
തിരുവനന്തപുരം: തോക്കും തിരയും കാണാതായത് സംസ്ഥാനസര്‍ക്കാര്‍ നിസാരവത്കരിക്കുന്നു. മന്ത്രിയുടെ ഗണ്‍മാന്‍ പ്രതിയായിട്ടും നടപടിയില്ല. ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. കേന്ദ്രസര്‍ക്കാര്‍ വിഷയം ഗൗരവത്തോടെ കാണുന്നു. വിവാദ കമ്പനിയായ ഗാലക്സോണിന് ബ്രിട്ടണ്‍ ബന്ധമുണ്ടെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.ഡി.ജി.പി ലോക്നാഥ് ബെഹ്‌റയുടെ ലണ്ടൻ യാത്രയിൽ ദുരൂഹതയുണ്ടെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ ഡി.ജി.പിക്ക് പണം വകമാറ്റാനാകില്ലെന്നും, പിണറായി അറിഞ്ഞാണോ തട്ടിപ്പെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.എ.ജി കണ്ടെത്തലുകള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും ഉചിതമായ സമയത്ത് ഇടപെടലുകള്‍ ഉണ്ടാകുമെന്നും വി.മുരളീധരന്‍ വ്യക്തമാക്കി. സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് ഡി.ജി.പി ലണ്ടനിലേക്ക് പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് ബെഹ്‌റ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ലോക്നാഥ് ബെഹ്‌റ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണം സി.എ.ജി റിപ്പോര്‍ട്ടില്‍ ഉണ്ട്.
ആ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിദേശയാത്ര വിവാദങ്ങള്‍ക്ക് വഴിവയ്ക്കുന്നത്.എന്നാല്‍, സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന പ്രകാരം ആയുധങ്ങള്‍ നഷ്ടമായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ലോക്നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.