തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ ഇതുവരെ മരണപ്പെട്ടത് 79 പേരാണെന്ന് റിപ്പോര്‍ട്ട്. 200 പേരില്‍ 79 തടവുകാര്‍ അസ്വാഭാവികമായാണ് മരണപ്പെട്ടവതെന്നാണ് പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കാണിത്. ആഭ്യന്തരവകുപ്പ് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട കണക്കാണിത്. ഇതില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മരിച്ച 77 തടവുകാരില്‍ 47 പേരും നെഞ്ച് വേദന, ശ്വാസതടസ്സം തുടങ്ങി പെട്ടെന്നുണ്ടായ അസുഖങ്ങള്‍ മൂലമാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് ജയിലുകളില്‍ ഇത്രയധികം അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധമായ ദുരൂഹത തുടരുകയാണ്. അസ്വാഭാവിക മരണത്തെക്കുറിച്ച് പരിശോധിക്കാന്‍ പോലും ജയിലധികൃതര്‍ തയ്യാറാകാത്തതും സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ജയിലുകളില്‍ നരകയാതന അനുഭവിക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ പുറത്തേക്ക് കൊണ്ടു പോവാന്‍ പോലും തയ്യാറാകാത്ത ജയില്‍ അധികൃതരുടെ നടപടിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
ജയില്‍ ആശുപത്രിയിലെ ചികിത്സ വെറും പ്രഹസനമാണെന്നാണ് ഇവരുടെ വാദം. സംസ്ഥാനത്ത് നിലവില്‍ നാല് ജയിലുകളിലാണ് ആശുപത്രി സൗകര്യമുള്ളത്. ഇവിടങ്ങളിലാകട്ടെ രോഗനിര്‍ണ്ണയത്തിനോ ചികിത്സിക്കാനോ സൗകര്യങ്ങളുമില്ല.
മൂന്ന് സെന്‍ട്രല്‍ ജയിലടക്കം 52 ജയിലുകളിലേയും തടവുകാര്‍ ഇക്കണക്കിന് പോയാല്‍ തടവ് തീരും മുന്‍പ് തന്നെ ജീവിതത്തോട് വിടപറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല. 2011 ഏപ്രില്‍ മുതല്‍ 2015 ഡിസംബര്‍ വരെയാണ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 200 തടവുകാര്‍ മരിച്ചത്.