അച്ഛനെ തള്ളി മകന്‍; ശബരിമല സമരത്തില്‍ പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം ശരിവെച്ച സുപ്രീം കോടതി നിലപാടിനെതിരെയുളള സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെ തളളി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി രംഗത്തെത്തി. എന്‍ഡിഎ സമരത്തില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്ന് പറഞ്ഞ തുഷാര്‍ വെള്ളാപ്പള്ളി പാര്‍ട്ടി വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും പറഞ്ഞു. ശബരിമല വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയുടെ പേരില്‍ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്ന സമരം തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിന് വേണമെന്ന് കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഹിന്ദുത്വത്തിന്റെ പേരില്‍ തെരുവില്‍ ഇറങ്ങി വിദ്വേഷം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതിന് പിന്നാലെയാണ് എന്‍ഡിഎ സമരത്തില്‍ പങ്കെടുക്കുമെന്ന ഭിന്നാഭിപ്രായവുമായി മകന്‍ തുഷാര്‍ വെളളാപ്പളളി രംഗത്തുവന്നത്.

Top