സ്വന്തം ലേഖകൻ
കൊല്ലം: വിസ്മയയെ താൻ കൊലപ്പെടുത്തിയല്ല അവൾ തൂങ്ങി മരിച്ചതാണെന്ന് ആവർത്തിച്ച് ഭർത്താവ് കിരൺ കുമാർ.എന്നാൽ വിവാഹത്തിന് ശേഷം വിസ്മയയെ ക്രൂരമായി മർദിച്ചുവെന്ന് കിരൺ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
എന്നാൽ ആത്മഹത്യ ചെയ്ത വിസ്മയയെ വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ച ശേഷം പെൺകുട്ടിയുടെ ബന്ധുക്കളെ ഭയന്നാണ് അവിടെ നിന്നു കടന്നു കളഞ്ഞതെന്ന് കിരൺ പറയുന്നത്. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് കിരൺ പറയുമ്പോഴും ഏറെ നേരം വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടവ്വലുമായി പെൺകുട്ടി പോയത് കണ്ടോ എന്ന പൊലീസിന്റെ ചോദ്യത്തിനും കിരണിന് മറുപടിയില്ല.
പുലർച്ചെ മൂന്നരയ്ക്ക് വിസ്മയയും കിരണും തമ്മിൽ വഴക്കുണ്ടായപ്പോൾ മാതാപിതാക്കൾ ഇടപ്പെട്ടിരുന്നു. ദിവസം താൻ ഭാര്യയെ മർദിച്ചിട്ടില്ലെന്നും കിരൺ പറയുന്നു.
മൊബൈൽ ഫോൺ അമിതമായി വിസ്മയ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരിൽ മൂന്ന് ഫോണുകൾ തല്ലി തകർത്തു. എന്നാൽ പിന്നീട് ഫോൺ വാങ്ങി നൽകുകയും ചെയ്തുവെന്നാണ് കിരണിന്റെ മൊഴി.
എന്നാൽ തനിക്ക് കൂടുതൽ എതിർപ്പുണ്ടായിരുന്നത് വിസ്മയയുടെ കുടുംബത്തോടാണ്. കാറിന്റെ കാര്യത്തിൽ ഉൾപ്പെടെ കുടുംബം പല കാര്യങ്ങളിലും വിശ്വാസ വഞ്ചന കാട്ടിയെന്നും കിരൺ പറയുന്നു.
തന്റെ എതിർപ്പ് അവഗണിച്ച് വിസ്മയ സ്വന്തം കുടുംബത്തോട് അടുപ്പം കാണിച്ചതിൽ കടുത്ത അമർഷമുണ്ടായിരുന്നു. ഇതാണ് പലപ്പോഴും മർദനത്തിൽ കലാശിച്ചത്.വിസ്മയയുടെ ബന്ധുക്കൾ അധിക്ഷേപിച്ച് സംസാരിച്ചത് കൊണ്ടാണ് ജനുവരി രണ്ടിന് പെൺകുട്ടിയുടെ വീടിന് മുൻപിൽ സംഘർഷമുണ്ടാക്കേണ്ടി വന്നത് എന്നും കിരൺ പോലീസിന്റെ ചോദ്യം ചെയ്യലിന് മറുപടി നൽകി.