രണ്ട് തലയുള്ള പാമ്പുകളെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അത്തരത്തില്‍ അപൂര്‍വ്വമായ ഒരു സംഭവം യുകെയിലെ ഒരു പെറ്റ് സ്റ്റോറിലുണ്ടായി. ഇവിടെ മുട്ട വിരിഞ്ഞുണ്ടായ പാമ്പിന്‍ കുഞ്ഞുങ്ങളില്‍ ഒന്നിന് രണ്ട് തലയുണ്ടെന്നാണ് സ്റ്റോറിലെ ജീവനക്കാര്‍ പറയുന്നത്. ഈ അപൂര്‍വ്വ ഇരട്ടത്തലയന്‍ പാമ്പിന്‍ കുഞ്ഞിന്റെ ദൃശ്യങ്ങളും അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. വെസ്റ്റേണ്‍ ഹോഗ്‌നോസ് ഇനത്തില്‍ പെട്ട ഈ പാമ്പിന്‍ കുഞ്ഞ് കഴിഞ്ഞ മാസമാണ് മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയത്. എക്സെറ്ററിലെ എക്സെറ്റര്‍ എക്സോട്ടിക്സ് എന്ന ഉരഗ വളര്‍ത്ത് മൃഗ സ്റ്റോറിലാണ് ഈ അപൂര്‍വ്വ സംഭവം.
എക്സെറ്റര്‍ എക്സോട്ടിക്‌സ് പെറ്റ് സ്റ്റോര്‍ തന്നെയാണ് ഈ അപൂര്‍വ ജനനത്തെക്കുറിച്ച് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. പാശ്ചാത്യ ഹോഗ്നോസ് ഇനത്തില്‍പ്പെട്ട പാമ്പാണ് ഇതൊന്നും യാതൊരു വിധത്തിലുള്ള അപകടങ്ങളും കൂടാതെയായിരുന്നു ഈ പാമ്പിന്‍ കുഞ്ഞിന്റെ ജനനമെന്നും പോസ്റ്റില്‍ പറയുന്നു. കൂടാതെ ജനന ശേഷം അതിന്റെ പുറംതൊലി അനായാസം ഉരിഞ്ഞ് പോയതായും ശരീരത്തില്‍ മറ്റ് മുറിവുകള്‍ ഒന്നുമില്ലെന്നും അവര്‍ എഴുതി. വാലിന്റെ അഗ്രഭാഗം മാത്രം ചുരുണ്ടാണിരിക്കുന്നതെന്നും എന്നാല്‍ അത് അതിന്റെ സ്വാഭാവിക ചലനത്തെ തടസ്സപ്പെടുത്തുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.