വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പ്രതികളായ പോലീസുകാരെ സര്‍വ്വീസിലെടുത്തു, സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് കുറ്റപത്രം തയ്യാറായതിനാല്‍

കൊച്ചി: വാരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ പോലീസുകാര്‍ വീണ്ടും സര്‍വ്വീസില്‍. പ്രതികളായ പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഇന്ന് ഉത്തരവ്. സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് എന്നിവരടക്കം ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്. ഐജി വിജയ് സാക്കറെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇവരെ തിരിച്ചെടുക്കുന്നത്.

ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന മുന്‍എറണാകുളം റൂറല്‍ എസ് പി എ വി ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയാക്കപ്പെട്ട പൊലീസുദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതില്‍ തടസ്സമില്ലെന്ന് ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി സസ്‌പെന്‍ഷനിലാണ് പൊലീസുദ്യോഗസ്ഥര്‍. സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പട്ട് പൊലീസുദ്യോഗസ്ഥര്‍ കൊച്ചി റെയ്ഞ്ച് ഐജിക്ക് നല്‍കിയ അപേക്ഷയിലാണ് നടപടി. കുറ്റപത്രം തയ്യാറായെന്നും പൊലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ അനുമതി വൈകാതെ തേടുമെന്നും അന്വേഷണ സംഘം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top