സംസ്ഥാനത്ത് അല്‍പ്പസമയത്തിനകം വനിതാമതിലുയരും

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് അല്‍പ്പസമയത്തിനകം സംസ്ഥാനത്ത് വനിതാ മതിലുയരും. അമ്പതുലക്ഷത്തോളം വനിതകള്‍ ദേശീയപാതയില്‍ 15 മിനിറ്റ് മതിലിനായി കൈകോര്‍ക്കും. കാസര്‍ഗോട്ട് നിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വൈകീട്ട് നാലിന് മതിലുയരുക. മൂന്നര കഴിഞ്ഞ് റിഹേഴ്‌സലിനായി നിരന്നു തുടങ്ങും. നാലുമുതല്‍ നാലേകാല്‍ വരെയാണ് മതില്‍ ഉയര്‍ത്തുക. തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും. കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലിനെത്തും.

വെള്ളയമ്പലത്ത് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്, ആനി രാജ എന്നിവര്‍ പങ്കെടുക്കും. കാസര്‍ഗോട്ട് മതിലിന്റെ തുടക്കത്തില്‍ മന്ത്രി കെ.കെ. ശൈലജയുണ്ടാകും. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോര്‍ഗ്രൂപ്പ് നിയന്ത്രണത്തിനുണ്ടാകും. ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തായിരിക്കും സ്ത്രീകള്‍ നിരക്കുക. സാമൂഹികസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും നിശ്ചിതസ്ഥലത്ത് മൂന്നിന് തന്നെ വനിതകളെ എത്തിക്കും. മതില്‍ പൂര്‍ത്തിയായാല്‍ പ്രധാന കേന്ദ്രങ്ങളിലെ പൊതുയോഗത്തില്‍ പ്രമുഖര്‍ പങ്കെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും വെള്ളയമ്പലത്ത് യോഗത്തില്‍ പ്രസംഗിക്കും. മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും. നാല്‍ക്കവലകളില്‍ നിശ്ചിത സമയത്തിന് പത്തുമിനിറ്റുമുമ്പുമാത്രമേ മതിലൊരുക്കാവൂ. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസ് ക്രമീകരണങ്ങള്‍ ഒരുക്കി.

Top