ഉത്ര കൊലക്കേസിൽ സൂരജ് കുറ്റക്കാരൻ !കേരളം ഉറ്റു നോക്കിയ വിധി പുറത്ത്.വിധിപ്രഖ്യാപനം 13ന്.വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ.

കൊല്ലം : ഉത്ര കൊലക്കേസിൽ വിധി പുറത്ത് വന്നു .സൂരജ് കുറ്റക്കാരൻ എന്ന് കൊല്ലം ജില്ലാ കോടതി വിധി പറഞ്ഞു .ശിക്ഷ എന്താണ് എന്ന് പിന്നീട് പറയും. ഒരു വർഷത്തോളം നീണ്ട വിചാരണയ്‌ക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പറഞ്ഞത്.കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലയിൽ ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് പ്രതി. സംഭവത്തിൽ സൂരജ് കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം മാത്രമാകും കോടതി വ്യക്തമാക്കുക എന്നാണ് വിവരം. അടുത്ത ദിവസമാകും ശിക്ഷ സംബന്ധിച്ച വിധി പുറപ്പെടുവിക്കുക. സൂരജിന് വധ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം.

ആറാം നമ്പർ കോടതിയാണ് കേസ് പരിഗണിക്കുന്നത്. അത്യപൂർവ്വങ്ങളിൽ അപൂർവ്വമായ ഒന്നായാണ് ഉത്ര കൊലക്കേസ് കോടതി പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ വ്യത്യസ്തമായ രീതിയിലായിരുന്നു വിചാരണയുൾപ്പെടെ പൂർത്തിയാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്ര കേസ്  നാൾ വഴികൾ :

2020 മെയ് 7, അഞ്ചല്‍ ഏറം- അവിശ്വസനീയമായ ഒരു മരണ വാര്‍ത്തയാണ് കൊല്ലം അഞ്ചിലിൽ നിന്നും പുറത്ത് വന്നത്. ഒരു തവണ പാമ്പു കടിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവതി കഷ്ടിച്ച് ഒന്നര മാസത്തെ ഇടവേളയില്‍ വീണ്ടും പാമ്പിന്‍റെ കടിയേറ്റ് മരിച്ചു എന്ന വാര്‍ത്ത. ഏറം സ്വദേശികളായ വിജയസേനന്‍റെയും മണിമേഖലയുടെയും ഇരുപത്തിമൂന്നുകാരിയായ മകള്‍ ഉത്രയാണ് മരിച്ചത്. തനിക്കും കുഞ്ഞിനുമൊപ്പം സ്വന്തം വീടിന്‍റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഉത്രയെ ജനലിലൂടെ വീടിനുളളില്‍ കയറിയ മൂര്‍ഖന്‍ കടിച്ചു എന്ന ഭര്‍ത്താവ് സൂരജിന്‍റെ പ്രചാരണത്തില്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല.

പക്ഷേ ഉത്രയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞതോടെ പാമ്പു കടിച്ചുവെന്ന സൂരജിന്‍റെ കഥയില്‍ സംശയങ്ങള്‍ ഉയര്‍ന്നു തുടങ്ങി. മരണാനന്തര ചടങ്ങുകളിലെ സൂരജിന്‍റെ അമിതാഭിനയമാണ് ഉത്രയുടെ ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചത്. പാമ്പുകളോടുളള സൂരജിന്‍റെ ഇഷ്ടത്തെ കുറിച്ചുളള ചില സൂചനകളും കൂടി കിട്ടിയതോടെ പൊലീസിനെ സമീപിക്കാന്‍ ഉത്രയുടെ കുടുംബം തീരുമാനിക്കുകയായിരുന്നു. അതാണ് ഒരു ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ചത്.

അഞ്ചല്‍ പൊലീസിനെയാണ് ഉത്രയുടെ കുടുംബം ആദ്യം സമീപിച്ചത്. പക്ഷേ ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്‍റെ ദിശ മാറുന്നെന്ന് സംശയം ഉയര്‍ന്നതോടെ ഉത്രയുടെ കുടുംബം അന്നത്തെ കൊട്ടാരക്കര റൂറല്‍ എസ് പി ഹരിശങ്കറിനു മുന്നില്‍ പരാതിയുമായി നേരിട്ടെത്തി. മികച്ച കുറ്റാന്വേഷകന്‍ എന്ന പേരു കേട്ട ജില്ലാ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി എ.അശോകന്‍റെ നേതൃത്വത്തില്‍ പുതിയ സംഘം കേസ് അന്വേഷണം ഏറ്റെടുത്തു.

അന്നാണ് ഉത്രയുടെ കുടുംബത്തിന്‍റെ സംശയം ശരിവച്ചു കൊണ്ട് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലും അറസ്റ്റും നടന്നത്. പാമ്പുപിടുത്തക്കാരനില്‍ നിന്ന് പണം കൊടുത്തു വാങ്ങിയ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചു കൊല്ലുകയായിരുന്നു എന്ന അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍ നടുക്കത്തോടെയാണ് കേരളം അറിഞ്ഞത്. സൂരജും,സഹായിയായ പാമ്പു പിടുത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലായി.

