സ്വന്തം ലേഖകൻ
കൊല്ലം: വിവാഹത്തിന് മുൻപ് തന്നെ കിരൺ വിസ്മയയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ സജിത വി നായർ.വിവാഹ നിശ്ചയത്തിന് ശേഷം സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോട് സംസാരിക്കുന്നെന്നും പറഞ്ഞാണ് കിരൺ വിസ്മയയെ മർദ്ദിച്ചിരുന്നത്.
വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം വിസ്മയയെ ഉപദ്രവിച്ചു. തന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി അവളുടെ വിഷമങ്ങൾ കൂട്ടുകാരികളോടാണ് അടുത്തിടെയായി കൂടുതലായി പറഞ്ഞിരുന്നത്.
താനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി അവൾ പറഞ്ഞിട്ടുണ്ട്. ജീവിക്കണമെങ്കിൽ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി. വിവാഹത്തിന് ശേഷം കാറിന് മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാർ വേണമെന്നും പറഞ്ഞ് വീട്ടിൽ വന്നു വഴക്കുണ്ടാക്കി. അന്ന് വിസ്മയയുടെ അച്ഛനെ അസഭ്യം പറയുകയും വിവാഹത്തിന് ഞങ്ങൾ അണിയിച്ച മാല കിരൺ ഊരി എറിഞ്ഞിരുന്നു.
അന്ന് വിസ്മയയെയും സഹോദരൻ വിജിത്തിനെയും മർദിച്ചു. നാട്ടുകാർ കൂടിയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴിയിൽ വച്ച് പിടികൂടി. മദ്യലഹരിയിൽ അന്നു പൊലീസിനെയും ആക്രമിച്ചിരുന്നു.
ഇനി ഭർതൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹ മോചനം തേടാമെന്നും വിസ്മയ അന്ന് തീരുമാനിച്ചതാണ്. ഇതിനായി മാർച്ച് 25ന് സമുദായനേതാക്കൾ ഇടപെട്ട് ചർച്ച നിശ്ചയിച്ചു. ഇതറിഞ്ഞ് കിരൺ വിസ്മയയെ വീണ്ടും ഫോൺ ചെയ്തു തുടങ്ങി.
തന്റെ ജന്മദിനത്തിന് മുൻപായി വീട്ടിൽ തിരിച്ചു വന്നില്ലെങ്കിൽ ഇനി ഒരിക്കലും വരേണ്ടെന്നു കിരൺ പറഞ്ഞു. അങ്ങനെയാണ് പരീക്ഷയ്ക്കായി കോളജിൽ പോയ വിസ്മയ, കിരൺ അവിടെ ചെന്നു വിളിച്ചപ്പോൾ ഒപ്പം പോവുകയായിരുന്നു.