തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ തൊഗാഡിയയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വെള്ളാപ്പള്ളി ആര്‍.എസ്.എസിന്റെ പാവയായി മാറിയിരിക്കുകയാണ്. അമിത് ഷായും മോദിയും വെള്ളാപ്പള്ളിക്ക് എന്ത് ഓഫറാണ് നല്‍കിയതെന്ന് അറിയാന്‍ താത്പര്യമുണ്ട്. ആര്‍.എസ്.എസ്. ബുദ്ധിജീവികളുടെ തിരക്കഥ അനുസരിച്ചാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നതെന്നും പൊതുസമൂഹത്തിന് അദ്ദേഹത്തെക്കൊണ്ട് യാതൊരു ഉപകാരമില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
തനിക്കെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം അദ്ദേഹത്തിന് തന്നെയാണ് യോജിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. സമത്വ മുന്നേറ്റയാത്ര ആര്‍.എസ്.എസിന്റെ ക്വട്ടേഷന്‍ യാത്രയാണെന്നു പറഞ്ഞ വി.എം സുധീരനെതിരെ രൂക്ഷമായിട്ടാണ് വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നത്. സുധീരനെ പോലെയൊരു തറയും വിവരദോഷിയുമായ നേതാവിനെ വേറെ കണ്ടിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. അതേ സമയം കോഴിക്കോട് മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയ സര്‍ക്കാര്‍ നടപടിയെ അപഹസിച്ച് കൊണ്ട് വെള്ളാപ്പള്ളി രംഗത്ത് എത്തി. നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയത് അദ്ദേഹം മുസ്‌ലിമായതിന്റെ പേരിലാണെന്നും കേരളത്തില്‍ മരിക്കണമെങ്കില്‍ മുസ്‌ലിമായി മരിക്കണമെന്നുമാണ് വെള്ളാപ്പള്ളി പ്രസംഗിച്ചത്. സമത്വമുന്നേറ്റ യാത്രക്കിടെ കൊച്ചിയില്‍ വെച്ചാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം.