തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും തമ്മിലുള്ള വാക്ക് പോര് അവസാനിക്കുന്നില്ല. അഭിപ്രായ പ്രകടനം നടത്തിയും ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കിയും പരാമര്‍ശങ്ങള്‍ വിവാദമാകുകയാണ്. മുഖ്യമന്ത്രിക്കെതിരെ കേസുകളുണ്ടെന്ന അഭിപ്രായത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് വിഎസ് പറയുന്നത്.
കേസു കൊടുത്താലും അഭിപ്രായം മാറ്റില്ലെന്നാണ് വിഎസ് പറഞ്ഞിരിക്കുന്നത്. ബാര്‍ കോഴയും സോളാറും പാമൊലിനും ഉദാഹരണങ്ങളാണ്. അഴിമതിക്കാരെ പുറത്താക്കണമെന്ന നിലപാട് ഇനിയും തുടരും. ചാണ്ടിയെ ചാടിക്കണമെന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളതെന്നും വിഎസ് പറഞ്ഞു.
തനിക്കെതിരെയുള്ള നുണപ്രചരണം വി.എസ്. അച്യുതാനന്ദന്‍ നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്കെതിരെ 31 കേസുകള്‍ കോടതിയിലുണ്ടെന്ന് വിഎസ് പ്രചരിപ്പിക്കുന്നു. ഒരൊറ്റ കേസുപോലും ഇല്ലെന്നതാണ് വാസ്തവം. 18 മന്ത്രിമാര്‍ക്കെതിരെ 136 കേസുണ്ടെന്നതും പച്ചക്കള്ളം. വിഎസ് മാപ്പു പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കണ്ണൂരിലെ ധര്‍മടത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിഎസ് രൂക്ഷമായി വിമര്‍ശിച്ചത്. മന്ത്രിമാരും അവര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണവും പറഞ്ഞായിരുന്നു വിഎസിന്റെ ധര്‍മടത്തെ പ്രസംഗം.