വളാഞ്ചേരി:വെണ്ടല്ലൂരില്‍ പാചകവാതക ഏജന്‍സി ഉടമയെ വെട്ടിക്കൊലപ്പെടുത്തിയത് ഭാര്യയും സുഹൃത്തും ചേര്‍ന്ന്നടത്തിയ ക്രൈം സ്റ്റോരിയിലൂടെ .കൊല്ലപ്പെട്ട വിനോദ്കുമാറിന് കൊല്ലത്തെ ഒരു യുവതിയുമായി അവിഹിതബന്ധമുണ്ടായിരുന്നു എന്നത് മതം മാറി വിനോദിന്റെ കൂടെ താമസിച്ച ജ്യോതി അറിയുന്നു. തനിക്കവകാശപ്പെട്ട സ്വത്ത് നഷ്ടമാകാന്‍ ഈ ബന്ധം കാരണമാകുമെന്ന് ജ്യോതി ഭയപ്പെടുകയും കൊലപാതകത്തിന് പദ്ധതിയിടുകയും ചെയ്തു.ജ്യോതി കൃത്യം നടത്താന്‍ മുഹമ്മദ് യൂസഫിന്റെ സഹായംതേടുകയായിരുന്നു. ജ്യോതി ഫോണ്‍ചെയ്ത് ആവശ്യപ്പെട്ടതുപ്രകാരം മുഹമ്മദ് യൂസഫ് വ്യാഴാഴ്ച വൈകീട്ട് വളാഞ്ചേരിയിലെത്തി വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.എറണാകുളത്തുനിന്ന് ബസിലെത്തിയ ഇയാളെ ജ്യോതി കാറില്‍ വെണ്ടല്ലൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വിേനാദ്കുമാര്‍ രാത്രി പത്തരയോടെയാണ് വീട്ടിലെത്തിയത്. കിടന്നുറങ്ങിയ വിനോദ്കുമാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഇരുവരും ചേര്‍ന്ന് ആയുധവുമായി കിടപ്പുമുറിയിലെത്തി. ഒരുവശത്തേക്ക് തിരിഞ്ഞുകിടക്കുമ്പോള്‍ കൊലപ്പെടുത്തുന്നതാണ് സൗകര്യമെന്നുകരുതി കാത്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മുഹമ്മദ് യൂസഫ് വെട്ടിപ്പരിേക്കല്‍പ്പിച്ചു. മരിച്ചെന്നുകരുതി ഇരുവരും മുറിയില്‍നിന്ന് പുറത്തിറങ്ങി. വിനോദ്കുമാര്‍ ആരെയോ ഫോണില്‍വിളിക്കുന്ന ശബ്ദംകേട്ടതോടെ തിരിച്ചുചെന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് യൂസഫ് എറണാകുളത്തുനിന്നുവന്ന് വളാഞ്ചേരിയില്‍ ബസിറങ്ങുന്നത്. വളാഞ്ചേരിയിലെത്തിയ വിവരം ജ്യോതിയെ വിളിച്ചറിയിച്ചു. അങ്ങാടിയില്‍നിന്ന് അല്പം മാറിനിന്ന യൂസഫിനെ ജ്യോതി തന്റെ കാറില്‍കയറ്റി വീട്ടിലേക്കുകൊണ്ടുവന്നു. വരുന്നവഴി യൂസഫിനെ ആരും കാണാതിരിക്കാന്‍ പിന്‍വശത്തെ സീറ്റില്‍ കിടത്തിയശേഷം ദേഹത്ത് പുതപ്പുമൂടിയാണ് വീട്ടിലെത്തിച്ചത്. അകത്ത് മുകളിലെ മുറിയില്‍ യൂസഫിനെ ഒളിപ്പിച്ചു. രാത്രി പത്തരയ്ക്ക് വീട്ടിലെത്തിയ വിനോദ്കുമാര്‍ ഉറങ്ങാന്‍ കിടന്നു. രാത്രി പന്ത്രണ്ടോടെ താഴേക്കിറങ്ങിവന്ന യൂസഫ് ജ്യോതിയോടൊപ്പം വിനോദിന്റെ മുറിയിലെത്തി. അടുക്കളയില്‍നിന്ന് ജ്യോതി കൊണ്ടുവന്നുകൊടുത്ത കത്തിയുമായി വെട്ടാന്‍ നോക്കിയെങ്കിലും മലര്‍ന്നുകിടന്ന് ഉറങ്ങുന്നതിനാല്‍ സാധിച്ചില്ല. ഒരുമണിയോടെ വീണ്ടും വെട്ടാനായി ഇരുവരും വന്നു. ഈസമയം വിനോദ് ചരിഞ്ഞുകിടന്ന് ഉറങ്ങുകയായിരുന്നു. യൂസഫ് കഴുത്തിന് വെട്ടി. എങ്കിലും വിനോദ് ഉണര്‍ന്നു. ഫോണെടുത്ത് സംസാരിക്കാന്‍ ശ്രമിക്കുന്നതുകണ്ട വിനോദിനെ പിന്നെ ഇരുവരുംചേര്‍ന്ന് വെട്ടിവീഴ്ത്തുകയായിരുന്നു.
കൊന്നതിന് പ്രത്യുപകാരമായി 3.40 ലക്ഷംരൂപ ജ്യോതി യൂസഫിന് കൊടുത്തു. കവര്‍ച്ച നടന്നതാണെന്നു വരുത്തിത്തീര്‍ക്കാനായി അഞ്ച് ആയിരംരൂപയുടെ നോട്ടുകള്‍ നിലത്ത് വിതറിയിട്ടു.
തുണിയെടുത്ത് തന്റെ കൈകള്‍ പിന്നോട്ടുകെട്ടി തുണി വായില്‍തിരുകി പുറത്തുകിടക്കുന്ന കാറുമെടുത്ത് രക്ഷപ്പെടാന്‍ ജ്യോതി യൂസഫിനോട് പറഞ്ഞു. എന്നാല്‍ അതുചെയ്യാന്‍ പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞ യൂസഫിനോട്, എന്നാല്‍ കഴുത്തില്‍ മുറിവുണ്ടാക്കി രക്ഷപ്പെടാനാവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് അടുക്കളയിലുപയോഗിക്കുന്ന പേനാക്കത്തികൊണ്ട് കഴുത്തില്‍ മുറിവുണ്ടാക്കിയാണ് യൂസഫ് കാറുമായി പോയത്. ദേശീയപാതയില്‍ മാണൂരില്‍ കാറുപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി യൂസഫ് എറണാകുളത്തേക്ക് പോവുകയായിരുന്നു.പോകുമ്പോള്‍ വെണ്ടല്ലൂരിലെ വീട്ടില്‍നിന്ന് നാല് മൊബൈല്‍ഫോണുകളും ഇയാള്‍ എടുത്തിരുന്നു. ഇത് ഓരോന്നായി പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയുംചെയ്തതായി പോലീസ് പറഞ്ഞു. എളമക്കരയിലെ വീട്ടില്‍നിന്നാണ് മുഹമ്മദ് യൂസഫിനെ വളാഞ്ചേരി സി.ഐ കെ.ജി. സുരേഷും സംഘവും അറസ്റ്റുചെയ്തത് .തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ യൂസഫിനെ കൂടുതല്‍ തെളിവെടുപ്പിനായി തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍വാങ്ങും.ചികിത്സയിലുള്ള ഭാര്യയെ ആസ്പത്രിവിട്ടാല്‍ അറസ്റ്റുചെയ്യാനാണ് പോലീസിന്റെ തീരുമാനം.