നിലയ്ക്കലില്‍ സ്ത്രീകളെ തടയുന്നു; ബലം പ്രയോഗിച്ച് സത്രീകളെ ബസില്‍ നിന്നും വലിച്ചിറക്കുന്നത് സ്ത്രീകളടക്കമുള്ളവര്‍

പമ്പ : നിലയ്ക്കലിലേക്കെത്തുന്ന സ്ത്രീകളെ തടഞ്ഞ് സമരാനുകൂലികള്‍. കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ത്ഥികളടക്കമുള്ളവരെയാണ് ബലം പ്രയോഗിച്ച് തടയുന്നത്. സ്ത്രീകളടക്കമുള്ളവര്‍ അടങ്ങുന്ന സംഘമാണ് ബസില്‍ നിന്നും യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കുന്നത്.

യുവതികള്‍ ഇല്ലായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ബസ് കടത്തിവിടുന്നത്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനേയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം ഭക്തര്‍ രംഗത്ത്. ആചാരസംരക്ഷണ സമിതി എന്ന പേരില്‍ നിലയ്ക്കലില്‍ ക്യാംപ് ചെയ്യുന്ന ഒരു വിഭാഗം ഭക്തര്‍ അതു വഴി കടന്നു പോവുന്ന വാഹനങ്ങള്‍ തടയുകയും യാത്രാക്കാരെ ബോധവത്കരിക്കുകയും ചെയ്യുകയാണ്. സംഘത്തിലെ വനിതകളാണ് വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകളുണ്ടോ എന്ന് പരിശോധിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാര്‍ത്തയ്ക്കായെത്തിയ മാധ്യമ പ്രവര്‍ത്തകയെയും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ തടഞ്ഞത്. ടിവി9 ചാനലിലെ വനിതാമാധ്യമപ്രവര്‍ത്തക ദേവിയാണ് പ്രതിഷേധക്കാരുടെ ഇടയില്‍ കുടുങ്ങിയത്. മാധ്യമ പ്രവര്‍ത്തകരാണെന്നും കഴിഞ്ഞ ദിവസും വാര്‍ത്തയ്ക്കായി എത്തിയെന്നും ഇവര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും പ്രതിഷേധക്കാര്‍ ഇതൊന്നും വകവച്ചില്ല. നേരത്തെ മറ്റൊരു മാധ്യമ പ്രവര്‍ത്തകയും പ്രതിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തിരികെ പോയിരുന്നു.

പമ്പ വരെ പോകാമെന്നിരിക്കെയാണ് പകുതി വഴിയ്ക്ക് വച്ച് തന്നെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ എത്തി ഇവരെ തടഞ്ഞത്. നിലയ്ക്കലിലേക്ക് വരുന്ന സ്ത്രീകളെ കടത്തിവിടുന്ന കാര്യത്തില്‍ കൃത്യമായി തീരുമാനം വരുംവരെ തടയുമെന്നാണ് സമരാനുകൂലികളുടെ നിലപാട്. ഇപ്പോള്‍ ബോധവല്‍ക്കരിച്ച് പിന്തിരിപ്പിക്കുകയാണെന്നും ഇവര്‍ വാദിക്കുന്നുണ്ട്. സ്ത്രീ പ്രവേശനം തടയില്ലന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തുടരുമ്പോഴാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകളെ അടക്കം ഉള്‍പ്പെടുത്തി തടയല്‍ നടക്കുന്നത്.

അതേസമയം വിവാദ വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമായി തുടരുമ്പോഴും ഇവിടെ പൊലീസ് സുരക്ഷാ ഒരുക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രതിഷേധക്കാര്‍ എത്തി മാധ്യമപ്രവര്‍ത്തകയുമായി അരമണിക്കൂറോളം വാഗ്വാദം തുടര്‍ന്നപ്പോഴും ഈ പ്രദേശത്തെങ്ങും ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും കണ്ടിരുന്നില്ല. കോടതി വിധിക്ക് ശേഷം തുലാമാസ പൂജകള്‍ക്കായി അടുത്ത ദിവസം നട തുറക്കാനിരിക്കെയാണ് പൊലീസിന്റെ ഈ അനാസ്ഥ.

എന്നാല്‍ തുലാമാസ പൂജസമയത്ത് സന്നിധാനത്ത് വനിതാ പൊലീസുണ്ടാകില്ലായെന്നും അറിയിപ്പുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെപ്പോലെ പമ്പയിലും നിലയ്ക്കലിലും മാത്രമെ പൊലീസ് വിന്യാസം ഉണ്ടാവുകയുള്ളു.

Top