തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ഇന്നു ചേരുന്ന ബിജെപി കോര്‍ കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് നിലപാട് അറിയിക്കുമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നു.
എന്നാൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കാതിരുന്ന കുമ്മനം രാജശേഖരൻ അവസാനം പാര്‍ട്ടി തീരുമാനം അനുസരിക്കാൻ തയ്യാറായതായാണ് വിവരം. എട്ടു ജില്ലാ കമ്മിറ്റി അംഗങ്ങളാണ് കുമ്മനത്തോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ഇരുപത്തിയെട്ട് അംഗങ്ങളിൽ ഇരുപത്തിയേഴു പേരും കുമ്മനത്തിനെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
കഴിഞ്ഞ തവണ 7622 വോട്ടുകള്‍ക്കാണ് ബിജെപി വട്ടിയൂര്‍ക്കാവ് കൈവിട്ടത്. എന്നാൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ശശി തരൂരിനോട് 2836 വോട്ടുകളുടെ വ്യത്യാസം മാത്രമാക്കി കുറച്ച് കുമ്മനം വൻ മുന്നേറ്റം നടത്തിയിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള വട്ടിയുര്‍ക്കാവില്‍ ബിജെപി ജനകീയ സ്ഥാനാര്‍ത്ഥിയെ തന്നെ പരിഗണിക്കാനാണ് സാധ്യത.
നിലവിൽ തലസ്ഥാനത്തെ നേമം മണ്ഡലത്തിൽ നിന്നും വിജയിച്ച ഒ.രാജഗോപാൽ മാത്രമാണ് ബി.ജെ.പിയെ പ്രതിനിധാനം ചെയ്ത് നിയമസഭയിലുള്ളത്. കുമ്മനം മത്സരിക്കുകയാണെങ്കിൽ തലസ്ഥാനജില്ലയിൽ നിന്നും ഒരു ബി.ജെ.പി എം.എൽ.എ കൂടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അണികൾ.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ7622 വോട്ടുകൾക്കാണ് കുമ്മനത്തെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ.മുരളീധരൻ രണ്ടാമതും ജയിച്ചു കയറിയത്. പാർട്ടി നിർദേശപ്രകാരം വടകര ലോക്സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ അദ്ദേഹം എം.പിയായതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിനായി സജീവമായി പ്രചരണത്തിനിറങ്ങുമെന്ന് കെ.മുരളീധരൻ അറിയിച്ചിട്ടുമുണ്ട്.
വട്ടിയൂർക്കാവിൽ കോൺഗ്രസിന്റെ പരിഗണനയിൽ മുരളീധരന്റെ സഹോദരിയായ പദ്മജ വേണുഗോപാലിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. സി.പി.എം സ്ഥാനാർത്ഥിയായി തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തിനെ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.