തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയോഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ കോടതിയില്‍ ഹാജരായത് സര്‍ക്കാരിന് തലവേദനയാകുന്നു. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു തുടങ്ങി. എംകെ ദാമോദരന്റെ നടപടി അനൗചിത്യമാണെന്നും മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനത്തിരുന്ന് ഹജരായത് ശരിയായ നടപടിയല്ലെന്നും വിഎം സുധീരന്‍ പറഞ്ഞു.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപാദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദത്തിലായിരുന്നു. എന്‍ഫൊഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഹാജരായത്. സാന്റിയാഗോ മാര്‍ട്ടിനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ലോട്ടറി നികുതി വെട്ടിപ്പുമായി നിരവധി കേസുകള്‍ നിലനില്‍ക്കെയാണ് എം കെ ദാമോദരന്‍ മാര്‍ട്ടിന് അനുകൂലമായി കോടതിയില്‍ വാദിച്ചത്.
അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് നടപടി തടയണമെന്നായിരുന്നു മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി. മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്കോടതി നിലപാടിനുമെതിരെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള റിവിഷന്‍ ഹര്‍ജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹാജരായത്. സിബിഐ നിലപാടറിയാന്‍ ഹര്‍ജി ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി.