പാലക്കാട്: മലമ്പുഴയില്‍ വിഎസ് വിജയം കൊയ്യുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. വി എസ് അച്യുതാനന്ദനെ അട്ടിമറിക്കാന്‍ വ്യവസായികളും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും മുന്നിലുണ്ട്. അതുകൊണ്ടു തന്നെ കരുതല്‍ വേണമെന്ന് സിപിഎം പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിട്ടുണ്ട്. മലമ്പുഴയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയിരുന്നു. സിപിഎമ്മിനോട് കരുതല്‍ വേണമെന്നാണ് യെച്ചൂരിയും പറഞ്ഞത്.
മലമ്പുഴയില്‍ വിഎസിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കാന്‍ പിണറായി വിജയന്‍ തന്നെ നേരിട്ട് എത്തിയിരുന്നു. എന്നിട്ടും മലമ്പുഴയില്‍ വെല്ലുവിളി സജീവമാണെന്നാണ് വിലയിരുത്തല്‍. പിഴവുകളില്ലാത്ത പ്രവര്‍ത്തനം കൂടിയേ തീരുവെന്ന് സീതാറാം യെച്ചൂരിയും സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട്ടെ പ്രസംഗത്തില്‍ യെച്ചൂരിയും ആശങ്ക പങ്കുവച്ചിരുന്നു. ബിജെപിയും കോണ്‍ഗ്രസും ചില ശക്തികളും മലമ്പുഴയില്‍ ഒരുമിക്കുന്നുവെന്ന വിമര്‍ശനമാണ് യെച്ചൂരി നടത്തിയത്. യുഡിഎഫിലെ ഒരു വിഭാഗം വിഎസിനെ തോല്‍പ്പിക്കാന്‍ സര്‍വ്വസന്നാഹങ്ങളുമായി മണ്ഡലത്തിലുണ്ട്. ഇവിടെ വെള്ളാപ്പള്ളിയെയും ബിജെപിയെയും കൂട്ടുപിടിച്ചാണ് വിഎസിനെ തോല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നത്.
ഇതിനായി പൊലീസിലെ ഒരു സെല്‍ തന്നെ പ്രവര്‍ത്തിക്കുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു. വി എസ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയാല്‍ പല ഉദ്യോഗസ്ഥര്‍ക്കും അത് തലവേദനയാണ്. ഈ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ തോല്‍വി ഉറപ്പാക്കാന്‍ പ്രത്യേക പൊലീസ് സെല്‍ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു വാര്‍ത്ത. നാല് ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് വിഎസിനെ തോല്‍പ്പിക്കാനുള്ള പൊലീസ് സെല്ലിന്റെ പ്രവര്‍ത്തമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവരെ സഹായിക്കാന്‍ ആറ് എസ്പിമാരും 12 ഡിവൈ.എസ്പിമാരും അടങ്ങുന്ന സംഘവുമുണ്ട്. സെല്ലിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ മന്ത്രിസഭയിലെ ഒരംഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലമ്പുഴയില്‍ അതുകൊണ്ട് തന്നെ മണ്ഡലത്തിലെ ഇടത് സ്വഭാവവും പ്രവര്‍ത്തനത്തിലെ കാര്യക്ഷമതയുടെ അനിവാര്യതയുമാണ് വി എസ് ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് അതിന്റേതായ നീതി ശാസ്ത്രമുണ്ടെന്നും അവിടെ അലംഭാവവും അലസതയും അമിത ആത്മവിശ്വാസവും പാടില്ലെന്നും പിണറായി. വി എസ്. അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പിണറായി കൂട്ടിച്ചേര്‍ത്തിരുന്നു. വിഎസിനെതിരെ ബാഹ്യശക്തികള്‍ സജീവമായുണ്ടെന്ന വിലയിരുത്തല്‍ മലമ്പുഴയിലെ പാര്‍ട്ടി നേതാക്കള്‍ക്കും നല്‍കി. ഇതേ സന്ദേശമാണ് യെച്ചുരിയും പാലക്കാട് നല്‍കിയത്. കോണ്‍ഗ്രസ്-ബിജെപി രഹസ്യ ബാന്ധവമാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്. പ്രാദേശിക നേതൃത്വത്തിലെ ചിലരാണ് വിഎസിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണ് സിപിഐ(എം) നേതൃത്വത്തിന്റെ നിഗമനം. ഇവര്‍ക്ക് ശക്തമായ താക്കീത് നല്‍കാനാണ് പിണറായി തന്നെ നേരിട്ടെത്തിയത്.
