തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എല്ലാ സീറ്റിലും വിജയിക്കും: ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുലപ്പള്ളി രാമചന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.

വടകരയില്‍ ഞാന്‍ മത്സരിക്കാനില്ല, കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ക്ക് മത്സരിക്കാന്‍ തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും പാര്‍ട്ടി ആഗ്രഹിക്കുന്നതും അതാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല പ്രശ്‌നവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവികാരവും കോണ്‍ഗ്രസിനും യുഡിഎഫിനും നേട്ടമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന മുല്ലപ്പള്ളി ട്വന്റി20 കളിയിലെന്ന പോലെ മുഴുവന്‍ സീറ്റും യുഡിഎഫ് തൂത്തുവാരുമെന്നും പറയുന്നു. വടകരയില്‍ വീണ്ടും മത്സരിക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ല. അവിടെ പുതിയ സ്ഥാനാര്‍ത്ഥി വരും.പക്ഷേ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ക്ക് മത്സരിക്കാന്‍ തടസ്സമില്ല. ജയസാധ്യത മാത്രം പരി?ഗണിച്ചാവും സ്ഥാനാര്‍ഥിത്വമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളി പറയുന്നു.

മാരത്തണ്‍ ചര്‍ച്ചകളും അനിശ്ചിതത്വവുമില്ലാതെ ഫെബ്രുവരി 20- നുള്ളില്‍ സാധ്യതപട്ടിക ഹൈക്കമാന്‍ഡിന് കൈമാറുമെന്നും അത് പതിവ് ജംബോ പട്ടിക ആയിരിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറയുന്നു.

Top