തിരുവനന്തപുരം: 90 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഭരണപക്ഷ സ്ഥാനത്തുനിന്ന് മത്സരിച്ച ചിറയിന്‍കീഴ് എംഎല്‍എ വി ശശി നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഐസി ബാലകൃഷ്ണന് 45 വോട്ടുകളാണ് ലഭിച്ചത്.
ഒരു വോട്ട് അസാധുവായി. സ്പീക്കര്‍ തെരഞ്ഞെടുപ്പ് പോലെ രഹസ്യബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ വി ശശി നിയമസഭയില്‍ ഇത് രണ്ടാം ഊഴമാണ്. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍, ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടി, അനൂപ് ജേക്കബ്, സി മമ്മൂട്ടി എന്നിവര്‍ സഭയില്‍ എത്തിയിരുന്നില്ല. സ്വതന്ത്ര എംഎല്‍എ പിസി ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയിരുന്നു.
പിസി ജോര്‍ജിന്റേയും, ഒ രാജഗോപാലിന്റേയും വോട്ട് വേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഒരു വോട്ട് അധികമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണന് കിട്ടിയത് വിവാദത്തിന് ഇടയാക്കിയിരുന്നു.