തിരുവനന്തപുരം: ഇനിമുതല്‍ വലിയ പദ്ധതികളിലെല്ലാം വിജിലന്‍സ് കണ്ണുണ്ടാവും. സംസ്ഥാനത്ത് നടപ്പാക്കുന്ന അഞ്ചുകോടിക്ക് മുകളിലുള്ള എല്ലാ പദ്ധതികള്‍ക്കും വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കുന്നു. പദ്ധതി തയ്യാറാക്കുന്നതിലും നിര്‍വഹണത്തിലും അഴിമതി പൂര്‍ണമായി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ വിജിലന്‍സ് മേധാവി ജേക്കബ്തോമസ് സമര്‍പ്പിച്ച പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. സര്‍ക്കാരിന്റെ 15 വകുപ്പുകളിലെ അഞ്ചുകോടിക്ക് മുകളിലുള്ള ഇരുനൂറോളം പദ്ധതികളുടെ വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചുതുടങ്ങി.പദ്ധതിവിവരങ്ങള്‍ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട് ‘
പദ്ധതിരേഖകളും ധനവിനിയോഗത്തിന്റെ വിവരങ്ങളും പദ്ധതി നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും വിവരങ്ങളുമടക്കം ശേഖരിക്കുന്നുണ്ട്. പദ്ധതികളുടെ സൂക്ഷ്മപരിശോധനയ്ക്ക് വിജിലന്‍സ് ആസ്ഥാനത്തെ എക്സിക്യുട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ചുമതലപ്പെടുത്തി.
അടിസ്ഥാനസൗകര്യ നിക്ഷേപ നിധിയിലൂടെ (കിഫ്ബി) നടപ്പാക്കുന്ന 4,004 കോടിയുടെ 48പദ്ധതികളും പരിശോധിക്കും. വന്യജീവി ആക്രമണം തടയാന്‍ വനത്തില്‍ 110 കോടിക്ക് വേലി നിര്‍മ്മാണം, വ്യവസായ വകുപ്പിന്റെ 1,246 കോടിയുടെ പദ്ധതികള്‍, ജലഅതോറിട്ടിക്ക് 1257കോടിയുടെ കുടിവെള്ളവിതരണ പദ്ധതികള്‍, 611കോടിയുടെ റോഡ് നവീകരണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാന്‍ ആദ്യഗഡുവായി 1740.53കോടി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഈ പദ്ധതികളില്‍ വിജിലന്‍സിന്റെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമേ തുടര്‍ നടപടികളുണ്ടാവൂ. ബഡ്ജറ്റിന്റെയോ സംസ്ഥാനപദ്ധതിയുടെയോ ഭാഗമല്ലാത്തതാണ് കിഫ്ബിയിലെ വികസന പദ്ധതികള്‍.
പദ്ധതിനടത്തിപ്പുകളിലെ അഴിമതി തടയാന്‍ എല്ലാവകുപ്പുകളിലും ആഭ്യന്തരവിജിലന്‍സ് സംവിധാനം ശക്തമാക്കണമെന്ന് ജേക്കബ് തോമസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട വകുപ്പുകളിലെ ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഫെബ്രുവരി ആദ്യവാരം വിജിലന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. പദ്ധതിവിഹിതം ചെലവഴിക്കാതെ പാഴാക്കുന്നതും വിജിലന്‍സ് നിരീക്ഷിക്കും.
ആഗസ്റ്റില്‍ പുതുക്കിയ ബഡ്ജറ്റില്‍ വകയിരുത്തിയ 30,570 കോടി അടങ്കലില്‍ 35 ശതമാനം പണംപോലും ഇതുവരെ ചെലവഴിക്കാനായിട്ടില്ലെന്ന് 'കേരളകൗമുദി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് വകുപ്പു സെക്രട്ടറിമാരുടെ അദ്ധ്യക്ഷതയിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പരിധി അഞ്ചുകോടിയില്‍നിന്ന് 10കോടിയാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.പുതുതായി സര്‍ക്കാര്‍സര്‍വീസിലെത്തുന്ന എല്ലാ ജീവനക്കാര്‍ക്കും ഫെബ്രുവരി മുതല്‍ വിജിലന്‍സിന്റെ അഴിമതി വിരുദ്ധപരിശീലനം നിര്‍ബന്ധമാക്കി. ഇതിനായി വിജിലന്‍സ് ഒരാഴ്ചത്തെ കോഴ്സ് നടത്തും.