സോളാറും കള്ളക്കടത്തുകാരന്‍ ഫയാസുമായുള്ള ബന്ധവും ഉത്തരയുടെ സിനിമാ മോഹം തകര്‍ത്തു; മകളെ വീണ്ടും സിനിമയിലേക്കെത്തിക്കാന്‍ ദിലീപ് വിഷയം തുറുപ്പുചീട്ടാക്കി; ഗത്യന്തമില്ലാതെ അമ്മയും മകളും

തിരുവനന്തപുരം: നൃത്തവും സിനിമയും ഒരുമിച്ച കൊണ്ടുപോകുന്ന നടിയാണ് ഊര്‍മിള ഉണ്ണി. പക്ഷേ സിനിമയില്‍ നൃത്ത പ്രാധാന്യമുള്ള വേഷങ്ങളൊന്നും നടിക്ക് ലഭിച്ചില്ല. സര്‍ഗത്തില്‍ മനോജ് കെ. ജയന്‍ അനശ്വരമാക്കിയ കുട്ടന്‍ തമ്പുരാന്റെ അമ്മയായി ഊര്‍മിള പ്രേഷക പ്രശംസ പിടിച്ചുപറ്റി. പക്ഷേ പിന്നീട് ഇത്രയും അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ ഊര്‍മിളയ്ക്ക് ലഭിച്ചില്ല.

കരിയര്‍ തന്നെ മാറിമറിഞ്ഞു. മകള്‍ ഉത്തര ഉണ്ണി സിനിമയില്‍ മാത്രമല്ല നൃത്തത്തിലും സജീവമാണ്. ഇതിനിടെ സ്വര്‍ണ്ണക്കള്ളക്കടത്തുകാരന്‍ ഫയാസുമായി ഉത്തര ഉണ്ണിക്ക് ബന്ധമുണ്ടെന്ന ആരോപണമെത്തി. ഇതെല്ലാം ഊര്‍മ്മിളാ ഉണ്ണിയും കുടുംബവും അതിജീവിച്ചു. ഇതിനിടെയാണ് ദിലീപിന്റെ അമ്മയിലേക്കുള്ള തിരിച്ചു വരവ് വിവാദത്തില്‍ ഊര്‍മ്മിള പെടുന്നത്. ഇതോടെ ഫെയ്‌സ്ബുക്ക് പോലും പൂട്ടി രക്ഷപ്പെടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. നടി ആക്രമിക്കപ്പെട്ട കേസില്‍, താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടിനെയും വാര്‍ത്താസമ്മേളനത്തിലെ ചലച്ചിത്ര താരങ്ങളുടെ നിലവിട്ട പെരുമാറ്റത്തെയും ന്യായീകരിച്ച് ഊര്‍മിള ഉണ്ണി നേരത്തെ രംഗത്ത് എത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഊര്‍മിള ഉണ്ണിയുടെ അഭിപ്രായപ്രകടനം. ദിലീപിന്റെ വിഷയത്തില്‍ യോഗത്തില്‍ ആരും ഒന്നും ചോദിച്ചില്ലെന്നും ഇപ്പോള്‍ പുറത്തുവരുന്നത് മുഴുവന്‍ മാധ്യമങ്ങളുടെ കെട്ടുകഥകളാണെന്നും ഊര്‍മിള പറഞ്ഞു. ഈ പ്രശ്‌നങ്ങളൊക്കെ സ്വന്തം വീട്ടിലായിരുന്നെങ്കില്‍ എല്ലാവരും മൂടിവെക്കാന്‍ ശ്രമിച്ചേനെ. വളര്‍ന്നു വരുന്ന ഒരു മകള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ എല്ലാരും കൂടി ചളി വാരി എറിയുകയല്ല വേണ്ടത്. ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുക.