2020 മാര്‍ച്ച് മാസത്തില്‍ അടൂരിലുളള സൂരജിന്‍റെ വീട്ടില്‍ വച്ച് ഉത്രയെ അണലി കടിച്ചിരുന്നു .പക്ഷേ ഉത്ര രക്ഷപ്പെട്ടു. ആ സംഭവവും ആസൂത്രിതമായി താന്‍ നടപ്പാക്കിയതാണെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു. മരണം ഉറപ്പാക്കാനാണ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങി രണ്ടാമത് കടിപ്പിച്ചതെന്നും സംശയങ്ങള്‍ ഒഴിവാക്കാനാണ് ഉത്രയുടെ വീട്ടില്‍ വച്ചു തന്നെ കൊലപാതകം നടത്തിയതെന്നും സൂരജ് പറഞ്ഞു.

മരിക്കുന്നതിന്‍റെ തലേന്ന് രാത്രിയോടെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി സൂരജ് നല്‍കി. ശേഷം മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചിരുന്ന ബാഗ് കാറില്‍ നിന്ന് എടുത്ത് കട്ടിലിന് അടിയിലേക്ക് മാറ്റി. അര്‍ധരാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പിച്ച ശേഷമാണ് ഉത്രയെ കൊല്ലാനുളള നീക്കങ്ങള്‍ സൂരജ് തുടങ്ങിയത്. കട്ടിലിനടയിലെ ബാഗില്‍ ഒരു പ്ലാസ്റ്റിക് ഭരണയിലാണ് മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചിരുന്നത്. രാത്രി പാമ്പിനെ എടുത്ത ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന ഉത്രയുടെ ശരീരത്തിലേക്ക് മൂര്‍ഖന്‍ പാമ്പിനെ കുടഞ്ഞിട്ടു. പക്ഷേ പാമ്പ് ഉത്രയെ കടിച്ചില്ല. ഇതോടെ പാമ്പിന്‍റെ ഫണത്തില്‍ പിടിച്ച് ഉത്രയുടെ കൈയില്‍ താന്‍ കടിപ്പിക്കുകയായിരുന്നെന്ന് സൂരജ് വിശദീകരിച്ചു. അതിനു ശേഷം പാമ്പിനെ മുറിയിലെ അലമാരയ്ക്കടിയിലേക്ക് വലിച്ചെറിഞ്ഞു. പാമ്പ് തിരികെയെത്തി തന്നെ കടിക്കുമോ എന്ന പേടിയില്‍ ഇരുകാലുകളും കട്ടിലില്‍ എടുത്തു വച്ച് രാത്രി മുഴുവന്‍ താന്‍ ഉറങ്ങാതെ ഉത്രയുടെ മൃതശരീരത്തിനൊപ്പം ഇരുന്നെന്നും സൂരജ് പൊലീസിനോട് പറഞ്ഞു.

അതേസമയം കൊല്ലം അഞ്ചൽ ഉത്ര വധക്കേസ് അന്വേഷണം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് മുൻ കൊല്ലം റൂറൽ എസ് പി എസ് ഹരിശങ്കർ. ഒരു ഘട്ടത്തിലും പ്രതി അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്ന് എസ് ഹരിശങ്കർ പറയുന്നു. പല തെളിവുകൾ നിരത്തിയിട്ടും കുറ്റസമ്മതം നടത്താൻ പ്രതി സൂരജ് തയാറായില്ല. കേസിൽ ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രതിക്ക് പരമാവതി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ് പി എസ് ഹരിശങ്കർ പറഞ്ഞു.

ഇതിനിടെ പ്രതി സൂരജിന് കുറ്റബോധമേ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി അശോകൻ പ്രതികരിച്ചിരുന്നു . പിടിക്കപ്പെടില്ല എന്ന മനോഭാവമായിരുന്നു സൂരജിന് ഉണ്ടായിരുന്നതെന്ന് ഡിവൈഎസ്പി അശോകൻ പറയുന്നു. തെളിവുകൾ നിരത്തിയപ്പോൾ പ്രതിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നതാണെന്നാണ് അന്വേഷണ സംഘ ഉദ്യോഗസ്ഥൻ പറയുന്നത്. കൊലപാതകം ചെയ്ത രീതി തന്നെയാണ് കേസ് ഏറ്റെടുത്തപ്പോൾ ഉണ്ടായ ഏറ്റവും വലിയ വെല്ലുവിളിയെന്നും ഡിവൈഎസ്പി ചൂണ്ടിക്കാട്ടി. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഡി.വൈ.എസ്.പി ആയിരുന്ന അശോകൻ  പറഞ്ഞു.

കേരള മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ ഇന്നാണ് വിധി പറയുക. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ അന്തിമ വിധി പറയുക. കൊലപാതകം നടന്ന് ഒന്നര വർഷത്തിനുള്ളിലാണ് കേസിൽ വിധിയെത്തുന്നത്.കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ പ്രത്യേകതകൾ ഏറെയുള്ള കേസാണ് ഉത്ര വധക്കേസ്. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വർഷവും 5 മാസവും 4 ദിവസവും പൂർത്തിയാവുമ്പോൾ വിധി പറയുന്നത്. 87 സാക്ഷികൾ, 288 രേഖകൾ, 40 തൊണ്ടിമുതലുകൾ. ഇത്രയുമാണ് കോടതിക്ക് മുന്നിൽ അന്വേഷണസംഘം ഹാജരാക്കിയത്.

Top