ഖാങ്കി: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം കേട്ടിട്ടുണ്ട്, എന്നാല്‍ പൂച്ചയും ആയുധങ്ങളും മറ്റും വില്‍പ്പന നടത്തുന്ന ആപ്പില്‍ പെണ്‍കുട്ടി വില്‍പ്പനയ്ക്കുണ്ടെന്നു കാണുന്നത് ഞെട്ടിപ്പിക്കുന്നത് തന്നെ, കന്യകയും സുന്ദരിയുമായ പെണ്‍കുട്ടിയുടെ പരസ്യം എത്തിയത് ടെലിഗ്രാം ആപ്പിലായിരുന്നു.
12കാരിയായ പെണ്‍കുട്ടിയെയാണ് വില്‍പ്പനയ്‌ക്കെത്തിച്ചത്. 12,500 ഡോളര്‍ നല്‍കിയാല്‍ കുട്ടിയെ ലഭിക്കുമെന്നാണ് പരസ്യം. ഭാര്യയേയും മക്കളെയും ലൈംഗികാടിമകളായി പിടിച്ചുകൊണ്ടു പോകപ്പെട്ട ഇറാഖിലെ ന്യൂനപക്ഷമായ യസീദി സമൂഹത്തില്‍ നിന്നുള്ള ഒരാള്‍ അസോസിയേറ്റ് പ്രസിലേക്ക് ഷെയര്‍ ചെയ്യപ്പെട്ട പരസ്യത്തില്‍ ഒന്നാണ് ഇത്. അതിശക്തമായ ആക്രമണങ്ങളില്‍ കാല്‍ചുവട്ടിലെ മണ്ണ് പതിയെ ഒഴുകിപൊയ്ക്കൊണ്ടിരിക്കുകയാണെങ്കിലും തങ്ങള്‍ പിടിച്ചെടുത്ത ലൈംഗികാടിമകളെ കാല്‍ക്കീഴില്‍ സൂക്ഷിച്ച് തന്നെയാണ് ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നീങ്ങുന്നത്.
ഏകദേശം 3,000 ലധികം ലൈംഗികാടിമകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ചരിത്രാതീത കാലത്ത് മാത്രം കേട്ടു കേഴ്വിയുള്ള ലൈംഗികാടിമത്തവും വില്‍ക്കല്‍ വാങ്ങലും കാര്യക്ഷമമാക്കാന്‍ ഐഎസ് തീവ്രവാദികള്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളും സാമൂഹ്യ മാധ്യമങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇതിനായി ഇവര്‍ ഇരകളുടെ പേരും ഫോട്ടോഗ്രാഫുകളും ഉള്‍പ്പെടെയുള്ള വിശദമായ ഡേറ്റാബേസും സൂക്ഷിക്കുന്നതായി വിവരമുണ്ട്. ഐഎസ് ചെക്ക്പോസ്റ്റുകള്‍ വഴി ഇവര്‍ രക്ഷപ്പെടുന്നതിന് തടയുന്നതിന് വേണ്ടിയാണിത്. ലൈംഗികാടിമകളെ പണം കൊടുത്തു വാങ്ങി രക്ഷിക്കുന്ന കള്ളക്കടത്തുകാരെയും കൊന്നൊടുക്കിയിട്ടുണ്ട്.
2014 ആഗസ്റ്റ് മുതല്‍ ആയിരക്കണക്കിന് സ്ത്രീകളേയും കുട്ടികളേയുമാണ് ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇതിന് പിന്നാലെ കുര്‍ദിഷ് അറബ് കള്ളക്കടത്തുകാര്‍ മാസം 134 എന്ന കണക്കിന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ഐഎസ് ഇക്കാര്യം ട്രാക്ക് ചെയ്യാന്‍ തുടങ്ങിയതോടെ എണ്ണം വെറും 39 ആയി ചുരുങ്ങാനും തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ രക്ഷപ്പെടുത്തല്‍ കൂടുതല്‍ ദുഷ്‌ക്കരവും അപകടകരവുമായി മാറിയിട്ടുണ്ടെന്ന് ജര്‍മ്മന്‍ ഇറാഖി സഹായ സംഘടനകളിലെ പ്രവര്‍ത്തകര്‍ പറയുന്നു. ഏത് പെണ്‍കുട്ടി പിടിയില്‍ നിന്നും രക്ഷപ്പെട്ടാലും അവര്‍ ഐഎസ് ചെക്ക് പോയിന്റുകളില്‍ പരിശോധിക്കശപ്പടും.
ഉടമയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ആണെങ്കില്‍ അതിനെ തിരിച്ചറിയപ്പെടുകയും ചെയ്യും. ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നിയന്ത്രണത്തില്‍ നിന്നും കള്ളക്കടത്തുകാര്‍ക്കൊപ്പം രക്ഷപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് തലയില്‍ 48 ബുള്ളറ്റുകള്‍ കയറിയ നിലയില്‍ കണ്ടെത്തിയിരുന്നു. പിടിയിലുള്ളവരുടെ വിവരങ്ങള്‍ സംബന്ധിച്ച ഡേറ്റാബേസ് സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴിയാണ് കൈമാറുന്നത്.
ലൈംഗികാടിമകള്‍ രക്ഷപ്പെട്ട ഒരു സംഭവത്തില്‍ നാലു പ്രാവശ്യം ശ്രമം നടത്തിയ ശേഷം മാര്‍ച്ചിലാണ് ലാമിയ എന്ന പെണ്‍കുട്ടിക്ക് ഐഎസ് നിയന്ത്രിത മേഖലയില്‍ നിന്നും സര്‍ക്കാര്‍ അധീന പ്രദേശത്ത് കടക്കാനായത്. എന്നാല്‍ ഇവര്‍ക്കൊപ്പം രക്ഷപ്പെട്ട എട്ടു വയസ്സുകാരി അല്‍മാസും 20 കാരി കാതറീനും മൈന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടാനായിരുന്നു വിധി. സ്ഫോടനം ലാമിയയുടെ വലം കണ്ണ് തകര്‍ത്തു. മുഖം വടുക്കള്‍ കൊണ്ട് വികൃതമാകുകയും ചെയ്തു. ഒരു കള്ളക്കടത്തുകാരനായിരുന്നു ലാമിയയെ രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടാനായതില്‍ ദൈവത്തിന് നന്ദി പറഞ്ഞ 18 കാരി ലാമിയ ഒരു പക്ഷേ തന്റെ രണ്ടു കണ്ണും നഷ്ടപ്പെട്ടിരുന്നെങ്കില്‍ ഈ രക്ഷപ്പെടാന്‍ വ്യര്‍ത്ഥമായേനെ എന്നാണ് വടക്കാന്‍ ഇറാക്കിലെ ബാദ്രേയില്‍ അമ്മാവന്റെ വീട്ടിലിരുന്നു പറഞ്ഞത്. യുദ്ധത്തിന് മുമ്പ് അഞ്ച് ലക്ഷമായിരുന്നു യസീദികളുടെ കണക്കെങ്കില്‍ ഇപ്പോള്‍ എത്രയാണ് എന്ന് പോലും അറിയില്ല. പെണ്‍കുട്ടികളെ വില്‍പ്പന നടത്താന്‍ അനേകം പരസ്യങ്ങളാണ് ടെലിഗ്രാം, വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ വരുന്നത്. 12 വയസ്സിന് താഴേയ്ക്കുള്ളവര്‍ക്കാണ് ഉയര്‍ന്ന വില. മൂന്നും ഏഴും വയസ്സുകളുള്ള രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിക്ക് 3,700 ഡോളറായിരുന്നു വില. ഇവരുടെ ഉടമ വില്‍ക്കാന്‍ പരസ്യം നല്‍കിയത് ഇവരുടെ ഫോട്ടോയോടൊപ്പമായിരുന്നു.
ഓരോ ലൈംഗിക അടിമകളുടെയും വിവരങ്ങള്‍ ഐഎസ് എല്ലാ കേന്ദ്രങ്ങളിലും സൂക്ഷിച്ചിട്ടുണ്ട്. ആരെങ്കിലും രക്ഷപെടുന്നത് ഒഴിവാക്കാനാണ് ഇത്. എല്ലാ മേഖലകളിലുള്ള തീവ്രവാദികള്‍ക്കും ലൈംഗിക അടിമകളെ തിരിച്ചറിയാമെന്ന് രക്ഷപെട്ടെനത്തുന്ന ചില പെണ്‍കുട്ടികള്‍ പറയുന്നു.സൊറോസ്ട്രിയന്‍, ക്രിസ്ത്യന്‍, ഇസ്ലാം വിശ്വാസങ്ങളെയും സംസ്‌കാരത്തെയും ഒരുമിച്ച് ഉള്‍ക്കൊള്ളുന്ന വിഭാഗമാണ് യസീദികള്‍. പുരാതന പേര്‍ഷ്യന്‍ സംസ്‌കാരവും ഇവര്‍ ഉള്‍ക്കൊള്ളുന്നു. ഈ മേഖലയിലെ ന്യൂനപക്ഷമായ യസീദികളെ ശത്രുക്കളായാണ് ഇസ്ലാമിക് സ്റ്റേറ്റ് കാണുന്നത്. അതുകൊണ്ടുതന്നെ യസീദികളുടെ കുടുംബങ്ങളില്‍ ആയുധങ്ങളുമായി ആക്രമണം നടത്തി പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ പതിവാണ്