ആര്‍ക്കും ഈ ഗതി വരാം.. ജാഗ്രത! ശരിതെറ്റുകള്‍ അറിയാതെ ആരും ഒന്നും വിളിച്ചു കൂവരുത്. ഊര്‍മിള ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. അതായത് തുടക്കം മുതല്‍ ദിലീപിനൊപ്പമായിരുന്നു ഊര്‍മിളയുടെ മനസ്സ്. അമ്മയുടെ കഴിഞ്ഞ മാസത്തിലെ വാര്‍ഷിക പൊതുയോഗത്തിലും ദിലീപ് വിഷയം ഉയര്‍ത്തിയത് ഊര്‍മിളാ ഉണ്ണിയായിരുന്നു. ഇത് താരസംഘടനയെ പോലും പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.

അമ്മ യോഗത്തില്‍ ഊര്‍മ്മിള ഉണ്ണിയാണ് ദിലീപ് വിഷയം എടുത്തിട്ടത്. ഈ നിലപാടിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോഴും അവര്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നു. കോഴിക്കോട് വെച്ച് മാധ്യങ്ങളെ കണ്ടപ്പോള്‍ കൊഞ്ചിക്കുഴഞ്ഞു കൊണ്ട് മാധ്യമങ്ങളെ പരിഹസിക്കുന്ന നടിയെയാണ് കണ്ടത്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടിയുടെ പ്രതികരണം കണ്ടവര്‍ തങ്ങളെ ക്ഷമ പരീക്ഷിക്കരുതെന്ന വികാരമാണ് പൊതുവില്‍ പങ്കുവെച്ചത്. ദിലീപിനെ എന്തുകൊണ്ട് പിന്തുണച്ചു എന്ന ചോദ്യമാണ് നടിക്കെതിരെ ചാനലുകള്‍ ഉയര്‍ത്തിയത്. ഇതിന് കൊഞ്ചിക്കുഴഞ്ഞു കൊണ്ട് മുഖം കൊണ്ട് ചേഷ്ടകള്‍ കാണിച്ച് ഭരതനാട്യം കളിച്ചു കൊണ്ടായിരുന്നു ഈ പ്രതികരണം. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നെുവെന്ന് സ്ഥിരീകരിച്ച് ഊര്‍മിള ഉണ്ണി രംഗത്തു വന്നിരുന്നു.

ഇതിനു പിന്നാലെയാണ് കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകര്‍ നടിയെ ആക്രമിച്ച കേസില്‍ ഊര്‍മിളയുടെ നിലാപാടെന്തെന്ന് ആരാഞ്ഞത്. എന്നാല്‍ ചോദ്യങ്ങളെ അപഹാസ്യപരമായി നേരിട്ട് നടി ഒഴിഞ്ഞ് മാറുകയായിരുന്നു. നിങ്ങളും ഒരമ്മയല്ലേ, മകളുടെ ഭാവിയില്‍ ആശങ്കയില്ലേ? ഇത്തരം ഒരു സംഭവത്തെ എങ്ങനെയാണ് ഇങ്ങനെ കാണാന്‍ സാധിക്കുക എന്ന ചോദ്യത്തിന്, തീര്‍ത്തും പരിഹാസരൂപത്തിലുള്ള മറുപടിയാണ് നടി നല്‍കിയത്. ‘അമ്മേ കാണണം, അമ്മേ.. അമ്മേ’, ‘ഒരു ഫോണ്‍വരുന്നു’ എന്നീതരത്തില്‍ അപഹാസ്യമായ പ്രതികരണമാണ് നടി നടത്തിയത്.

മകള്‍ ഉത്തരയ്ക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ ഒരമ്മ എന്ന നിലയില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന ചോദ്യത്തോടും അത് വേറെ വ്യക്തിത്വം അല്ലേയെന്നൊക്കെ പറഞ്ഞ് ഉരുണ്ടു കളിച്ചു നടി. ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴും പരസ്പര വിരുദ്ധമായ മറുപടികളിലൂടെ നടി ഒഴിഞ്ഞുമാറി. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ? കുറ്റാരോപിതനായ ദിലീപിന് ഒപ്പമാണോ എന്ന ചോദിച്ചപ്പോള്‍ ‘അതെങ്ങനാണ് പറയാന്‍ പറ്റുക, കേസ് തെളിയട്ടെ’ എന്നാണ് നടി മറുപടി പറഞ്ഞത്.

ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ ഓണമല്ലെ വരുന്നത് ഓണാഘോഷത്തെക്കുറിച്ചും സദ്യയെ പറ്റിയുമൊക്കെ ചോദിക്കു എന്നായി നടി. അതിനെപ്പറ്റി പറയാമെന്നായി താരം. നടിയുടെ അപഹാസ്യമായ മറുപടിക്കെതിരെ വന്‍ രോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതേ തുടര്‍ന്നാണ് അവര്‍ക്ക് ഫെയ്‌സ് ബുക്ക്‌പേജും അടച്ച് പൂട്ടി പോകേണ്ടി വന്നത്. നര്‍ത്തകിയാവണമെന്നും നൃത്തത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങള്‍ തേടിയെത്തും എന്നും കരുതിയാണ് ഊര്‍മ്മിള ഉണ്ണി സിനിമയിലേക്ക് എത്തിയത്.

എന്നാല്‍ താരത്തെ തേടിയെത്തിയിരുന്നതെല്ലാം അമ്മ വേഷങ്ങളായിരുന്നു. സിനിമയിലെത്തിയതോടെ ഊര്‍മ്മിള ഉണ്ണിയുടെ കരിയര്‍ മാറി മറിയുകയും ചെയ്തു. നൃത്തപരിപാടികളുമായി സജീവമായിരുന്ന ഊര്‍മ്മിള ഉണ്ണി വിവാഹ ശേഷമാണ് സിനിമയിലേക്ക് എത്തിയത്. 1988 ല്‍ പുറത്തിറങ്ങിയ മാറാട്ടത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗമായിരുന്നു ഊര്‍മ്മിള ഉണ്ണിയുടെ രണ്ടാമത്തെ ചിത്രം.

ഹരിഹരന്‍ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ സര്‍ഗത്തിലായിരുന്നു നടി പിന്നീട് അഭിനയിച്ചത്. സര്‍ഗം സിനിമ കണ്ടവരെല്ലാം കോവിലകത്തെ സുഭദ്ര തമ്പുരാട്ടിയെ മറന്നു കാണാനിടയില്ല. രണ്ടാമത്തെ ചിത്രത്തില്‍ ഇത്രയും അഭിനയ പ്രാധാന്യമുള്ള അവസരം തേടിയെത്തിയപ്പോള്‍ ഊര്‍മ്മിള ഉണ്ണി ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് അത്ര നല്ല കാര്യങ്ങളായിരുന്നില്ല താരത്തെ കാത്തിരുന്നത്.

നായകനായ മനോജ് കെ ജയന്റെ അമ്മ വേഷത്തിലേക്കായിരുന്നു ഊര്‍മ്മിള ഉണ്ണിയെ സംവിധായകന്‍ പരിഗണിച്ചത്. നരച്ച മുടിയൊക്കെയായി രോഗിയായ സുഭദ്രത്തമ്പുരാട്ടിയായാണ് വേഷമിടേണ്ടത്. ഷൂട്ടിങ്ങിനിടയില്‍ കണ്ണാടി നോക്കുന്ന ശീലമില്ലാത്തതിനാല്‍ തന്നെ ആ വേഷത്തിന്റെ തീവ്രതയെക്കുറിച്ച് അന്ന് ഊര്‍മിള അറിഞ്ഞിരുന്നില്ല. സര്‍ഗം പുറത്തിറങ്ങിയപ്പോള്‍ സുഭദ്രത്തമ്പുരാട്ടിയെക്കുറിച്ച് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത് സ്റ്റേജ് പരിപാടികളുടേയും നൃത്തത്തിന്റേയും എണ്ണം കൂട്ടുമെന്നായിരുന്നു താരം കരുതിയത്.

സര്‍ഗം സിനിമ ഇറങ്ങിയതിനു ശേഷം സ്റ്റേജ് പരിപാടികളിലും മറ്റുമായി ആരും തന്നെ വിളിച്ചിരുന്നില്ലെന്ന് താരം പറഞ്ഞു. ഡാന്‍സിന് ഊര്‍മ്മിള ഉണ്ണിയുണ്ട് എന്ന് പറയുമ്പോള്‍ തന്നെ നെഗറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. നര്‍ത്തകിയായി അറിയണപ്പെടണമെന്നുള്ള തന്റെ ആഗ്രഹത്തെ അപ്പാടെ ഇല്ലാതാക്കുന്ന പ്രതികരണമായിരുന്നു സര്‍ഗം സമ്മാനിച്ചത്. അതോടെയാണ് ഇനി നൃത്തം ചെയ്യുന്നില്ലെന്നുള്ള തീരുമാനത്തിലേക്ക് താരം എത്തിയത്.

