പോലീസിനെതിരെ എസ്എഫ്‌ഐക്കാരന്റെ കവിത: തെറിവിളിയുമായി കേരള പോലീസിന്റെ സൈബര്‍ ആക്രമണം; വിദ്യാര്‍ത്ഥിക്കെതിരെ ഭീണണി

പോലീസിനെതിരെ കവിത ഫേസ്ബുക്കിലിട്ട വിദ്യാര്‍ത്ഥിക്ക് നേരെ പോലീസിന്റെ സൈബര്‍ ആക്രമണം. കേട്ടാല്‍ അറക്കുന്ന തെറിയും ഭീഷണിയുമായി പോലീസ് ഉദ്യോഗസ്ഥരെന്ന് പ്രൊഫൈലില്‍ രേഖപ്പെടുത്തിയവരാണ് അഴിഞ്ഞാടുന്നത്. ഫോണ്‍ വിളിച്ചും ഭീഷണി മുഴക്കിയെന്നും പരാതി ഉയരുന്നു.

വെനസ്വേലന്‍ കവി മിഗുവെല്‍ ജെയിംസിന്റെ ‘എഗയിന്‍സ്റ്റ് ദി പോലീസ്’ എന്ന കവിതയുടെ മലയാള പരിഭാഷയാണ് കൊല്ലം സ്വദേശിയും എസ്.എഫ്.ഐ നേതാവുമായ മുഹമ്മദ് ഹനീന് പോസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ സൈബര്‍ ആക്രമണം ആരംഭിക്കുകയായിരുന്നു. വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ തെറിവിളിക്കാനെത്തി. കേരള പോലീസ് സൈബര്‍ ഇടത്തില്‍ ശക്തമായ ഇടപെടലാണ് നടത്തുന്നത് എന്നാല്‍ അത്തരം എല്ലാ നല്ല പ്രവൃത്തികളെയും കാറ്റില്‍ പറത്തുന്ന ആഭാസ പ്രകടനമാണ് പോലീസ് നടത്തിയത്.

ആല്‍ബെര്‍ട്ടോ കെയ്റോ എന്നയാള്‍ പരിഭാഷപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിത മുഹമ്മദ് ഹനീന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയായിരുന്നു. പോലീസിനെ വിമര്‍ശിക്കുന്ന ഈ കവിത പോസ്റ്റ് ചെയ്തതോടെ സൈബര്‍ ആക്രമണം നടത്തുകയും മുഹമ്മദിനെ ഫോണില്‍വിളിച്ചു കള്ളക്കേസില്‍ കുടുക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയവരുള്‍പ്പെടെയുള്ള പോലീസുകാരാണ് മുഹമ്മദിന് നേരെ ഫേസ്ബുക്ക്, വാട്‌സ് ആപ് എന്നിവയിലൂടെ സൈബര്‍ ആക്രമണം നടത്തിയതും

പോലീസിനെ വിമര്‍ശിക്കാനുള്ള അവകാശം പൊതുജനത്തിനുണ്ടെന്ന് മുഹമ്മദ് ഹനീന് പിന്തുണയുമായി എത്തിയവര്‍ വാദിച്ചു. പരസ്യമായി ഒരിടത്ത് ഇത്ര തെറിപറഞ്ഞവര്‍ സ്റ്റേഷനകത്ത് എന്തായിരിക്കും കാണിക്കുക എന്നും ചിലര്‍ ആശങ്കപ്പെടുന്നു.

മുഹമ്മദ് ഹനീന്‍ പോസ്റ്റ് ചെയ്ത കവിത:

‘പോലീസിനെതിരെ’/ Miguel James, Venezuelan Poetry.

എന്റെ കലാജീവിതം മുഴുവൻ
പോലീസിനെതിരെയാണ്..

ഞാനൊരു പ്രണയ കവിതയെഴുതുമ്പോൾ
അത് പോലീസിനെതിരെയാണ്…
ഞാൻ ഉടലുകളുടെ നഗ്നതയെപ്പറ്റി
പാടുമ്പോൾ
അത് പോലീസിനെതിരെയാണ്…

ഞാനീ ഭൂമിയെ
ഒരു രൂപകമാക്കി മാറ്റുമ്പോൾ,
സത്യത്തിൽ പോലീസിനെതിരായ
ഒരു രൂപകം ചമയ്ക്കുകയാണ്…

എന്റെ കവിതകളിൽ
ഞാൻ കുപിതനായി സംസാരിക്കുമ്പോൾ
യഥാർത്ഥത്തിൽ എന്റെ രോഷം
പൊലീസിനോടാണ്..

ഞാൻ എന്നെങ്കിലും ഒരു കവിതയെഴുതുന്നതിൽ
വിജയിച്ചിട്ടുണ്ടെങ്കിൽ,
അത് പോലീസിനെതിരെയാണ്..

പൊലീസിനെതിരായിട്ടല്ലാതെ
ഞാനൊരു ഈരടിയോ ഒരു വരിയോ
ഒരു വാക്കുപോലുമോ കുറിച്ചിട്ടില്ല..

ഇന്നുവരെ ഞാനെഴുതിക്കൂട്ടിയ ഗദ്യമെല്ലാം
പൊലീസിനെതിരായിട്ടുള്ളതാണ്..

എന്റെ കലാജീവിതം,
ഈ കവിതയടക്കമുള്ള
എന്റെ സമ്പൂർണ്ണ കലാജീവിതം
എന്നും എപ്പോഴും പോലീസിനെതിരെ മാത്രമാണ്…

Top