തിരുവനന്തപുരം:കോണ്‍ഗ്രസില്‍ വി.എം സുധീരന്‍ അതിശക്തനാകുന്നു.നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു മാസം ബാക്കി നില്‍ക്കെ സീറ്റ് മോഹികളായ നേതാക്കന്‍മാര്‍ എ, ഐ ഗ്രൂപ്പുകള്‍ വിട്ട് ഇപ്പോള്‍ സുധീരപക്ഷത്തേക്ക് ചേക്കേറാന്‍ മത്സരിക്കുകയാണ്.പഴയ എ’ഗ്രൂപ്പുകാരന്‍ ആയിരുന്ന സുധീരനുമായി അടുത്തിടപെടുന്ന പഴയ നേതാക്കളില്‍ പലരും സുധീരപക്ഷ്ത്ത് എത്തിയിര്ക്കയാണ്. ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിനെതിരെ സ്വന്തം ഗ്രൂപ്പുണ്ടാക്കി തിരിച്ചടി നല്‍കുകയാണ് വി.എം സുധീരന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും വിശ്വസ്തരെ ഒപ്പം കൂട്ടി പുനസംഘടനയില്‍ എല്ലാ ജില്ലകളിലും സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നവര്‍ക്ക് പ്രാതിനിധ്യം നല്‍കി പാര്‍ട്ടിയില്‍ സുധീരന്‍ ഗ്രൂപ്പെന്ന പുതിയ ചേരിക്ക് തുടക്കമിട്ടിരിക്കുകയാണ് സുധീരന്‍.ഇനി ഗ്രൂപ്പ് നോമിനികളായ കെ.പി.സി.സി ഭാരവാഹികളെ ഉപയോഗിച്ച് സുധീരനെ നിശബ്ദനാക്കാന്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും കഴിയില്ല. കെ.പി.സി.സി ഭാരവാഹികളില്‍ എ ഗ്രൂപ്പിനു വേണ്ടി എം.എം ഹസ്സനും ഐ ഗ്രൂപ്പിനായി ജോസഫ് വാഴക്കനും മാത്രമാണിപ്പോള്‍ സുധീരനെതിരെ ശക്തമായ നിലപാടെടുക്കുന്നത്. മറ്റു ഗ്രൂപ്പുഭാരവാഹികളെല്ലാം സുധീരനുമായി രമ്യതയിലാണ്.
ജില്ലാ തലങ്ങളിലും കോണ്‍ഗ്രസിലെ പരമ്പരാഗത എ. ഐ ഗ്രൂപ്പുകള്‍ക്കു പുറമെ സുധീരന്‍ ഗ്രൂപ്പുകൂടി ഉദയം ചെയ്തതോടെ സാധാരണ പ്രവര്‍ത്തകര്‍ സുധീരനൊപ്പം നില്‍ക്കുകയാണ്. ഗ്രൂപ്പു നേതാക്കള്‍ നിര്‍ദ്ദേശിക്കാതെ കോണ്‍ഗ്രസ് ഡി.സി.സി ഭാരവാഹിയാവില്ല എന്ന കീഴ്‌വഴക്കമാണ് സുധീരന്‍ തിരുത്തിക്കുറിച്ചത്. ഇതോടെ സുധീരനൊപ്പം നില്‍ക്കുന്നവര്‍ക്ക് പാര്‍ട്ടി ഭാരവാഹിത്വവും സംരക്ഷണവും ലഭിക്കുമെന്ന വ്യക്തമായ സന്ദേശമാണ് സുധീരന്‍ അണികള്‍ക്കു നല്‍കിയത്. ഇതോടെ ജില്ലകളിലെ ഗ്രൂപ്പ് ശാക്തികചേരികളിലും വിള്ളലുണ്ടായി.
പ്രമുഖ എ ഗ്രൂപ്പ് നേതാവ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ മലപ്പുറത്ത് ആര്യാടനും ഐ ഗ്രൂപ്പ് നേതാവ് മന്ത്രി അനില്‍കുമാറും അറിയാതെ മൂന്നു ഡി.സി.സി ഭാരവാഹികളെയാണ് സുധീരന്‍ നിയമിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും ശക്തനായ എ ഗ്രൂപ്പ് വക്താവുമായിരുന്ന കെ.പി.സി.സി സെക്രട്ടറി വി.വി പ്രകാശും സുധീരന്‍ ഗ്രൂപ്പിലേക്കു ചേക്കേറി.
