ഷുഹൈബിന്റെ കൊലപാതകം : സിപിഎമ്മിന്റെ സമ്മര്‍ദങ്ങള്‍ക്ക് വിധേയരായി പ്രവര്‍ത്തിക്കുന്ന പോലീസില്‍ നിന്നും നീതി ലഭിക്കില്ല.മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷണം നടത്തണമെന്നും സുധീരൻ

കൊച്ചി:ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഷുഹൈബിനും തങ്ങളുടെ സര്‍വ്വസ്വമായ മകന്‍ നഷ്ടപ്പെട്ട കുടുംബത്തിനും നീതി ഉറപ്പാക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു കൊടുത്ത പരാതിയിൽ ആവശ്യപ്പെട്ടു.സമൂഹത്തിന് വളരെയേറെ പ്രയോജനകരമായി പ്രവര്‍ത്തിച്ച ഈ യുവാവിന്റെ ജീവിക്കാനുള്ള അവകാശമാണ് കൊടും കുറ്റവാളികളായ അക്രമികള്‍ ഇല്ലാതാക്കിയത് എന്ന് സുധീരന്റെ പരാതിയിൽ പറയുന്നു .മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലാണ് ഈ കൊലപാതകം നടന്നതെന്നും . ഷുഹൈബിന്റെ കാല്‍മുട്ടിന് താഴെ 37 വെട്ടുകളും കൈപ്പത്തിയില്‍ 4 വെട്ടുകളും ഉണ്ടായിരുന്നു എന്നും സുധീരൻ ചൂണ്ടിക്കാണിക്കുന്നു .കണ്ണൂര്‍ കേന്ദ്രമാക്കി രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും ഭയാനകമായ നിലയില്‍ വര്‍ദ്ധിച്ചു വരുന്ന ആശങ്കാജനകമായ സ്ഥിതിവിശേഷം ആണെന്നും സുധീരൻ പരാതിയിൽ എടുത്ത് പറയുന്നു . ഭരണകക്ഷിയായ സിപിഎമ്മിന്റെ സമ്മര്‍ദങ്ങള്‍ക്ക് വിധേയരായി പ്രവര്‍ത്തിക്കുന്ന പോലീസില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആയതിനാല്‍ ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷണം നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

