
സ്വന്തം ലേഖകൻ
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. പൊലീസ് അർജുനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നതിനിടയിൽ നാട്ടുകാരിൽ ഒരാൾ അർജുന്റെ മുഖത്തടിക്കുകയും, കത്തിക്ക് വെട്ടാൻ ശ്രമിക്കുകയുമുണ്ടായി.
പ്രതി അർജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് അറിഞ്ഞതോടെ രാവിലെ മുതൽ ചുരക്കുളം എസ്റ്റേറ്റിൽ നാട്ടുകാർ തടിച്ചുകൂടിയിരുന്നു.അർജുനുമായി പൊലീസ് എത്തിയതോടെ സ്ത്രീകൾ ഉൾപ്പടെയുള്ളവർ പാഞ്ഞടുക്കുകയായിരുന്നു.
പ്രതിഷേധത്തിനിടെ നാട്ടുകാരിൽ ഒരാൾ അർജുന്റെ മുഖത്തടിച്ചു. മറ്റൊരാൾ വെട്ടുകത്തിക്ക് ആക്രമിക്കാനും ശ്രമിച്ചു.
വളരെ പണിപ്പെട്ടാണ് കൊല നടന്ന ലയത്തിനകത്ത് അർജുനെ പൊലീസ് കയറ്റിയത്.തുടർന്ന് ഡമ്മി ഉപയോഗിച്ച് കുട്ടിയെ കെട്ടിത്തൂക്കിയതും, ജനലിലൂടെ പ്രതി രക്ഷപ്പെട്ടതുമെല്ലാം പൊലീസ് പുനരാവിഷ്‌കരിച്ചു.
ചൊവ്വാഴ്ച്ച അർജുന്റെ കസ്റ്റഡി കാലാവധി തീരുന്നതുവരെ സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.