കൊച്ചി: അടുത്ത് വരുന്ന ഉപതിരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നു സീറ്റും പിടിക്കണം എന്ന് ലക്‌ഷ്യം വെക്കുന്ന ബിജെപി ആർ എസ്എസ് നേതൃത്വം കരുത്തരായ സ്ഥാനാർത്ഥികളെ തന്നെ ഇറക്കാനാണ് ലക്‌ഷ്യം വെക്കുന്നത്. ബിജെപി കരുതുന്ന എ ക്ലാസ് മണ്ഡലങ്ങളായ വട്ടിയൂർകാവും കോണിയും മഞ്ചേശ്വരവും നല്ല സ്ഥാനാർത്ഥികളും നല്ല പ്രവർത്തനവും കാഴ്ച്ചവെച്ചാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ വിജയം വരിക്കാം എന്നും കരുതുന്നു. മഞ്ചേശ്വരം പിടിക്കാൻ സംസ്ഥാന നേതാവായ വത്സൻ തില്ലങ്കേരിയെ ഇറക്കാനാണ് ആർഎസ്എസ് -ബിജെപി ലക്‌ഷ്യം വെക്കുന്നത് എന്നാണു ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ
നിലവിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം സമർപ്പിച്ച പട്ടികയ്ക്ക് പുറമെ, ആർഎസ്എസ് നോമിനിയായാണ് വത്സൻ തില്ലങ്കേരി പരിഗണിക്കപ്പെടുന്നത് എന്നാണ് സൂചന.
കണ്ണൂരിന് പുറമെ കർണാടകയിലും ആർഎസ്എസ് നേതാവ് എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ള വത്സൻ തില്ലങ്കേരിക്ക് മഞ്ചേശ്വരത്ത് നല്ല സ്വീകാര്യത ലഭിക്കുമെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരായി നടന്ന സമരത്തിന് നേതൃത്വം നൽകിയത് വത്സൻ തില്ലങ്കേരിക്ക് പ്രധാന മുതൽക്കൂട്ടാവുമെന്നും നേതൃത്വം കരുതുന്നു. ശബരിമല സമരം അക്രമാസക്തമായപ്പോൾ പൊലീസിന്റെ മെഗാ ഫോണ്‍ വാങ്ങി പതിനെട്ടാം പടിയില്‍ കയറി നിന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് വലിയ പ്രചാരണം ലഭിച്ചെന്നും ഇത് ഹൈന്ദവ വോട്ടുകളെ സ്വാധീനിക്കുമെന്നും ആർഎസ്എസ് നേതൃത്വം കണക്ക് കൂട്ടുന്നു. കണ്ണൂരിലെ അക്രമസംഭവങ്ങളുടെ പേരിലുള്ള ആരോപണങ്ങളെ മറികടക്കാൻ കഴിയും എന്നാണു നേതൃത്വം വിലയിരുത്തുന്നത്.
വെറും 89 വോട്ടുകൾക്കാണ് മഞ്ചേശ്വരം മണ്ഡലം കെ സുരേന്ദ്രന് നഷ്ടമായത്. ബിജെപിയുടെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കെ സുരേന്ദ്രയെന്ന അപരനും കിട്ടിയിരുന്നു 467 വോട്ടുകൾ. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 2016 ജൂലൈ 2നാണ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുന്നത്. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തതിനെ തുടര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിലെ അബ്ദുള്‍ റസാഖ് വിജിയിച്ചതെന്നായിരുന്നു സുരേന്ദ്രൻ ആരോപിച്ചത്.ഒക്ടോബർ 20 തീയതിയാണ് മഞ്ചേശ്വരം എംഎൽഎ ആയിരുന്ന അബ്ദുൾ റസാഖ് അന്തരിച്ചത്. ഇതാണ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വരാൻ കാരണം .
എന്നാൽ മണ്ഡലത്തിൽ നിന്നുതന്നെയുള്ള സ്ഥാനാർഥി വേണമെന്നും ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വ്യക്തിയായാൽ ഗുണം ചെയ്യുമെന്നുമാണ് പ്രാദേശിക ബിജെപി നേതൃത്വത്തിന്റെ വാദം. കഴിഞ്ഞ തവണ കാസർഗോഡ് മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച ഹിന്ദു ഐക്യവേദി നേതാവ് രവീശ തന്ത്രി കുണ്ടാർ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീശ് ഭണ്ടാരി എന്നിവരുടെ പേരുകളാണ് പ്രാദേശിക നേതൃത്വം നൽകിയ പട്ടികയിൽ ഉള്ളത്.