പരാതിയുടെ പൂർണരൂപം :
ബഹു. ചെയര്‍മാന്‍,
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍,
ജീവിക്കാനുള്ള അവകാശമാണല്ലോ ഏറ്റവും വലിയ മനുഷ്യാവകാശം. അത് നിഷേധിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ എടയന്നൂരില്‍ എസ്.പി. ഷുഹൈബ് എന്ന യുവാവ്. അതിക്രൂരമായ നിലയിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരാണ് ഇതിന്റെ പിന്നിലുള്ളത്. കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് ഈ കൊലപാതകം.
നേരത്തെ തന്നെ ഷുഹൈബിന് വധഭീഷണിയുണ്ടായിരുന്നു. അദ്ദേഹത്തിന് നേരെ പരസ്യമായി കൊലവിളി നടത്തി കൊണ്ട് പ്രകടനം നടത്തിയതായി മാധ്യമ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലാണ് ഈ കൊലപാതകം. ഷുഹൈബിന്റെ കാല്‍മുട്ടിന് താഴെ 37 വെട്ടുകളും കൈപ്പത്തിയില്‍ 4 വെട്ടുകളും ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. ബോംബേറ് നടത്തി പരിഭ്രാന്തി പരത്തിയിട്ടാണ് കൊലയാളികള്‍ ഇതെല്ലാം ചെയ്തത്.
ഉപ്പ, ഉമ്മ, മൂന്ന് സഹോദരികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബമാണ് ഷുഹൈബിന്റേത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഷുഹൈബ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒപ്പം കഴിയാനാണ് തിരിച്ചെത്തിയത്. യൂത്ത് കോണ്‍ഗ്രസ്-കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത് നിസ്വാര്‍ത്ഥ പ്രവര്‍ത്തകനായ ഷുഹൈബ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റു സാമൂഹ്യ-സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനുമായിരുന്നു.
സമൂഹത്തിന് വളരെയേറെ പ്രയോജനകരമായി പ്രവര്‍ത്തിച്ച ഈ യുവാവിന്റെ ജീവിക്കാനുള്ള അവകാശമാണ് കൊടും കുറ്റവാളികളായ അക്രമികള്‍ ഇല്ലാതാക്കിയത്.
ഈ ക്രൂരസംഭവത്തില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റെത്. നേരത്തെ തന്നെ ഷുഹൈബിന് നേരെ വധഭീഷണി ഉണ്ടായിട്ടും യാതൊരുവിധ മുന്‍കരുതലും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. സംഭവം നടന്നതിന് ശേഷവും കുറ്റകരമായ വീഴ്ചയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. പോലീസ് അന്വേഷണത്തെ കുറിച്ച് ശക്തമായ പരാതിയും പ്രതിഷേധവുമാണുള്ളത്.
ഭരണകക്ഷിയായ സിപിഎമ്മിന്റെ സമ്മര്‍ദങ്ങള്‍ക്ക് വിധേയരായി പ്രവര്‍ത്തിക്കുന്ന പോലീസില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആയതിനാല്‍ ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെട്ട് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഷുഹൈബിനും തങ്ങളുടെ സര്‍വ്വസ്വമായ മകന്‍ നഷ്ടപ്പെട്ട കുടുംബത്തിനും നീതി ഉറപ്പാക്കണമെന്ന് താല്‍പര്യപ്പെടുന്നു. യുവാവായ ഷുഹൈബിന്റെ കുടുംബത്തിന് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് കഴിയാവുന്ന നിലയില്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ഉചിതമായ നടപടികള്‍ ബഹു. കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് എന്റെ അപേക്ഷ.
കണ്ണൂര്‍ കേന്ദ്രമാക്കി രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും ഭയാനകമായ നിലയില്‍ വര്‍ദ്ധിച്ചു വരുന്ന ആശങ്കാജനകമായ സ്ഥിതിവിശേഷം കൂടി ഇതോടൊപ്പം ബഹു.കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തുന്നു.
നീതിപൂര്‍വവും നിഷ്പക്ഷവുമായ നിലയില്‍ പോലീസിന്റെ ഭാഗത്തുനിന്നും യഥാസമയം നടപടികള്‍ ഉണ്ടാകാത്തതാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. ബോംബ് നിര്‍മാണവും ആയുധശേഖരവും കണ്ടെത്തുന്നതിലും ആവശ്യമായ മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലും പോലീസ് സംവിധാനം തികച്ചും പരാജയപ്പെട്ടിരിക്കുകയാണ്.
‘ബദല്‍ പ്രതികളെ’ഹാജരാക്കി യഥാര്‍ത്ഥ കുറ്റവാളികളെ നിയമ നടപടികളില്‍ നിന്നും രക്ഷിച്ചെടുക്കുന്നതിനുള്ള രാഷ്ട്രീയ സംവിധാനം നിലനില്‍ക്കുന്നതായി ആക്ഷേപമുണ്ട്. അണികളെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന മേല്‍തട്ടിലുള്ള രാഷ്ട്രീയ നേതാക്കള്‍ നിയമത്തിന്റെ പിടിയില്‍ വരുന്നില്ല.
ഗൂഢാലോചന നടത്തി കുറ്റകൃത്യങ്ങള്‍ക്കും എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിനും അണികളെ പ്രേരിപ്പിക്കുന്ന പ്രാമാണികരായ നേതാക്കള്‍ രക്ഷപ്പെടുന്ന വ്യവസ്ഥിതിയാണ് അവിടെ നിലനില്‍ക്കുന്നത്. ഇതാണ് അക്രമങ്ങളും കൊലപാതകങ്ങളും കൂടി വരാന്‍ കാരണം.
ഈ ചോരക്കളിയുടെ പിന്നിലെ രക്തദാഹികളായ നേതാക്കള്‍ കൂടി നിയമപരമായി ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ ജനങ്ങള്‍ക്ക് സമാധാന ജീവിതം വീണ്ടെടുക്കാനാകൂ.
ഷുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയ ഭീകര സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തിക്കുന്നതോടൊപ്പം തന്നെ ഈ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച കൃത്യമായ അന്വേഷണവും നിരീക്ഷണവും നടത്തി യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്ന സ്ഥിതിവിശേഷത്തിന് വഴിയൊരുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ആദരവോടെ,
വി എം സുധീരന്‍

Top