായിരുന്നു പങ്കളിത്തം. പന്തളത്തെ പ്രാര്‍ഥനായാത്രയിലും ആചാരസംരക്ഷണയോഗത്തിലും യുവതികളടക്കം ഒട്ടേറെ സ്ത്രീകളാണ് എത്തിയത്. വരുംദിവസങ്ങളില്‍ പ്രാദേശികമായി എല്ലാ ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് കൂട്ടായ്മകളിലൂടെ കടുത്ത പ്രതിഷേധം ഉയര്‍ത്താനാണ് ഹൈന്ദവസംഘടകളുടെ തീരുമാനം. ഇതിനുള്ള ആഹ്വാനം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമാണ്. രാഷ്ട്രീയാഭിമുഖ്യമുള്ള ഹിന്ദുസംഘടകള്‍ കോടതിവിധിക്കെതിരേ പരസ്യമായി രംഗത്തെത്തിയിട്ടില്ല. എന്നാല്‍, ഇവരുടെ പിന്തുണയോടെയാണ് പ്രതിഷേധസംഗമങ്ങളെല്ലാം. കോടതിവിധി ഭാവിയില്‍ എല്ലാ മതവിഭാഗത്തിനും ബാധകമായേക്കാമെന്നുകരുതി മറ്റുമതക്കാരും പിന്തുണയുമായെത്തുന്നുണ്ട്.

Top