കാരക്കസ്: ദക്ഷിണ അമേരിക്കന്‍ രാജ്യമായ വെനസ്വേലയെ പിടിച്ചുകുലുക്കിയ വന്‍ ഇരട്ട ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 235 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി വെനസ്വേലന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ഇരുന്നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 1,500 ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഭൂചലനത്തിന് പിന്നാലെ പതിനായിരത്തിലേറെ പേരെ കാണാതായതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്തോറും മരണസംഖ്യ ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ ഇടവേളയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂചലനങ്ങള്‍ രാജ്യം നേരിട്ടത്. വെനസ്വേലയുടെ ചരിത്രത്തില്‍ ഒരു നൂറ്റാണ്ടിനിടയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. വന്‍കിട ഹോട്ടലുകള്‍ ഉള്‍പ്പെടെ ഇരുനൂറിലേറെ ബഹുനില മന്ദിരങ്ങളാണ് നിമിഷങ്ങള്‍ക്കകം നിലംപതിച്ചത്.
തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടം; വിമാനത്താവളം അടച്ചു
തലസ്ഥാനമായ കാരക്കസിന്റെ വടക്കന്‍ തീരദേശ മേഖലയായ ലാ ഗൈറയിലാണ് ഭൂചലനം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. മേഖലയിലെ പ്രധാന വിമാനത്താവളത്തിന് കടുത്ത കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. ഇത് വിദേശത്തുനിന്നടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ ദുരന്തഭൂമിയിലേക്ക് എത്തുന്നതിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തകര്‍ന്ന കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ നിന്നും പരിക്കേറ്റ മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ അങ്ങേയറ്റം ഹൃദയഭേദകമാണ്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു:
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വെനസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ മുഴുവന്‍ രക്ഷാസേനകളെയും ലാ ഗൈറയിലേക്ക് കേന്ദ്രീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. തകര്‍ന്ന വീടുകളുടെയും ആശുപത്രികളുടെയും പുനര്‍നിര്‍മ്മാണത്തിനായി അടിയന്തരമായി 200 മില്യണ്‍ ഡോളറിന്റെ പ്രത്യേക ഫണ്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ലോകരാജ്യങ്ങളുടെ സഹായഹസ്തം; ഉപരോധം നീക്കി അമേരിക്ക
ലഭ്യമായ വിവരങ്ങള്‍ പ്രകാരം മെക്‌സിക്കോ, ഖത്തര്‍, ബ്രസീല്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ വെനസ്വേലയ്ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക സൈനിക വിഭാഗം, സ്‌നിഫര്‍ നായ്ക്കള്‍, മെഡിക്കല്‍ സാമഗ്രികള്‍, ഡ്രോണുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍ എന്നിവയുമായി നിരവധി കപ്പലുകളും വിമാനങ്ങളും വെനസ്വേലയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. വത്തിക്കാനില്‍ നിന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആദ്യഘട്ട ധനസഹായമായി ഒരു ലക്ഷം യൂറോ കൈമാറി.
ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് അമേരിക്ക വെനസ്വേലയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ ഒക്ടോബര്‍ 23 വരെ താല്‍ക്കാലികമായി നീക്കി. ഇതിനുപുറമെ 150 മില്യണ്‍ ഡോളറിന്റെ അടിയന്തര ആശ്വാസ പാക്കേജും യു.എസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഇരട്ടപ്രഹരം
കനത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെ വെനസ്വേല കടന്നുപോകുന്നതിനിടയിലാണ് പ്രകൃതിദുരന്തം രാജ്യത്തെ പിടിച്ചുലയ്ക്കുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യയും അമേരിക്കന്‍ കസ്റ്റഡിയിലാണ്. നിലവില്‍ അമേരിക്കന്‍ പിന്തുണയുള്ള താല്‍ക്കാലിക ഭരണകൂടമാണ് രാജ്യത്തുള്ളത്. ഭരണപരമായ ഈ പ്രതിസന്ധികള്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തെ ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ആക്ടിങ് ഗവണ്‍മെന്റ്.


