തൃശൂർ: ദേശീയ പൗരത്വ ബില്ലിൽ ഇന്ത്യാക്കാരായവർ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ. തൃശൂരിൽ പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ദേശീയ പൗരത്വ ബില്ലിന്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന കുപ്രചരണങ്ങൾക്ക് മറുപടി നൽകിയത്.
പീഡിപ്പിക്കപ്പെട്ടവർക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടിയാണ് ബില്ല് ഭേദഗതി ചെയ്തത്. രാഷ്ട്രീയ വൈരം വെച്ച് കുപ്രചാരണങ്ങൾ അഴിച്ചു വിടുന്നവർ ഒറ്റപ്പെടും. പൗരത്വ ബില്ലിൽ യുഎൻ ആശങ്ക പ്രകടിപ്പിച്ചതായി ഔദ്യോഗികമായി യാതൊരു വിവരവും ലഭിച്ചിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് സംസ്ഥാനത്തിന് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും പൗരത്വം കേന്ദ്രത്തിന്റെ വിഷയമാണെന്നും വി മുരളീധരൻ മറുപടി നൽകി.