എല്ലാ ജില്ലകളിലും ഇത്തരത്തിലും ഡി.സി.സി പുനസംഘടനാ സമിതികള്‍ അറിയാത്തവരെ സുധീരന്‍ ഭാരവാഹികളാക്കിയിട്ടുണ്ട്. ഇതോടെയാണ് പലയിടത്തും ജംബോ ഭാരവാഹിപട്ടികയായി മാറിയത്.
കേരളത്തിലെ കോണ്‍ഗ്രസില്‍ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പും കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പുമായിരുന്നു പരമ്പരാഗത ഗ്രൂപ്പുകള്‍. കരുണാകരന്‍ മകന്‍ കെ. മുരളീധരനെ രാഷ്ട്രീയത്തിലിറക്കിയതോടെ കരുണാകരന്റെ വിശ്വസ്തരായിരുന്ന രമേശ് ചെന്നിത്തലയും ജി. കാര്‍ത്തികേയനും എം.ഐ ഷാനവാസും തിരുത്തല്‍വാദികളായി മൂന്നാം ഗ്രൂപ്പായി. കരുണാകരനൊപ്പം നിന്നിരുന്ന വയലാര്‍ രവി നാലാം ഗ്രൂപ്പിനു രൂപം നല്‍കി. കരുണാകരനും മുരളീധരനും കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചതോടെ ഐ ഗ്രൂപ്പ് രമേശ് ചെന്നിത്തല പിടിച്ചടക്കി. വിശാല ഐ ഗ്രൂപ്പെന്ന പേരില്‍ വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പിനെയും ഒപ്പം കൂട്ടുകയായിരുന്നു.
എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം വിട്ട് കേന്ദ്ര മന്ത്രിയായി പോയതോടെ എ ഗ്രൂപ്പ് നേതൃത്വം ഉമ്മന്‍ചാണ്ടിയുടെ പക്കലായി. ആന്റണിയുടെ വിശ്വസ്തനായ വി.എം സുധീരന് ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പില്‍ ഇടമില്ലാതായി. എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചെതിര്‍ത്തിട്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നോമിനിയായാണ് സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായത്. തുടക്കത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ പൊരുതി പരാജയപ്പെട്ട സുധീരന്‍ ഇപ്പോള്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കിയാണ് തിരിച്ചടിക്കുന്നത്.
സതീശന്‍ പാച്ചേനി’എ’ ഗ്രൂപ്പില്‍ നിന്നു പുറത്തേയ്ക്ക്. കോണ്‍ഗ്രസിലെ വിഎസ് ആകാന്‍ ശ്രമമെന്നും ആരോപണം
സുധീരന്‍ പാര്‍ട്ടിയില്‍ കരുത്തനായി മാറുന്നതിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഇമേജ് മുന്‍നിര്‍ത്തി സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്റ് പ്രഖ്യപിക്കുമോയെന്ന പരിഭ്രാന്തിയിലാണ് ഇരു നേതാക്കളും.
ഇടതുപക്ഷത്ത് വിഎസും പിണറായിയും മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായ സ്ഥിതിക്ക് സുധീരനെ മുന്‍നിര്‍ത്തി മുന്നോട്ടു പോയാല്‍ വീണ്ടും ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ രാഹുല്‍ മനസ് തുറന്നാല്‍ സുധിരപക്ഷത്തേക്ക് ഗ്രൂപ്പ് നേതാക്കളുടെ കുത്തൊഴുക്കുണ്ടാകുമെന്ന കാര്യവും ഉറപ്പാണ്.
ഇടതുപക്ഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ഇടതുപക്ഷം വെട്ടിലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഡി.സി.സി പുനസംഘടന പൂര്‍ത്തിയാക്കണമെന്ന സുധീരന്റെ നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തള്ളിയതോടെ പുനസംഘടന നടത്താനാവാതെ നിസ്സഹായനാവുകയായിരുന്നു സുധീരന്‍.അതില്‍ മാറ്റം വരുത്തി വന്‍ തിരിച്ചുവരവും എല്ലാ ജില്ലയിലും വ്യക്തമായ ആധിപത്യം നേടാനും സുധീരനായി.