തിരുവനന്തപുരം: പുതിയ കോവിഡ് വകഭേദം ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രത്തിൽ നിന്ന് ജാഗ്രതാ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ പ്രകാരമുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം. നിലവിൽ ഉള്ളത് പോലെ കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
പുതിയ വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (WHO) പഠനം നടത്തുകയാണ്. നിലവിലെ വാക്‌സിനുകൾ അതിജീവിക്കാനുള്ള കഴിവ് പുതിയ വൈറസ് വകഭേദത്തിനുണ്ടോ എന്നാണ് പഠിക്കുന്നത്. എല്ലാവരും മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
നിലവിൽ രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആരിലും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പല രാജ്യങ്ങളിലേക്കും ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. ഇസ്രായേലിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരുന്ന വ്യക്തിക്കാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക, കാനഡ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലേക്കുള്ള വിമാന സർവീസുകൾ നിർത്തി വെച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ നിലവിൽ നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല.