ഭോപ്പാല്‍: ജാതി എന്ന ഭൂതം ഇന്നും ഇന്ത്യയെ വിട്ടൊഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. സ്വാതന്ത്ര്യം കിട്ടി പുേേരാഗതിയുടെ പടവുകള്‍ കയറുമ്പോഴും രാജ്യം ജാതിവാദികളുടെ കയ്യിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതാ ജാതീയ ക്രൂരതയുടെ പുതിയൊരു മുഖം.
ദലിത് ദമ്പതികള്‍ മകളുടെ വിവാഹത്തിന് ബാന്റ്‌മേളം നടത്തി. ജാതി നിയമം ലംഘിച്ചതിന് പ്രതികാരമായി ജാതിവാദികളായ സവര്‍ണ്ണര്‍ ഗ്രാമത്തിലെ ദലിതര്‍ വെള്ളമെടുക്കുന്ന കിണറ്റില്‍ മണ്ണെണ്ണയൊഴിച്ചു. ഭോപ്പാലില്‍ നിന്നും 200കിലോമീറ്റര്‍ അകലെയുള്ള അഗര്‍ മാള്‍വ ജില്ലയിലെ മാന ഗ്രാമത്തിലാണ് സംഭവം.
ദലിതനായ ചന്ദര്‍ മേഘവാള്‍ തന്റെ മകളുടെ വിവാഹത്തിന് വരനെ സ്വീകരിക്കാന്‍ ബാന്റ് മേളം നടത്തിയിരുന്നു. ഇതിനെതിരെ ഭീഷണിയുമായി ഉയര്‍ന്ന ജാതിക്കാര്‍ നേരത്തെ രംഗത്തുവന്നിരുന്നു. വിവാഹത്തിന് ബാന്റ് മേളം നടത്തിയാല്‍ സാമൂഹ്യമായി ഭ്രഷ്ട് കല്‍പ്പിക്കുമെന്നായിരുന്നു ഭീഷണി.
എന്നാല്‍ അദ്ദേഹം ഭീഷണി വകവെച്ചില്ല. മേഘവാള്‍ ജില്ലാ ഭരണകൂടത്തെ സമീപിക്കുകയും തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെ ബാന്റ് മേളം നടത്തുകയായിരുന്നു. ഇതില്‍ രോഷംപൂണ്ടാണ് ഉയര്‍ന്ന ജാതിക്കാര്‍ ദലിതരുടെ കിണറ്റില്‍ മണ്ണെണ്ണയൊഴിച്ചത്.
ഇതോടെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത പ്രദേശത്തെ ദലിതര്‍ കാളിസിന്ധ് നദിയുടെ തീരത്ത് ചെറിയൊരു കുഴിയുണ്ടാക്കി അതില്‍ നിന്നാണ് വെള്ളമെടുത്തത്. കിണറ്റിലെ വെള്ളം പമ്പ് ഉപയോഗിച്ച് വറ്റിക്കുകയും ചെയ്തു.
ശനിയാഴ്ച ജില്ലാ കലക്ടര്‍ ഡി.വി സിങ്ങും പൊലീസ് സൂപ്രണ്ട് ആര്‍.എസ് മീനയും ഇവിടെയെത്തി വെള്ളം ശുദ്ധമാണെന്ന് ഗ്രാമീണരെ ബോധ്യപ്പെടുത്താനായി ഈ കിണറ്റിലെ വെള്ളം ഗ്രാമവാസികള്‍ക്കു മുമ്പില്‍വെച്ച് കുടിച്ചു. പ്രദേശത്ത് ഇനി ഇത്തരമൊരു പ്രതിസന്ധിയുണ്ടാവാതിരിക്കാന്‍ രണ്ട് കുഴല്‍ കിണറുകള്‍ കൂടി കുഴിക്കുമെന്നും കലക്ടര്‍ അറിയിച്ചു.