നടന് ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയും ഇതില്‍ പ്രതിഷേധിച്ച് താരസംഘടനയില്‍ നിന്നുള്ള നാല് നടിമാരുടെ രാജിയും വലിയ ‘സൈബര്‍ യുദ്ധത്തിനാണ്’ തിരികൊളുത്തിയിരിക്കുന്നത്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനായി ശബ്ദമുയര്‍ത്തിയ ഊര്‍മിള ഉണ്ണിയായിരുന്നു ഏറ്റവും കൂടുതല്‍ വിമര്‍ശനമേറ്റു വാങ്ങിയത്. വിഷയം മാധ്യമങ്ങള്‍ നേരിട്ടാരാഞ്ഞപ്പോള്‍ പരസ്പര ബന്ധമില്ലാതെ മറുപടി പറയുക കൂടി ചെയ്തതോടെ ഊര്‍മ്മിള ഉണ്ണിക്കെതിരായ സൈബര്‍ രോഷം അതിരു കടക്കുകയും ചെയ്തു.
ഊര്‍മ്മിളയുടെ ഫെയ്‌സ്ബുക്ക് പേജിനെ ഉന്നം വച്ചായിരുന്നു സോഷ്യല്‍ മീഡിയയുടെ ആദ്യ ആക്രമണം. ഊര്‍മിളയുടെ ഫെയ്‌സ്ബുക്ക് പേജിലെ കമന്റ് ബോക്‌സില്‍ ചിലര്‍ കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. വിമര്‍ശനങ്ങള്‍ അതിരു കടന്നതോടെ നടി ഫെയ്‌സ്ബുക്ക് പേജ് ഡി ആക്ടിവേറ്റ് ചെയ്തു.
എന്നാല്‍ അവിടം കൊണ്ടും പ്രശ്‌നങ്ങള്‍ തീരുന്ന മട്ടല്ല. ഊര്‍മിളയുടെ ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷ്യമായതോടെ മകള്‍ ഉത്തര ഉണ്ണിയുടെ ഫെയ്‌സ്ബുക്കില്‍ അസഭ്യവര്‍ഷം നടത്തുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പേര്‍. മോശം പദപ്രയോഗങ്ങളാണ് ഉത്തരയുടെ ഫൊട്ടോയ്ക്കും ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴെ നടത്തിയിരിക്കുന്നത്. ഊര്‍മിളയോടുള്ള രോഷം ഉത്തരയോടു തീര്‍ക്കുന്നതില്‍ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.
ചില കമന്റുകള്‍ താഴെ കൊടുക്കുന്നു–’അമ്മ പറഞ്ഞിട്ടാണോ ഇത്തരം ചെറ്റ ഫോട്ടോസ്…… ചാന്‍സ് കിട്ടാന്‍. നാണം ഇല്ലാത്ത കുടുംബം’, ‘ഊര്‍മ്മിളയോട് അടങ്ങിയൊതുങ്ങി നടക്കണമെന്നും അല്ലെങ്കില്‍ വിവരമറിയുമെന്ന തരത്തിലുള്ള ഭീഷണി സ്വരങ്ങളും കമന്റ് ബോക്‌സില്‍ നിറയുന്നുണ്ട്.
മലയാളത്തില്‍ ഒരു നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ അമ്മ എന്ന നിലയില്‍ എന്താണ് പ്രതികരണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഊര്‍മിളയോട് ചോദിച്ചിരുന്നു. എന്നാല്‍ ഇത്തരം ചോദ്യങ്ങളോട് വളരെ ലാഘവത്തോടെയും പരസ്പര ബന്ധമില്ലാതെയുമാണ് ഊര്‍മിള പ്രതികരിച്ചത് നടിക്കൊപ്പമാണോ കുറ്റാരോപിതനായ നടന് ഒപ്പമാണോ എന്ന് ചോദിച്ചപ്പോള്‍ കൃത്യമായ ഒരു മറുപടി നല്‍കാതെയും ഊര്‍മിള ഒഴിഞ്ഞുമാറി. തുടര്‍ന്നായിരുന്നു നടിക്കുനേരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.