കൊച്ചി :പുറമ്പോക്ക് തോട് നികത്തി റോഡ് നിർമ്മിച്ച കേസിൽ എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. അധികാരദുർവിനിയോഗം നടത്തിയെന്ന പരാതിയിൽ ആണ് പി ടി തോമസ് എം എൽ എയ്ക്കെതിരെ വിജിലൻസ് അന്വേഷണം വന്നത് . തോട് നികത്തി റോഡ് നിർമ്മിച്ചുവെന്ന പരാതിയിൽ പി ടി തോമസ് എം എൽ എയ്ക്കും, കൊച്ചി മേയർ സൗമിനി ജെയ്നിനുമെതിരെ പ്രാഥമിക അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എംഎൽഎയ്ക്കെതിരായ അന്വേഷണത്തിന് സർക്കാർ അനുമതി വേണ്ടതിനാൽ അന്വേഷണ അനുമതി വിജിലൻസ് തേടിയിരുന്നു. കൊച്ചി കോർപ്പറേഷനിലെ 57-ാം ഡിവിഷനിലാണ് പരാതിക്കാസ്പദമായ നികത്തൽ നടന്നത്. എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റിക്കു വേണ്ടി ചിലവന്നൂർ കായൽ പൊന്നോത്തുചാലുമായി കൂടിച്ചേരുന്ന കായൽ ഭാഗത്തെ തോട് പുറംമ്പോക്ക് കയ്യേറി നികത്തി റോഡ് നിർമ്മിച്ചതിനെതിരായാണ് പരാതി ഉയർന്നത്.
മേയറും, പി ടി തോമസ് എം എൽ എ യും അധികാര ദുർവിനിയോഗം നടത്തിയെന്ന് ചൂണ്ടി കാണിച്ചായിരുന്നു വിജിലൻസ് കോടതിയിൽ പരാതി. ഇവിടെ ചതുപ്പുനിലം നികത്തി കളിസ്ഥലം, പാർക്ക് എന്നിവ നിർമ്മിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. പിടി തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് സൊസൈറ്റി ഭൂമിയിലേക്ക് റോഡ് നിർമ്മാണത്തിന് തീരുമാനമെടുത്തത്. തീരദേശ പരിപാലന നിയമവും, തണ്ണീർത്തട സംരക്ഷണ നിയമവും ലംഘിച്ചാണ് റോഡ് നിർമ്മാണമെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.