മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചെന്ന് റിപ്പോര്‍ട്ട്

image

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇനി രക്ഷപ്പെടാന്‍ സാധിക്കില്ല. വെള്ളാപ്പള്ളിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിര്‍ദ്ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്.

വിജിലന്‍സ് പ്രത്യേകസംഘം അടുത്തയാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ വെള്ളാപ്പള്ളിക്കെതിരേ ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും ചുമത്തും. അതിനുശേഷം വിജിലന്‍സ് കോടതി മുമ്പാകെ എഫ്ഐആര്‍ സമര്‍പ്പിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളാപ്പള്ളിയെ കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍, സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്. നജീബ് എന്നിവരാണു മറ്റു പ്രതികള്‍. പിന്നാക്ക വികസന കോര്‍പറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥനത്തിലാണ് വിജിലന്‍സ് അന്വേഷണമാരംഭിച്ചത്.

15 കോടിയോളം രൂപ എസ്എന്‍ഡിപി യോഗത്തിനു പിന്നോക്ക വികസന കോര്‍പറേഷന്‍ വായ്പയായി നല്‍കി. ഈ തുക യോഗം ശാഖകള്‍ വഴി വിതരണം ചെയ്തത് അമിതപലിശയ്ക്കായിരുന്നു. അഞ്ചു ശതമാനത്തില്‍ താഴെ പലിശയേ ഈടാക്കാവൂ എന്ന വ്യവസ്ഥ മറികടന്ന് 10-15% പലിശ ഗുണഭോക്താക്കളില്‍നിന്ന് ഈടാക്കി. പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുര്‍വിനിയോഗം ചെയ്തതായും വിജിലന്‍സ് കണ്ടെത്തി.

വായ്പ അംഗങ്ങള്‍ക്കു നേരിട്ടു നല്‍കാതെ വെള്ളാപ്പളളിയുടെ പേരിലുള്ള ചെക്കായാണ് നല്‍കിയത്. ആനുകൂല്യം കൈപ്പറ്റിയ സ്വാശ്രയസംഘങ്ങളുടെ സാക്ഷ്യപത്രവും ഗ്രൂപ്പ് ഫോട്ടോയും ഉള്‍പ്പെടെയുള്ള രേഖകള്‍ കോര്‍പറേഷനില്‍ ഹാജരാക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. ക്രമവിരുദ്ധമായ ഇടപാട് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുക്കാതെ, 2015ല്‍ കോര്‍പറേഷന്‍ അഞ്ചുകോടി രൂപകൂടി വായ്പ നല്‍കി.

ഇക്കാര്യത്തില്‍ ഗുരുതരവീഴ്ചയാണ് കോര്‍പറേഷന്റെ ഭാഗത്തുനിന്നുണ്ടായതെന്നു വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ കരട് ഒന്‍പതിനു മുമ്പു സമര്‍പ്പിക്കാനാണു വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം. പഴുതുകളടച്ച അന്വേഷണമാകണം നടത്തേണ്ടതെന്നും കോടതിയിലെത്തുമ്പോള്‍ തെളിവുകളുടെ അഭാവമുണ്ടാകരുതെന്നും ജേക്കബ് തോമസ് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പറയുന്നു.

Top