തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ റെയ്ഡിന് പിന്നാലെ അന്വേഷണം ശക്തമാക്കാന്‍ ഒരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). റെയ്ഡില്‍ പിടിച്ചെടുത്ത നിര്‍ണായക രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാകും ഇഡിയുടെ അടുത്ത ഘട്ട തുടര്‍നടപടികള്‍. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ അടക്കമുള്ളവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ഉടന്‍ നോട്ടീസ് നല്‍കും.
ഇന്നലെ നടന്ന റെയ്ഡില്‍ വളരെ പ്രധാനപ്പെട്ട രേഖകള്‍ ലഭിച്ചതായി ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്. സിഎംആര്‍എല്ലില്‍ നിന്നും എക്‌സാലോജിക് കമ്പനിക്ക് ലഭിച്ച പണത്തിന്റെ രേഖകള്‍ക്ക് പുറമെ, കമ്പനിയില്‍ നിന്നും കൈക്കൂലിയായി പണം പറ്റിയ മറ്റ് പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളും റെയ്ഡിലൂടെ ഇഡിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്ര ഏജന്‍സിയുടെ തീരുമാനം.
മുന്‍പ് നടന്ന പ്രാഥമിക ചോദ്യം ചെയ്യലില്‍ ചില കാര്യങ്ങളില്‍ വ്യക്തതക്കുറവ് ഉണ്ടായ സാഹചര്യത്തിലാണ് വീണ വിജയനെ വീണ്ടും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നത്. എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലിന് ഏത് തരത്തിലുള്ള ഐടി സൊല്യൂഷനുകളാണ് നല്‍കിയതെന്നും, അതിനായി നടത്തിയ ഇടപാടുകളുടെ യഥാര്‍ത്ഥ രേഖകള്‍ കണ്ടെത്തുകയുമാണ് ഇഡിയുടെ പ്രധാന ലക്ഷ്യം. നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഏകദേശം 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിട്ടുണ്ട്.


