ഭാര്യവീട്ടിലേക്ക് പോയ സിജോയെ കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നത് ആറുവര്‍ഷത്തിന് ശേഷം; വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരി പൊതുകല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത് ആ മൃതദേഹമോ?

കണ്ണൂര്‍: വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹം പത്ത് വര്‍ഷം മുന്‍പ് കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടേതാണെന്ന സംശയം. ഇതോടെ, പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. കല്ലറ തുറന്ന് വിശദമായ പരിശോധന നടത്താനാണ് നിലവില്‍ പൊലീസിന്റെ തീരുമാനം. ഇതിനായി നാളെത്തന്നെ ആര്‍ഡിഒയുടെ അനുമതി തേടുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അതുവരെ സെമിത്തേരിയിലെ കല്ലറയ്ക്ക് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് പള്ളി വികാരിയും വ്യക്തമാക്കി.

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോഴാണ് പെട്ടിയില്‍ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കൂടി കണ്ടെത്തിയത്. ക്രിസ്ത്യന്‍ മതവിശ്വാസപ്രകാരം ഇത്തരത്തില്‍ പായയില്‍ പൊതിഞ്ഞ് മൃതദേഹം സംസ്‌കരിക്കുന്ന രീതിയില്ലാത്തതിനാല്‍ സംഭവത്തില്‍ വലിയ ദുരൂഹതയാണ് ഉടലെടുത്തത്. പ്രദേശവാസിയായ ജില്‍സ് ഉണ്ണിമാക്കല്‍ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഈ വിവരം ആദ്യം പുറംലോകമറിയുന്നത്. തുടര്‍ന്ന് പള്ളി അധികൃതര്‍ കരിക്കോട്ടക്കരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹമാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കല്ലറയില്‍ മുന്‍പ് ഉണ്ടായിരുന്ന നമ്പര്‍ ഇടയ്ക്ക് മാറ്റിയതാണ് ആദ്യഘട്ടത്തില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കല്ലറയ്ക്കുള്ളില്‍ മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടാകാമെന്ന പള്ളി വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയിലിന്റെ സംശയം ദുരൂഹത വീണ്ടും വര്‍ദ്ധിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ്, 2014-ല്‍ കോഴിക്കോട് വിലങ്ങാട് വായാട് നിന്നും കാണാതായ ആലപ്പാട്ട് സിജോ സ്‌കറിയയുടെ കുടുംബം മൃതദേഹം തങ്ങളുടെ മകന്റേതാണോ എന്ന സംശയവുമായി രംഗത്തെത്തിയത്. 2014-ല്‍ വീട്ടുകാരുമായി ഉണ്ടായ വാക്കുതര്‍ക്കങ്ങളെത്തുടര്‍ന്ന് സിജോ സ്‌കറിയ വിലങ്ങാട് നിന്നും ഭാര്യക്കൊപ്പം ഭാര്യവീടായ കരിക്കോട്ടക്കരി വാണിയപ്പാറയിലേക്ക് പോയിരുന്നു. അതിനുശേഷം സിജോ വിലങ്ങോട്ടുള്ള മാതാപിതാക്കളുമായോ മറ്റ് ബന്ധുക്കളുമായോ യാതൊരുവിധ ബന്ധവും പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ 2020-ല്‍ മാത്രമാണ് സിജോയെ വാണിയപ്പാറയിലെ ഭാര്യവീട്ടില്‍ നിന്നും കാണാതായെന്ന വിവരം ബന്ധുക്കള്‍ യാദൃശ്ചികമായി അറിയുന്നത്. അന്ന് കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.

നിലവില്‍ കല്ലറയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം സിജോയുടേതാണോ എന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. സംഭവത്തില്‍ കടുത്ത ദുരൂഹത ആരോപിച്ച് സിജോയുടെ കുടുംബം സംസ്ഥാന ആഭ്യന്തരമന്ത്രിക്കും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നതിനു ശേഷം മാത്രമേ ഈ കാര്യത്തില്‍ അന്തിമ വ്യക്തത വരികയുള്ളൂ. പുതിയ പരാതിയും തെളിവുകളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ കരിക്കോട്ടക്കരി പൊലീസ് കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണങ്ങളിലേക്ക് കടക്കുകയാണ്.

 

Top