ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) ബസ് കണ്ടക്ടര്‍ തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത് യുവതി. ധരിച്ചിട്ടുള്ള പച്ചത്തൊപ്പി മതപരമായതാണെന്ന് ആരോപിച്ചാണു കണ്ടക്ടറോടു യുവതി തര്‍ക്കിക്കുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
സര്‍ക്കാര്‍ ജോലിയുടെ ഭാഗമായുള്ള യൂണിഫോമിന്റെ കൂടെ ഇത്തരം തൊപ്പി ധരിക്കരുതെന്നു യുവതി ആവര്‍ത്തിക്കുന്നതു വിഡിയോയില്‍ കേള്‍ക്കാം. പ്രചരിക്കുന്ന വിഡിയോയില്‍ കണ്ടക്ടറുടെ മുഖം മാത്രമേയുള്ളൂ, യുവതിയെ കാണാനില്ല. സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍, മതാനുഷ്ഠാനങ്ങള്‍ വീട്ടില്‍ മതിയെന്നും പൊതുസ്ഥലത്തു പാടില്ലെന്നും യുവതി കര്‍ക്കശമായി പറയുന്നുണ്ട്.
”ഞാന്‍ വര്‍ഷങ്ങളായി ഇതേ തൊപ്പി ധരിക്കാറുണ്ട്” എന്നു കണ്ടക്ടര്‍ മര്യാദയോടെ മറുപടി പറയുന്നുണ്ടെങ്കിലും യുവതി ദേഷ്യത്തില്‍ തന്നെയായിരുന്നു. തര്‍ക്കം നീണ്ടപ്പോള്‍ കണ്ടക്ടര്‍ തൊപ്പി തലയില്‍നിന്ന് ഊരിയെടുത്ത് പാന്റ്‌സിന്റെ പോക്കറ്റിലിടുന്നതും വിഡിയോയിലുണ്ട്.