വിഎസിനെ ശത്രുസ്ഥാനത്ത് കാണുന്ന രണ്ട് വ്യവസായികളായ ചാക്ക് രാധാകൃഷ്ണനും ബോബി ചെമ്മണ്ണൂരും അദ്ദേഹത്തിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്ത നേരത്തെ മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലബാര്‍ സിമന്റിലെ തട്ടിപ്പുകള്‍ പുറത്തു കൊണ്ടു വരാന്‍ മുന്നില്‍ നിന്ന വിഎസിനോട് രാധാകൃഷ്ണനുള്ള സമീപനം രാഷ്ട്രീയ കേരളം പലതവണ ചര്‍ച്ച ചെയ്തതാണ്. പാലക്കാട് സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ പരസ്യം കൊടുക്കാന്‍ പോലും കഴിയുന്ന ബന്ധം രാധാകൃഷ്ണന് സിപിഎമ്മിലുണ്ട്. ഇതിനെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത വ്യക്തിയാണ് വി എസ്. ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പ് കഥകളും പുറം ലോകത്ത് എത്തിയതിന് പിന്നില്‍ വിഎസിന്റെ ഇടപെടലുകളുണ്ട്. കണ്‍റ്റോണ്‍മെന്റ് ഹൗസില്‍ തന്നെ കാണാനെത്തി ബോബി ചെമ്മൂണ്ണൂരിനെ തിരിച്ചയച്ചതും വലിയ പ്രാധാന്യം നേടിയിരുന്നു. ഈ രണ്ട് ശക്തികളുമാണ് മലമ്പുഴയില്‍ വിഎസിനെ വെട്ടി നിരത്താന്‍ ഒരുമിക്കുന്നത്. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ക്ക് ഒരു പിന്തുണയും നല്‍കില്ലെന്ന് ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം സിപിഐ(എം) ജില്ലാ നേതൃത്വത്തിനും അണികള്‍ക്കും സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട്. ഇതു മനസ്സിലാക്കിയാണ് ബോബി ചെമ്മണ്ണൂരിനെ കൂട്ടുപിടിച്ച് ചാക്ക് രാധാകൃഷ്ണന്റെ നീക്കമെന്നാണ് സൂചന.
മലമ്പുഴയില്‍ ഈഴവ വോട്ടുകള്‍ക്കൊപ്പം പ്രാധാന്യം തമിഴ് വോട്ടുകള്‍ക്കുമുണ്ട്. മൂന്നാറിലും മറ്റും സ്ത്രീ തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊണ്ട് വിഎസിനെ പാവപ്പെട്ട തമിഴ് തോട്ടം തൊഴിലാളികള്‍ തങ്ങളുടെ നേതാവിനെ പോലെയാണ് കാണുന്നത്. വിഎസിന് ഉറപ്പായും ലഭിക്കേണ്ട ഈ വോട്ടുകള്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം കാട്ടി എഐഎഡിഎംകെ പെട്ടിയിലെത്തിക്കാനാണ് നീക്കം. ബോബി ചെമ്മണ്ണൂരിന്റെ അറിവോടെ ചാക്ക് രാധാകൃഷ്ണനാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയെ മലമ്പുഴയില്‍ എത്തിച്ചതെന്നാണ് വി എസ് പക്ഷത്തിന്റെ നിഗമനം. വെള്ളാപ്പള്ളി നടേശനുമായും വി എസ് രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിലാണ്. മലമ്പുഴയില്‍ കൃഷ്ണകുമാറെന്ന ബിജെപി സ്ഥാനാര്‍ത്ഥിക്ക് എന്‍ഡിഎ ഘടകകക്ഷി കൂടിയായ വെള്ളാപ്പള്ളി വോട്ട് എത്തിക്കും. ഇതിനൊപ്പം തമിഴരെ കൂടെ വിഎസിന്റെ ക്യാമ്പില്‍ നിന്ന് അകറ്റിയാല്‍ പണി കൊടുക്കാമെന്നാണ് ചാക്ക് രാധാകൃഷ്ണനും സംഘവും കരുതുന്നതെന്ന് വി എസ് പക്ഷം വിലയിരുത്തുന്നു.
മുഖ്യമന്ത്രിയായിരിക്കെ വിഎസിന്റെ ഇടപെടലിലൂടെ ചില മുതലാളിമാരുടെ ഗൂഡനീക്കങ്ങള്‍ പൊളിഞ്ഞിരുന്നു. അതില്‍ പ്രധാനികളാണ് ചാക്ക് രാധാകൃഷ്ണനും ബോബി ചെമ്മണ്ണൂരും. ഇവര്‍ക്കൊപ്പം സാന്റിയാഗോ മാര്‍ട്ടിനെ പോലുള്ളവരുമുണ്ട്. ഇത്തരക്കാരെ എല്ലാം ഒരുമിപ്പിച്ച് വിഎസിനെ തോല്‍പ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി വിഎസിന്റെ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം പ്രചരണം കൊഴുപ്പിക്കാന്‍ പണം നല്‍കുകയാണ്. ഇതിലൂടെ ബിജെപിയുടെ മുഴുവന്‍ വോട്ടുകളും എന്‍ഡിഎയ്ക്ക് കിട്ടുന്നുവെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. പതിനായിരത്തോളം തമിഴ് വോട്ടര്‍മാരാണ് മലമ്പുഴയിലുള്ളത്. ഈ വോട്ടുകളില്‍ പകുതിയെങ്കിലും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയാല്‍ വി എസ് തോല്‍ക്കുമെന്നാണ് ചാക്ക് രാധാകൃഷ്ണന്റേയും കൂട്ടരുടേയും പദ്ധതി.