പിന്നീട് സിനിമയിലും നൃത്ത പരിപാടികളിലുമായി മകള്‍ ഉത്തര ഉണ്ണി സജീവമാണ്. മകളുടെ നൃത്തപരിപാടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി അമ്മ കൂടെയുണ്ടാവാറുണ്ട്. തനിക്ക് കഴിയാത്തത് മകളിലൂടെ നടന്നു കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്ന് താരം പറയുന്നു. ഭരതനാട്യത്തില്‍ ഡിഗ്രിയെടുത്ത ഉത്തര ഉണ്ണി പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ്. ഇതിനിടെയാണ് ഉത്തര ഉണ്ണിയേയും തേടി വിവാദമെത്തുന്നത്.

കള്ളക്കടത്തുകാരന്‍ ഫയാസുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഉത്തരക്കെതിരെ പ്രചാരണങ്ങളുണ്ടായത്. മലയാളത്തിലെ പല സിനിമാക്കാരുമായും ഫയാസിന് ബന്ധമുണ്ടെന്ന പ്രചാരണമുണ്ടായിരുന്നു. ഇടവപ്പാതി എന്ന ലെനില്‍ രാജേന്ദ്രന്‍ ചിത്രമായ ഇടവപ്പാതിയിലാണ് ഉത്തര ആദ്യമായി അഭിനയിച്ചത്.

സോളാര്‍ കേസിലെ പ്രതികളായ സരിത നായര്‍ , ബിജു രാധാകൃഷ്ണന്‍ എന്നിവരുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പുറത്ത് ഉത്തരയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ടീം സോളാറിന്റെ ബ്രാന്‍ഡ് അംബാസിഡറാണെന്നവകാശപ്പെട്ട് കൊണ്ട് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഉത്തര പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് നടിയെ കുടുക്കിയത്. സരിതയ്ക്കും ബിജുവിനുമൊപ്പം ചെന്നൈയില്‍ നിന്ന് ഇവര്‍ കേരളത്തിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

ഇതോടെ വെള്ളിത്തിരയിലെ മോഹങ്ങള്‍ തകര്‍ന്നു. ചില ഡോക്യുമെന്ററികളുടെ സംവിധായകയായി നിറയാനും ശ്രമിച്ചു. ഇതിനിടെയാണ് ദിലീപ് പീഡനക്കേസില്‍ കുടുങ്ങുന്നത്. മകള്‍ ഉത്തരയ്ക്ക് മികച്ച അവസരങ്ങളുണ്ടാക്കാനാണ് ദിലീപിനെ ഊര്‍മിള പിന്തുണയ്ക്കുന്നതെന്ന് പോലും വിമര്‍ശനം ഉയര്‍ന്നു. ഊര്‍മിള ഉണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത് വരികയും ചെയ്തു.

ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാനുള്ള ധൈര്യം കാണിച്ചുവെന്ന് പറഞ്ഞതുകൊണ്ടോ മാധ്യമങ്ങളുടെ മുന്നില്‍ അങ്ങനെയൊരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് പരിഹസിച്ചതുകൊണ്ടോ ദിലീപ് ഊര്‍മിള ഉണ്ണിയുടെ മകളെ നായികയാക്കുമെന്ന് കരുതേണ്ടെന്നും അഭിമാനമുള്ള ഒരു സ്ത്രീയും ഊര്‍മിളാ ഉണ്ണിയോടൊത്ത് സൗഹൃദം പോലും ആഗ്രഹിക്കില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു ആദ്യം എല്ലാവരും കരുതി ആരോ എയ്തുവിട്ട അമ്പ് മാത്രമാണ് ഊര്‍മ്മിള ഉണ്ണി എന്ന്. ഏറ്റവും ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെ ഊര്‍മ്മിളയുടെ കൊഞ്ചിക്കുഴഞ്ഞുള്ള പ്രസ്താവനകള്‍ കേട്ടപ്പോള്‍ നമുക്ക് മനസ്സിലായി ഇത് ആരും എയ്തു വിട്ട അമ്പല്ല, ഇവരിങ്ങനെയാണെന്ന്. അവര്‍ തന്നെ മാധ്യമങ്ങളോടു പറയുന്നു, ഞാനൊരു മന്ദബുദ്ധിയാണെന്ന് നിങ്ങള്‍ കരുതിക്കോളൂ എന്ന്. അത് ഞങ്ങള്‍ക്കും തോന്നി.

