തിരുവനന്തപുരം: പാഠപുസ്തകത്തില്‍ നിന്ന് ഇന്ത്യ മാറ്റി ഭാരത് എന്ന് ആക്കി മാറ്റാന്‍ എന്‍സിഇആര്‍ടി ശുപാര്‍ശ നല്‍കിയതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠ്യപുസ്തകങ്ങളെ കാവിവത്കരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള ഈ നീക്കം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ് എന്‍സിഇആര്‍ടിയുടെ നീക്കം. ഭാരതം എന്ന് ഉപയോഗിച്ചാല്‍ മതി എന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ്. ഇത് സങ്കുചിത രാഷ്ട്രീയമാണ്. എന്‍സിഇ ആര്‍ടിയുടെ ശുപാര്‍ശയെ കേരളം തുടക്കത്തിലെ തളളിയതാണ്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഉയര്‍ത്തിപിടിച്ചും യഥാര്‍ത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്ര ചിന്ത വളര്‍ത്തുന്നതുമായ ഒരു പാഠ്യപദ്ധതിയാണ് കേരളത്തില്‍ നടപ്പിലാക്കുക. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.