കൊല്‍ക്കത്ത: അനവസരങ്ങളിലും സെല്‍ഫികളുടെയും ഫോട്ടോകളുടെയും കാലമാണിന്ന്. പക്ഷേ ഇത് ചില സന്ദര്‍ഭങ്ങളില്‍ അപകടവും വരുത്തി വയ്ക്കും. ഇത്തരത്തില്‍ പിടികൂടിയ പെരുമ്പാമ്പിനെ കഴുത്തിലിട്ട് സെല്‍ഫിയെടുത്ത ഫോറസ്റ്റ് ഓഫിസര്‍ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്.
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ പെരുമ്പാമ്പ് എത്തിയതായും ആടിനെ വിഴുങ്ങിയതായും നാട്ടുകാര്‍ ഫോറസ്റ്റ് ഓഫിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫോറസ്റ്റ് റേഞ്ചര്‍ സഞ്‌ജോയ് ദത്തും അദ്ദേഹത്തിന്റെ സഹായിയും സംഭവ സ്ഥലത്തെത്തി. 18 അടി നീളവും 4 കിലോ ഭാരവുമുളള പെരുമ്പാമ്പിനെ പിടികൂടി.
സാധാരണ പാമ്പിനെ പിടികൂടിയാല്‍ ഉടന്‍ തന്നെ ചാക്കിലാക്കി പിന്നീട് കാടിനുളളില്‍ തുറന്നു വിടുകയാണ് ചെയ്യാറുളളത്. പക്ഷേ ഇവിടെയാകട്ടെ ഫോറസ്റ്റ് ഓഫിസര്‍ പാമ്പിനെ കഴുത്തിലിട്ട് സെല്‍ഫിയ്ക്ക് പോസ് ചെയ്തു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ പാമ്പ് ഓഫിസറുടെ കഴുത്തില്‍ വരിഞ്ഞു മുറുകാന്‍ തുടങ്ങി. ഇതു കണ്ട സഹായി ഓടിയെത്തുകയും ചുറ്റിവരിഞ്ഞ പാമ്പിനെ എടുത്തുമാറ്റാന്‍ സഹായിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് ഫോറസ്റ്റ് ഓഫിസര്‍ രക്ഷപ്പെട്ടത്.