കോണ്‍ഗ്രസിനു ലഭിക്കേണ്ടിയിരുന്ന സുപ്രധാന വകുപ്പുകള്‍ മുസ്ലിം ലീഗിനു വിട്ടുകൊടുത്തതില്‍ അതൃപ്തി പുകയുന്നു. ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകള്‍ ലീഗിനു കൊടുത്തതിലാണ് കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗത്തിനു അതൃപ്തി.
കോണ്‍ഗ്രസ് ദീര്‍ഘകാലമായി കൈവശം വയ്ക്കുന്ന വകുപ്പുകളാണ് ഫിഷറീസും ഗ്രാമ വികസനവും. ഇവ ലീഗിനു കൈമാറുന്നതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം അതൃപ്തിയുണ്ട്. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് വകുപ്പ് മാറ്റമെന്നും വിമര്‍ശനമുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്തപ്പോള്‍ പകരം ഫിഷറീസ് വകുപ്പ് വേണമെന്നായിരുന്നു ലീഗിന്റെ നിലപാട്. ലത്തീന്‍ സഭ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഫിഷറീസ് വകുപ്പ് കോണ്‍ഗ്രസ് വിട്ടുകൊടുക്കരുതെന്നായിരുന്നു ലത്തീന്‍ സഭയുടെ ആവശ്യം. ഇതിനിടെയാണ് ഫിഷറീസ് വകുപ്പും ഗ്രാമ വികസന വകുപ്പും ലീഗിനു വിട്ടുകൊടുക്കാന്‍ തീരുമാനമായത്. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ലീഗിനു വഴങ്ങുകയാണെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിമര്‍ശനം.