മന്ദബുദ്ധിയാണോ അതോ മന്ദബുദ്ധിയാണെന്ന് അഭിനയിക്കുകയാണോ എന്നും. ദീപാ നിശാന്തും വിധു വിന്‍സന്റും ഞാനും ഒന്നിച്ചിരുന്ന വേദിയില്‍ വിധു പ്രസംഗിക്കുമ്പോള്‍ പറഞ്ഞു ദീപ ഊര്‍മിളയുള്ള ചടങ്ങ് ബഹിഷ്‌കരിക്കരുതായിരുന്നു എന്ന്. വിധുവിന് ഇപ്പോള്‍ തോന്നുന്നുണ്ടാവാം ദീപാ നിശാന്തിന്റെ തീരുമാനം ശരിയായിരുന്നുവെന്ന്. അഭിമാനമുള്ള ഒരു സ്ത്രീയും നിങ്ങളോടൊത്ത് വേദിയെന്നല്ല സൗഹൃദം പോലും ആഗ്രഹിക്കില്ല.

നാലഞ്ച് പേര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചു എന്ന് ഒരു പെണ്ണും തമാശക്ക് പോലും പറയില്ല എന്ന് ചിന്തിക്കാന്‍ ഊര്‍മ്മിളക്കാവില്ല, കാരണം അത്തരം സംഭവങ്ങള്‍ നിങ്ങള്‍ക്കൊരു വിഷയമല്ലായിരിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യത്തിലെത്താനുള്ള ഒരു മാര്‍ഗ്ഗത്തിന് വേണ്ടി നിങ്ങള്‍ മന്ദബുദ്ധിയാണെന്ന് അഭിനയിക്കുന്നതാവാം. എന്തിനാണ് ഊര്‍മ്മിള ഉണ്ണി ഇങ്ങനെ പരിഹാസ്യയാവുന്നത്. നിങ്ങള്‍ മന്ദബുദ്ധിയാണെന്ന് നിങ്ങള്‍ക്ക് ഉത്തമ ബോധ്യമുണ്ടെങ്കില്‍ മിണ്ടാതിരിക്കൂ. ഒരു സ്ത്രീയെ സമൂഹ മാധ്യമങ്ങളില്‍ പരിഹസിച്ച് വലിച്ച് കീറുമ്പോള്‍ അവിടെ അപമാനിക്കപ്പെടുന്നത് സ്ത്രീ സമൂഹമാണ്. നിങ്ങളുടെ മകളും വരും ആ കൂട്ടത്തില്‍. ഒരു അമ്മയും ഒരു സ്ത്രീയും ചോദിക്കില്ല നടിക്കങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ എന്ന്.

നിങ്ങള്‍ക്കാരെയെങ്കിലും സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ അതായിക്കോളൂ. പക്ഷെ പെണ്ണിനെ പെണ്ണ് തന്നെ അപമാനിക്കരുത്. നാളെ നിങ്ങള്‍ക്കോ നിങ്ങളുടെ മകള്‍ക്കോ ഇത്തരമൊരു അനുഭവം വരാതിരിക്കട്ടെ. വന്നാലും പുറത്ത് പറയില്ലാ എന്നാണ് ഉത്തരമെങ്കില്‍ പിന്നെ ഒന്നും പറയാനില്ലെന്നും ഭാഗ്യലക്ഷ്മി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Top